Quantcast

ജാമ്യത്തിലിറങ്ങിയ അജ്‍മീര്‍ ദര്‍ഗ സ്ഫോടന കേസ് പ്രതിക്ക് ‘വീരോചിത’ വരവേല്‍പ്പ് നല്‍കി ബിജെപി

ഭാവേഷ് പട്ടേല്‍ എന്ന പ്രതിയെ ബിജെപി - വിഎച്ച്പി നേതാക്കളും അണികളും ചേര്‍ന്നാണ് വരവേറ്റത്.

MediaOne Logo

Web Desk

  • Published:

    5 Sep 2018 12:42 PM GMT

ജാമ്യത്തിലിറങ്ങിയ അജ്‍മീര്‍ ദര്‍ഗ സ്ഫോടന കേസ് പ്രതിക്ക് ‘വീരോചിത’ വരവേല്‍പ്പ് നല്‍കി ബിജെപി
X

2007ലെ അജ്മീർ ദർഗ സ്ഫോടനക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികളിലൊരാള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ലഭിച്ചത് ഊഷ്മള വരവേല്‍പ്പ്. ഭാവേഷ് പട്ടേല്‍ എന്ന പ്രതിയെ ബിജെപി - വിഎച്ച്പി നേതാക്കളും അണികളും ചേര്‍ന്നാണ് വരവേറ്റത്. ബറൂച്ചിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ ആള്‍ക്കൂട്ടം മാലയിട്ട് തോളിലേറ്റിയാണ് ഇയാളെ വീട്ടിലെത്തിച്ചത്.

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ 2017ലാണ് ഭാവേഷ് പട്ടേലിനും ദേവേന്ദ്ര ഗുപ്തയ്ക്കും ജയ്പൂര്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഭാവേഷ് പട്ടേലും ദേവേന്ദ്ര ഗുപ്തയും ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവർ ശിക്ഷിക്കപ്പെട്ടതെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് ഇരുവർക്കും കോടതി ജാമ്യം നല്‍കിയത്.

കാഷായ വസ്ത്രമണിഞ്ഞ് സ്വാമി മുക്താനന്ദ് എന്ന് സ്വയം വിളിക്കുന്ന ഭാവേഷിനെ പുഷ്പവൃഷ്ടി നടത്തി പടക്കം പൊട്ടിച്ചാണ് ബിജെപി നേതാക്കളും അണികളും വരവേറ്റത്. ജയിലിലായിരിക്കവേയാണ് ഭാവേഷ് സ്വാമി മുക്താനന്ദായത്. ബറൂച്ച് മുനിസിപ്പാലിറ്റി പ്രസിഡന്‍റ് സുർഭിബെൻ തമകുവാല, കൗൺസിലറായ മരുതിസിന്‍ഹ് അതോദാരിയ, വിഎച്ച്പിയുടെ വിരാൽ ദേശായ്, ആർഎസ്എസ് നേതാക്കൾ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story