Quantcast

ആൽവാർ മോഡൽ: പെഹ്‌ലു ഖാനെ അടിച്ചുകൊന്ന കേസിലെ കുറ്റവാളികളെ ഭരണകൂടം രക്ഷിച്ചെടുത്ത വിധം

MediaOne Logo

Web Desk

  • Published:

    1 Oct 2018 4:52 PM GMT

ആൽവാർ മോഡൽ: പെഹ്‌ലു ഖാനെ അടിച്ചുകൊന്ന കേസിലെ കുറ്റവാളികളെ ഭരണകൂടം രക്ഷിച്ചെടുത്ത വിധം
X

പശു ഭീകരർ ക്രൂരമായി അടിച്ചുകൊന്ന പെഹ്‌ലു ഖാന്റെ മക്കളായ ഇർഷാദ്, ആരിഫ് എന്നിവരുൾപ്പെടെ കേസിൽ പ്രധാന സാക്ഷികളായ നാലു പേർ ശനിയാഴ്ച ബെഹ്‌റോറിലെ കോടതിയിൽ ഹാജരാകാൻ വേണ്ടി കാറിൽ സഞ്ചരിക്കവേ അക്രമികൾ അവർക്ക് നേരെ വെടിയുതിർത്തു. നമ്പർ പ്ലേറ്റില്ലാത്ത കറുത്ത എസ്.യു.വി കാറിൽ വന്ന അജ്ഞാതരായ അക്രമികൾ വഴിയിൽ കുറെ ദൂരം ഇവരുടെ കാറിനെ പിന്തുടരുകയും അടുത്തെത്തി നിർത്താൻ ആവശ്യപ്പെടുകയും നിർത്താതിരുന്നപ്പോൾ കാറിനെ മറികടന്ന് വെടിയുതിർക്കുകയുമായിരുന്നു.

"ഞങ്ങൾ നീംരാണ കഴിഞ്ഞയുടനെ ഒരു കറുത്ത സ്കോർപിയോ ഞങ്ങളുടെ കാറിനെ പിന്തുടർന്ന് ഞങ്ങളോട് നിർത്താൻ ആവശ്യപ്പെട്ടു. ഞങ്ങൾ നിർത്താതിരുന്നപ്പോൾ അവർ വെടിയുതിർക്കാൻ തുടങ്ങി. ഞങ്ങൾ എങ്ങനെയോ രക്ഷപ്പെട്ട് മറ്റൊരു വഴിയിലൂടെ ആൽവാറിലെത്തി സംഭവത്തെകുറിച്ച് പരാതി നൽകി," സംഭവസമയത്ത് കാറിലുണ്ടായിരുന്ന സാക്ഷികളിൽ ഒരാളായ അസ്‌മത്ത് പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ക്ഷീര കർഷകനായ പെഹ്‌ലു ഖാനെയും അദ്ദേഹത്തിന്റെ രണ്ട് മക്കൾ ഉൾപ്പെടെ മറ്റു നാലു പേരെയും രാജസ്ഥാനിലെ ആൽവാറിലെ ബെഹ്‌റോറിൽ വെച്ച് പശു ഭീകരർ ആക്രമിച്ചു. ജയ്‌പൂരിലെ കാലിച്ചന്തയിൽ നിന്നും വാങ്ങിയ പശുക്കളെയുമായി ഹരിയാനയിലെ നൂഹിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവർ. പശുക്കടത്തുകാർ എന്ന് ആരോപിച്ച് അക്രമാസക്തരായ ആൾക്കൂട്ടം പെഹ്‌ലു ഖാനെയും കൂടെയുള്ളവരെയും 3 മണിക്കൂറോളം ക്രൂരമായി ആക്രമിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വെച്ച് പെഹ്‌ലു ഖാൻ മരണത്തിന് കീഴടങ്ങി

എന്നാൽ, ആൽവാർ പൊലീസിന് സംഭവത്തെകുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. "മാധ്യമങ്ങളിൽ വാർത്ത കണ്ടു എന്നല്ലാതെ ഇങ്ങനെയൊരു സംഭവത്തെകുറിച്ച് ഞങ്ങൾക്ക് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ തീർച്ചയായും അന്വേഷണം നടത്തും," അൽവാർ പൊലീസ് സൂപ്രണ്ട് രാജേന്ദ്ര സിങ് പറഞ്ഞു.

