വന്‍കിട കമ്പനികള്‍ക്ക് 58561 കോടി ‘കാര്‍ഷിക’ വായ്പ നല്‍കി ബാങ്കുകളുടെ തട്ടിപ്പ്

2016 ൽ ഇന്ത്യയിലെ സർക്കാർ ബാങ്കുകൾ 615 ബാങ്ക് അക്കൗണ്ടുകൾക്കായി കാർഷിക വായ്പയിനത്തിൽ നൽകിയത് 58,561 കോടി രൂപ. ഈയിനത്തിൽ ഓരോ ബാങ്ക് അക്കൗണ്ടുകൾക്കും ചുരുങ്ങിയത് 95 കോടി രൂപയുടെ വായ്പയാണ് ലഭിച്ചത് . ദ വയർ വെബ്സൈറ്റ് സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് മറുപടിയായി റിസർവ് ബാങ്കാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്.
സാധാരണ വായ്പയേക്കാൾ കുറഞ്ഞ പലിശക്ക് ലഭ്യമാകും എന്നതാണ് കാർഷിക വായ്പകളുടെ പ്രത്യേകത. മറ്റു വായ്പകൾ അനുവദിച്ചു കിട്ടാനുള്ള നിബന്ധനകളൊന്നും കാർഷിക വായ്പകൾക്ക് ഇല്ല എന്നതും അതിന്റെ പ്രത്യേകതയാണ്. ചെറുകിട കർഷകർക്കും താഴേക്കിടയിലുള്ളവർക്കും വായ്പ ലഭ്യമാക്കുന്നത് എളുപ്പമാക്കാൻ വേണ്ടിയാണ് നിബന്ധനകൾ എടുത്തു കളഞ്ഞത്. നിലവിൽ, കാർഷിക വായ്പകൾക്ക് 4% പലിശ മാത്രമാണ് ബാങ്കുകൾ ഈടാക്കുന്നത്.
"കാർഷിക വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന വലിയ കമ്പനികളൊക്കെ കാർഷിക വായ്പായിനത്തിലാണ് ബാങ്കുകളിൽ നിന്നും ലോൺ എടുക്കുന്നത്. റിലയൻസ് ഫ്രഷ് പോലോത്ത കമ്പനികളൊക്കെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. ഇത്തരം കമ്പനികൾ കാർഷിക ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതോടൊപ്പം ഗോഡൗണുകളുടെ നിർമ്മാണത്തിനും മറ്റുമൊക്കെയായി ബാങ്കുകളിൽ നിന്ന് കാർഷിക വായ്പകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്," കർഷക സംഘടനായ റിതു സ്വരാജ്യ വേദികയുടെ സ്ഥാപകൻ കിരൺ കുമാർ വിസ്സ പറയുന്നു.
രാജ്യത്തെ നിശ്ചിത സാമ്പത്തിക മേഖലകളുടെ ഉന്നമനത്തിനായി കൃഷി, ചെറുകിട വ്യവസായ സംരംഭങ്ങൾ, വിദ്യാഭ്യാസം, ഹൗസിങ്, ഊർജ്ജം എന്നീ മേഖലകളിലേക്ക് തങ്ങളുടെ വായ്പയുടെ ഒരു നിശ്ചിത ശതമാനം നൽകണമെന്ന് ബാങ്കുകൾക്ക് ആർ ബി ഐ നിർദേശം നൽകിയിട്ടുണ്ട്. പുതിയ നയം അനുസരിച്ച ബാങ്കുകൾ മൊത്തം വായ്പയുടെ 18 ശതമാനം കാര്ഷികയിനത്തിലാണ് നൽകേണ്ടത്. എന്നാൽ, കാർഷിക വായ്പയുടെ ഒരു വലിയ ശതമാനവും ബാങ്കുകൾ നൽകുന്നത് കോര്പറേറ്റുകൾക്കും വലിയ കമ്പനികൾക്കുമാണ്. അതിനാൽ, കർഷകർക്ക് അവ ലഭിക്കുന്നില്ല, കിരൺ കുമാർ പറഞ്ഞു.
Adjust Story Font
16

