Quantcast

ത്രിപുരയില്‍ 96 ശതമാനം സീറ്റുകളിലും ബി.ജെ.പിക്ക് എതിരില്ല; നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ സമ്മതിച്ചില്ലെന്ന് പ്രതിപക്ഷം

സി.പി.എം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ബി.ജെ.പി അക്രമം അഴിച്ചുവിടുകയാണെന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ സമ്മതിച്ചില്ലെന്നും പരാതി

MediaOne Logo

Web Desk

  • Published:

    18 Sept 2018 10:03 PM IST

ത്രിപുരയില്‍ 96 ശതമാനം സീറ്റുകളിലും ബി.ജെ.പിക്ക് എതിരില്ല; നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ സമ്മതിച്ചില്ലെന്ന് പ്രതിപക്ഷം
X

ത്രിപുരയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബി.ജെ.പിക്ക് എതിരില്ല. അതേസമയം സി.പി.എം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ബി.ജെ.പി അക്രമം അഴിച്ചുവിടുകയാണെന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ഓഫീസുകളില്‍ അക്രമങ്ങള്‍ നടന്നതായി തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി. കാമേശ്വര റാവു അറിയിച്ചു. തെരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍മാരെ കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. പൊലീസിനെ കുറിച്ചും പരാതികളൊന്നും കിട്ടിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം.

സെപ്തംബര്‍ 30നാണ് ത്രിപുരയില്‍ വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സെപ്തംബര്‍ 11 ആയിരുന്നു. ഗ്രാമപഞ്ചായത്തുകളിലെ 132 സീറ്റുകളില്‍ 296 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുക. 35 ബ്ലോക്കുകളില്‍ 8 സ്ഥലത്ത് മാത്രമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞതെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിജന്‍ ധാര്‍ പറഞ്ഞു. കോണ്‍ഗ്രസും ഐ.പി.എഫ്.ടിയും ഇതേ പരാതി ഉന്നയിച്ചു.

TAGS :

Next Story