കഴിഞ്ഞ മാസം കേസിൽ വാദം കേൾക്കവേ കോടതി കുറ്റാരോപിതരായവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (ആക്രമിക്കൽ), സെക്ഷൻ 341 (നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ), സെക്ഷൻ 308 ( ശിക്ഷാർഹമായ നരഹത്യ), സെക്ഷൻ 302 (കൊലപാതകം) എന്നിവ ചുമത്തിയിരുന്നു. തുടർന്ന് പ്രതികൾക്കെതിരെയുള്ള കുറ്റം സ്ഥാപിക്കാൻ പ്രോസിക്യൂഷന് സാക്ഷികളെ കോടതിയിൽ ഹാജരാക്കേണ്ടി വന്നു. കേസിലെ നാലു സാക്ഷികളായ ഇർഷാദ്, ആരിഫ്, റാഫിക്ക്, അസ്‌മത്ത് എന്നിവരോട് സെപ്റ്റംബർ 29 ന് ഹാജരായി സാക്ഷിമൊഴികൾ സമർപ്പിക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

"സാക്ഷികൾ കോടതിയിൽ ഹാജരാകേണ്ടിയിരുന്നത് ഇന്നായിരുന്നു. എന്നാൽ, വഴിയിൽ വെച്ച് അവർ ആക്രമിക്കപ്പെട്ടു. സത്യം തുറന്ന് പറയാതിരിക്കാൻ അവരെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഈ നീചകൃത്യം അരങ്ങേറിയത്," പെഹ്‌ലു ഖാന്റെ മകന്റെ അഭിഭാഷകൻ കാസ്സിം ഖാൻ ശനിയാഴ്ച പറഞ്ഞു.

പെഹ്‌ലു ഖാന്റെ കൊലപാതകം

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ക്ഷീര കർഷകനായ പെഹ്‌ലു ഖാനെയും അദ്ദേഹത്തിന്റെ രണ്ട് മക്കൾ ഉൾപ്പെടെ മറ്റു നാലു പേരെയും രാജസ്ഥാനിലെ ആൽവാറിലെ ബെഹ്‌റോറിൽ വെച്ച് പശു ഭീകരർ ആക്രമിച്ചു. ജയ്‌പൂരിലെ കാലിച്ചന്തയിൽ നിന്നും വാങ്ങിയ പശുക്കളെയുമായി ഹരിയാനയിലെ നൂഹിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവർ. പശുക്കടത്തുകാർ എന്ന് ആരോപിച്ച് അക്രമാസക്തരായ ആൾക്കൂട്ടം പെഹ്‌ലു ഖാനെയും കൂടെയുള്ളവരെയും 3 മണിക്കൂറോളം ക്രൂരമായി ആക്രമിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വെച്ച് പെഹ്‌ലു ഖാൻ മരണത്തിന് കീഴടങ്ങി.

