Quantcast

കരിമ്പ് പ്രമേഹമുണ്ടാക്കും; മറ്റു വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകരോട് യോഗി ആദിത്യനാഥ്

കരിമ്പ് കര്‍ഷകര്‍ക്കുള്ള കുടിശിക എത്രയും വേഗം കൊടുത്ത് തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    12 Sept 2018 1:10 PM IST

കരിമ്പ് പ്രമേഹമുണ്ടാക്കും; മറ്റു വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകരോട് യോഗി ആദിത്യനാഥ്
X

കരിമ്പ് കര്‍ഷകരെ ഉപദേശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കരിമ്പുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ ഉപദേശം.

കരിമ്പ് അധികമായി കൃഷി ചെയ്യുന്നത് മൂലം കൂടുതല്‍ പഞ്ചസാര ഉത്പാദിക്കപ്പെടും. അപ്പോള്‍ പഞ്ചസാരയുടെ ഉപയോഗവും വര്‍ധിക്കും. ഇത് ജനങ്ങളില്‍ പ്രമേഹരോഗം കൂട്ടാന്‍ ഇടയാക്കും. അതുകൊണ്ട് കരിമ്പ് കൃഷി കുറച്ച്, മറ്റു പച്ചക്കറികള്‍ അടക്കമുള്ള വിളകള്‍ കൃഷി ചെയ്യണം. പച്ചക്കറികള്‍ക്ക് ഡല്‍ഹിയില്‍ വന്‍ വിപണിയാണുള്ളത്. നിലവില്‍ കര്‍ഷകര്‍ അമിതമായാണ് കരിമ്പ് കൃഷി ചെയ്യുന്നതെന്നും യോഗി പറഞ്ഞു. ഡല്‍ഹി - സഹരന്‍പൂര്‍ ദേശീയപാതയുടെ നിര്‍മാണോത്ഘാടനത്തോടനുബന്ധിച്ച് ബാഗ്പതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിമ്പ് കര്‍ഷകര്‍ക്കുള്ള കുടിശിക എത്രയും വേഗം കൊടുത്ത് തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഈ വര്‍ഷം കരിമ്പ് കര്‍ഷകര്‍ക്ക് 26,000 കോടി രൂപ നല്‍കിയിട്ടുണ്ട്. പതിനായിരം കോടി രൂപ കൂടി ഇനി നല്‍കാനുണ്ട്. പഞ്ചസാര ഫാക്ടറികള്‍ ഇത് ഉടന്‍ കൊടുത്ത് തീര്‍ക്കും. ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു.

കരിമ്പ്ചണ്ടിയില്‍ നിന്ന് കൂടുതല്‍ എഥനോള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും ഇത് ഇന്ധനമാക്കി മാറ്റാന്‍ കഴിയുമെന്നും യോഗി പറയുന്നു. ഇതുവഴി കൂടുതല്‍ വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കും. ഇതിനുള്ള സംവിധാനം ഉടന്‍ സജ്ജമാക്കും. കുടിശിക വിതരണം ചെയ്യാത്തതിനാല്‍ സംസ്ഥാനത്തെ കരിമ്പ് കര്‍ഷകര്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. സമീപകാലത്ത് കൈരാനയില്‍ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി ആര്‍.എല്‍.ഡി സ്ഥാനാര്‍ഥി വിജയിക്കാന്‍ കാരണവും കരിമ്പ് കര്‍ഷകരുടെ അസംതൃപ്തിയായിരുന്നു.

TAGS :

Next Story