പെഹ്‌ലു ഖാന്റെ വൃദ്ധയായ മാതാവ്

മരിക്കുന്നതിന് മുമ്പ് തന്നെ ആക്രമിച്ച ആറു സംഘപരിവാർ ബന്ധമുള്ള സംഘടനാ പ്രവർത്തകരെ പെഹ്‌ലു ഖാൻ പൊലീസിന് നൽകിയ മരണമൊഴിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. "ബെഹ്‌റോർ മേൽപ്പാലത്തിൽ വെച്ച് ഇരുന്നൂറോളം പേർ വരുന്ന ഒരു ആൾക്കൂട്ടം ഞങ്ങളുടെ ലോറി തടഞ്ഞുനിർത്തുകയും ഞങ്ങളെ അസഭ്യം പറയുകയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. ആക്രമിക്കുന്ന സമയത്ത് അവർ ഓം യാദവ്, ജഗ്മൽ യാദവ്, ഹുകും ചന്ദ് യാദവ്, നവീൻ ശർമ്മ, സുധീർ യാദവ്, രാഹുൽ സെയ്നി എന്നിങ്ങനെ പരസ്പരം പേര് വിളിക്കുകയും തങ്ങൾ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗ് ദളിന്റെയും ആളുകളാണ് എന്ന് പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ബെഹ്‌റോറിലൂടെ പശുവുമായി പോകുന്നവരൊക്കെ ഇതുപോലെ അക്രമിക്കപ്പെടുമെന്നും അവർ പറയുന്നുണ്ടായിരുന്നു," പെഹ്‌ലു ഖാൻ മരണമൊഴിയിൽ പറഞ്ഞിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആറു പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പെഹ്‌ലു ഖാൻ മരണപ്പെട്ടതിന് ശേഷം ഇതിലേക്ക് കൊലപാതകം കൂടി കൂട്ടിച്ചേർത്തു. അഞ്ചു മാസങ്ങൾക്ക് ശേഷം, കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസി ഈ ആറു പേരും കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടില്ല എന്ന് പറയുകയും അവരെ കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ബെഹ്‌റോറിലെ കൈലാശ് ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന സമയത്താണ് പെഹ്‌ലു ഖാൻ പൊലീസിന് മൊഴി നൽകിയത്. കുറ്റപത്രത്തിൽ പറയുന്നത് പ്രകാരം ആശുപത്രിയിലെ ഒരു ഡോക്ടറായ അഖിലേഷ് സക്സേനയോടാണ് പൊലീസ് മൊഴിയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടത്. എന്നാൽ, ഒരു പ്രൈവറ്റ് ഡോക്ടറായ താൻ ക്രിമിനൽ കേസുകളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ് അയാൾ പിന്മാറുകയായിരുന്നു. പെഹ്‌ലു ഖാന്റെ മരണമൊഴി തെളിവുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷെ, അതിൽ ഒപ്പ് വെക്കാൻ ഡോക്ടർ തയ്യാറാവാതിരുന്നതിനാൽ അത് തെളിവായി പരിഗണിക്കപ്പെട്ടിട്ടുണ്ടാവില്ല എന്നാണ് പെഹ്‌ലു ഖാന്റെ കുടുംബത്തിന്റെ അഭിഭാഷകൻ പറയുന്നത്.

"മരണമൊഴിയിൽ ഡോക്ടറുടെയും ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെയോ അല്ലെങ്കിൽ സബ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെയോ ഒപ്പ് നിർബന്ധമാണ്. ഒപ്പ് ഇല്ലെങ്കിൽ മരണമൊഴി പോലും അസാധുവാകും. അതാണ് ഈ കേസിലും സംഭവിച്ചത്," രാജസ്ഥാൻ ഹൈകോടതിയിലെ അഭിഭാഷകൻ ആമിർ അസീസ് പറഞ്ഞു.

"ലോക്കൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ കേസ് പിന്നീട് കേന്ദ്ര അന്വേഷണ ഏജൻസി ഏറ്റെടുത്തു. ബെഹ്‌റോറിന് പുറത്ത് നിന്നുള്ളതും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്ത ഒരാൾക്ക് ആറു പേരുടെ പേര് കൃത്യമായി പറയാൻ സാധിക്കുക എന്നത് അസംഭവ്യമാണ് എന്നാണ് ഞങ്ങളുടെ നിലപാട്. പേര് പറഞ്ഞോ ഇല്ലേ എന്നത് വിഷയമല്ല, പക്ഷെ വിഡിയോയിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും വ്യക്തമായ ആളുകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്," അഡിഷണൽ ഡയറക്ടർ ജനറൽ ( ക്രൈം) പങ്കജ് സിങ് പറഞ്ഞു.

പെഹ്‌ലു ഖാന്റെ നൂഹിലുള്ള വീട്

സാക്ഷിമൊഴികളിലെ പൊലീസ് കൈകടത്തലുകൾ

സി.ആർ.പി.സി 161 പ്രകാരം പൊലീസ് രേഖപ്പെടുത്തിയ മറ്റു സാക്ഷികളുടെ മൊഴികളിൽ പെഹ്‌ലു ഖാൻ പറഞ്ഞ ആറു പ്രതികളുടെ പേരുകൾ പൊലീസ് സൂചിപ്പിച്ചതുപോലുമില്ല. കേസിനെ ദുർബ്ബലപ്പെടുത്താൻ വേണ്ടി പൊലീസ് അവരുടെ പേരുകൾ മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നു എന്നാണ് സാക്ഷികൾ ആരോപിക്കുന്നത്.

"ആകെ ഒരു തവണ മാത്രമാണ് പൊലീസ് സൂപ്രണ്ട് മൊഴിയെടുക്കാനായി ഞങ്ങളെ വിളിപ്പിച്ചത്. ഞങ്ങളെ ആക്രമിച്ച ആ ആറു പേരുടെയും മറ്റുള്ളവരുടെയും പേരുകൾ ഞങ്ങൾ മൊഴിയെടുക്കുന്ന സമയത്ത് പൊലീസിനോട് പറഞ്ഞിരുന്നു. ഞങ്ങൾ നിരക്ഷരരായതിനാൽ മൊഴിയിൽ അവർ എന്തൊക്കെയാണ് എഴുതിവെച്ചിരിക്കുന്നത് എന്നറിയില്ല. എന്നാൽ, പൊലീസ് കുറ്റാരോപിതരെ സഹായിക്കുകയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല," പെഹ്‌ലു ഖാന്റെ മകൻ ആരിഫ് പറയുന്നു.

"കേസിന്റെ വിചാരണക്ക് വേണ്ടി പോയപ്പോഴൊക്ക ഞങ്ങൾക്ക് ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്. സത്യം തുറന്ന്പറഞ്ഞാൽ കൊന്നുകളയുമെന്ന് ചിലയാളുകൾ ഞങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾക്ക് ലഭിച്ച ധനസഹായമെല്ലാം കേസിന്റെ നടത്തിപ്പിന് വേണ്ടി ചിലവഴിച്ച് തീർന്ന്പോയിട്ടുണ്ട്. നീതി കിട്ടുമെന്ന് ഞങ്ങൾക്ക് ഒരുറപ്പുമില്ല," ആരിഫ് പറഞ്ഞു.

കേസിലെ രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് അഭിഭാഷകൻ ആമിർ അസീസും ചൂണ്ടിക്കാണിക്കുന്നുണ്ട്. "സി.ആർ.പി.സി സെക്ഷൻ 161 പ്രകാരം രേഖപ്പെടുത്തുന്ന സാക്ഷിമൊഴികളിൽ സാക്ഷിയുടെ ഒപ്പ് വേണമെന്ന് നിർബന്ധമില്ലാത്തതിനാൽ പൊലീസിന് അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് മൊഴികൾ നിർമ്മിക്കാം. പൊലീസ് നൽകുന്ന റിപ്പോർട്ടിന് അനുസൃതമായിട്ടാണ് കേസിന്റെ വിചാരണ മുമ്പോട്ട് പോവുക. അതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാനുള്ള സകല സാധ്യതകളുമുണ്ട്," ആമിർ അസീസ് പറയുന്നു.

കുറ്റപത്രത്തിൽ പേര് ചേർക്കപ്പെട്ട മറ്റു നാലുപേരുടെ മൊഴികളിൽ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാം:

സി.ആർ.പി.സി സെക്ഷൻ 161 പ്രകാരം രേഖപ്പെടുത്തുന്ന സാക്ഷിമൊഴികളിൽ സാക്ഷിയുടെ ഒപ്പ് വേണമെന്ന് നിർബന്ധമില്ലാത്തതിനാൽ പൊലീസിന് അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് മൊഴികൾ നിർമ്മിക്കാം. പൊലീസ് നൽകുന്ന റിപ്പോർട്ടിന് അനുസൃതമായിട്ടാണ് കേസിന്റെ വിചാരണ മുമ്പോട്ട് പോവുക. അതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാനുള്ള സകല സാധ്യതകളുമുണ്ട്

"2017 ഏപ്രിൽ ഒന്നാം തീയതി 4 മണിക്ക് ഞാനും എന്റെ സഹോദരനും പിതാവും കൂടി ജയ്‌പൂരിലെ ഹർമതയിൽ നിന്നും 45000 രൂപക്ക് വാങ്ങിയ രണ്ടു പശുക്കളെയും രണ്ട് പശുക്കുട്ടികളെയുമായി ഒരു പിക്കപ്പ് വാനിൽ ഹരിയാനയിലെ നൂഹിലുള്ള ജയ് സിങ് പൂർ എന്ന ഞങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. വിൽക്കാൻ വേണ്ടിയാണ് ഞങ്ങൾ പശുക്കളെ വാങ്ങിയത്. ഏഴു മണിക്ക് ഞങ്ങൾ ബെഹ്‌റോർ മേൽപ്പാലത്തിൽ എത്തിയപ്പോൾ രണ്ടു ബൈക്കുകളിലായി വന്ന അഞ്ചു പേര് ഞങ്ങളെ തടഞ്ഞുനിർത്തി, വാനിൽ നിന്നും വലിച്ച് പുറത്തിറക്കി മർദിക്കാൻ തുടങ്ങി. 150 - 200 ആളുകൾ വരുന്ന ഒരു ആൾക്കൂട്ടം ചുറ്റും കൂടി. അവരും ഞങ്ങളെ ആക്രമിക്കാൻ തുടങ്ങി. ആ സമയത്ത് മറ്റൊരു വാനിൽ അസ്‌മത്തും റാഫിക്കും മറ്റു രണ്ടു പശുക്കുട്ടികളുമായി അതുവഴി വന്നു. ജനക്കൂട്ടം അവരെയും തടഞ്ഞുനിർത്തി. ബെൽറ്റും വടിയും ഉപയോഗിച്ചും ചവിട്ടിയും ഇടിച്ചും ജനക്കൂട്ടം ഞങ്ങളെ അഞ്ചു പേരെയും മർദിച്ചു. ഞങ്ങൾക്കെല്ലാവർക്കും ഗുരുതരമായ പരിക്കേറ്റു. മർദനത്തിൽ എന്റെ കണ്ണും മൂക്കും കഴുത്തും ചെവികളും വലിയെല്ലുകളും വായയും തലയും ഒക്കെ തകർന്നു. ഒടുവിൽ ബോധം നഷ്ടപ്പെട്ട് ഞാൻ നിലത്തുവീണു."

എന്നാൽ, സി.ബി-സി.ഐ.ഡി രേഖപ്പെടുത്തിയ മൊഴികൾ രാജസ്ഥാൻ സി.ഐ.ഡി സംസ്ഥാനത്തിന്റെ ഡാറ്റ സെർവറുകളിൽ സൂക്ഷിച്ചുവെക്കുമെന്നും അതിനാൽ മൊഴികളിൽ ആർക്കും മാറ്റം വരുത്താൻ സാധിക്കില്ലെന്നും അഡിഷണൽ ഡയറക്ടർ ജനറൽ പറഞ്ഞു. സാക്ഷിമൊഴികളിൽ ആരെങ്കിലും കൈക്കടത്തിയിട്ടുണ്ടോ എന്ന് ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാം എന്നും അദ്ദേഹം അവകാശപ്പെട്ടു.

പെഹ്‌ലു ഖാനെ കൈലാശ് ആശുപത്രിയിൽ ഡോക്ടർമാർ പരിശോധിക്കുന്നു

പ്രതികളെ ഇതുവരെയും ചോദ്യംചെയ്യലിന് വിധേയരാക്കിയിട്ടില്ല

കുറ്റപത്രം പറയുന്നത് പ്രകാരം പെഹ്‌ലു ഖാൻ മരണമൊഴിയിൽ പറഞ്ഞ ആറു പേരും ഒളിവിലാണ്. അവരെകുറിച്ച് വിവരം നൽകുന്നവർക്ക് 50000 രൂപയുടെ ഇനാമും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര ഏജൻസി കുറ്റവിമുക്തരാക്കിയതിന് ശേഷം അവരെല്ലാം വീടുകളിലേക്ക് തന്നെ തിരിച്ചുവന്നു എന്നതാണ് വസ്തുത.

"രാജസ്ഥാൻ ഹൈക്കോടതിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ രേഖകൾ പരിശോദിച്ചാൽ മനസ്സിലാകും പെഹ്‌ലു ഖാൻ പേര് പറഞ്ഞ ആ ആറു പേരെയും കുറ്റപത്രത്തിൽ ചേർത്തിട്ടില്ല എന്നത്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് അവർ ചോദ്യം ചെയ്യപ്പെട്ടിട്ടുമില്ല," അസീസ് പറയുന്നു. അവരെ ഒരിക്കലും ജുഡീഷ്യൽ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ അയച്ചിട്ടില്ല എന്നും അഭിഭാഷകർ പറയുന്നു.

അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് ഈ ആറു പ്രതികളെ ചോദ്യം ചെയ്തോ എന്ന ചോദ്യത്തിന് പങ്കജ് സിങ് പറഞ്ഞ മറുപടി ഇതാണ് : "അവരുടെ ഭാഗം കൂടി വിശദീകരിക്കാനുള്ള അവസരം ഞങ്ങൾ അവർക്ക് നൽകി. ലഭ്യമായ ചിത്രങ്ങൾ മുഴുവൻ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. അവരുടെ മൊബൈൽ ലൊക്കേഷനും സാക്ഷികളുടെ മൊഴികളും പരിശോധിച്ച് അതിൽ പരസ്പരം യോജിക്കുന്നത് മാത്രം പരിഗണിച്ച് അവരെ മാത്രമാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്."

പെഹ്‌ലു ഖാന്റെ മരണത്തിന് ശേഷം തിരിച്ചറിയാത്ത 200 പേരെയും കൊലപാതകത്തിന് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വിഡിയോയിൽ ഉണ്ടായിരുന്ന രണ്ടു പ്രായപൂർത്തിയാവാത്ത പ്രതികളുൾപ്പെടെ ഒമ്പതു പേരെ പിന്നീട് തിരിച്ചറിയുകയും കൊലപാതകത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിപിൻ യാദവ്, രവീന്ദ്ര കുമാർ, ദയാനന്ദ്, കാലുറാം, യോഗേഷ്, നീരജ്, പവൻ, ഭീം സിങ്, ദീപക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, രവീന്ദ്ര മാത്രമാണ് അന്വേഷണത്തിനിടയിൽ ചോദ്യം ചെയ്യലിന് വിധേയനായത്.

പൊലീസിന് നൽകിയ മൊഴിയിൽ രവീന്ദ്ര പറഞ്ഞു, " ഏഴു മണിക്ക് ഞാൻ ദേശീയ പാത എട്ടിലെ അപെക്സ് ഫാക്ടറിക്ക് മുന്നിലൂടെ പോവുകയായിരുന്നു. അപ്പോൾ ദയാനന്ദയും മറ്റുള്ളവരും ഒരു പിക്കപ്പ് വാനിനടുത്ത് കുറച്ചാളുകളെ അടിക്കുന്നത് കണ്ടു. ഞാനവരോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അവർ നിർത്തിയില്ല. അപ്പോൾ ഞാൻ മൊബൈലിൽ അവരുടെ വീഡിയോ എടുത്തു."

ബെഹ്‌റോർ സ്റ്റേഷൻ ഓഫീസർ സമർപ്പിച്ച കുറ്റപത്രം പ്രകാരം പൊലീസ് ഒരു മരവടിയും ബെൽറ്റും അക്രമത്തിനുപയോഗിച്ചത് എന്ന് കരുതുന്ന ഒരു ബൈക്കും പെഹ്‌ലു ഖാൻ പേര് പറഞ്ഞതല്ലാതെ ഒരാളുടെ പക്കൽ നിന്നും കണ്ടുകെട്ടിയിട്ടുണ്ട്. എന്നാൽ, അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പതു പേരിൽ എട്ടുപേരും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഒമ്പതാമത്തെ പ്രതി ദീപക് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

"ദീപകിനെതിരെ ചുമത്തിയ വകുപ്പുകൾ എല്ലാം ഒഴിവാക്കിയിരുന്നു. അതിനാലാണ് അയാൾ ജാമ്യാപേക്ഷയുമായി മുമ്പോട്ട് പോകാതിരുന്നത്," അസീസ് പറയുന്നു.

അക്രമം നടക്കുമ്പോൾ പ്രതികൾ ഗൗശാലയിലായിരുന്നോ?

മരണമൊഴിയിൽ പെഹ്‌ലു ഖാൻ പേര് പറഞ്ഞ ആറു പേരിൽ ഒരാളായ ജഗ്മൽ യാദവ് സമീപത്തെ ഗൗശാലയുടെ നടത്തിപ്പുകാരനാണ്. അക്രമം നടക്കുന്ന സമയത്ത് ഈ ആറു പേരും നാലു കിലോമീറ്റർ മാത്രം അകലെയുള്ള ഗൗശാലയിൽ ഉണ്ടായിരുന്നു എന്നാണ് അവിടത്തെ ജീവനക്കാർ പറയുന്നത്. ദെഹ്‌മി ഗൗശാലയിലെ നാലു ജോലിക്കാരായ സോനു കുമാർ, ഹരീഷ് ശർമ്മ, ശാന്താറാം, ദേവദത്ത്‌ എന്നവർ തങ്ങളുടെ മൊഴികളിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് : "ഞങ്ങൾ നാലു വർഷമായി ഈ ഗൗശാലയിൽ ജോലി ചെയ്യുന്നു. ഏപ്രിൽ ഒന്നിന് ഏകദേശം 6 : 30 ന് ബെഹ്‌റോർ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വിക്രം സിങ്ങും രഘുവീറും ജഗ്മൽ ഗുരുജി, ഓം യാദവ്, സുധിർ യാദവ്, ഹുകും സിങ്, രാഹുൽ സെയ്നി, നവീൻ ശർമ്മ എന്നിവർക്കും മറ്റു പത്തു പേർക്കുമൊപ്പം ഗൗശാലയിൽ വന്നിരുന്നു. ജഗ്മൽ സാധാരണ ഇവിടെ വരാറുള്ളത് കൊണ്ടാണ് ഞങ്ങൾക്ക് അദ്ദേഹത്തെ പരിചയം. 6 : 30 മുതൽ 8 മണി വരെ അവർ ഗൗശാലയിൽ ഉണ്ടായിരുന്നു.

എന്നാൽ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വിക്രം സിങ്ങും രഘുവീർ സിങ്ങും ഡ്രൈവർ നരേഷ് കുമാറും പെഹ്‌ലു ഖാൻ പേര് പറഞ്ഞ ആറു പ്രതികളും അക്രമം നടന്ന സമയത്ത് ഗൗശാലയിൽ ഉണ്ടായിരുന്നതായി മൊഴി നൽകിയിട്ടില്ല.

പെഹ്‌ലു ഖാന്റെ മരണകാരണം എന്തായിരുന്നു?

അക്രമ സ്ഥലത്തെത്തിയ പൊലീസ് പെഹ്‌ലു ഖാനെയും മറ്റു നാലു പേരെയും ബെഹ്‌റോറിലെ കൈലാശ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസങ്ങൾക്ക് ശേഷം പെഹ്‌ലു ഖാൻ മരണത്തിന് കീഴടങ്ങി. ഇവിടെ വെച്ചാണ് പെഹ്‌ലു ഖാൻ തന്റെ മരണമൊഴി പൊലീസിന് മുന്നിൽ രേഖപ്പെടുത്തിയത്. ബെഹ്‌റോർ കമ്മ്യൂണിറ്റി ഹെൽത്ത് കെയറിൽ വെച്ച് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മർദനം മൂലമാണ് പെഹ്‌ലു ഖാൻ മരണപ്പെട്ടത്. എന്നാൽ കൈലാശ് ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ടും ബെഹ്‌റോർ കമ്മ്യൂണിറ്റി ഹെൽത്ത് കെയറിലെ ഡോക്ടർമാരുടെ റിപ്പോർട്ടും പരസപരം വ്യത്യസ്തമായിരുന്നു. ഹൃദയാഘാതം മൂലമാണ് പെഹ്‌ലു ഖാൻ മരിച്ചത് എന്നാണ് കൈലാശ് ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിനോട് പറഞ്ഞത്.

"എല്ലുരോഗവിദഗ്ധൻ പെഹ്‌ലു ഖാനെ പരിശോധിച്ച സമയത്ത് അദ്ദേഹത്തിന്റെ എല്ലുകൾക്കൊന്നും കുഴപ്പമുണ്ടായിരുന്നില്ല," കൈലാശ് ആശുപത്രിയിലെ ഡോക്ടറായ വി.ഡി ശർമ്മ പറഞ്ഞു. പെഹ്‌ലു ഖാൻ ഹൃദ്രോഗവും ആസ്തമയും ഉണ്ടായിരുന്നു എന്നാണ് ആശുപത്രിയിലെ തന്നെ മറ്റൊരു ഡോക്ടറായ അഖിലേഷ് സക്‌സേന പറയുന്നത്. ഏപ്രിൽ 3 ന് പെഹ്‌ലു ഖാൻ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും 8 മണിയോടെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു എന്നുമാണ് സക്സേനയുടെ അവകാശവാദം.

അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് പ്രതികൾക്ക് ജാമ്യം ലഭിച്ചത് എങ്ങനെ?

കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഒമ്പത് പ്രതികളിൽ എട്ടു പേർക്ക് കോടതി ജാമ്യം അനുവദിച്ചത് അവരുടെ പേര് എഫ്.ഐ.ആറിൽ ഇല്ല എന്ന ന്യായം പറഞ്ഞിട്ടാണ്. അവർക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല എന്നും അക്രമം നടന്ന സ്ഥലത്ത് അവർ ഉണ്ടായിരുന്നില്ല എന്നുംകൂടി ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.

"വീഡിയോ ദൃശ്യത്തിലും ഹരജിക്കാരൻ പെഹ്‌ലു ഖാനെയും മറ്റു നാലുപേരെയും അക്രമിക്കുകയല്ല, പകരം അവരെ രക്ഷപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്," രവീന്ദ്രയുടെ ജാമ്യ ഉത്തരവിൽ പറയുന്നു.

മതിയായ രേഖകൾ ഉണ്ടായിട്ടും അക്രമിക്കപ്പെട്ടവർക്കെതിരെ പശുക്കടത്തിന് കേസെടുത്തു

പെഹ്‌ലു ഖാന്റെയും മറ്റുള്ളവരുടെയും അടുത്ത് പശുവിനെ വാങ്ങാൻ ജയ്‌പൂർ മുനിസിപ്പൽ കോർപറേഷൻ നൽകിയ പെർമിറ്റ് ഉണ്ടായിരുന്നു. എന്നിട്ടും, രാജസ്ഥാൻ മൃഗസംരക്ഷണ നിയമത്തിലെ സെക്ഷൻ 5 , 8 , 9 പ്രകാരം അനധികൃത പശുക്കടത്തിന് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

തങ്ങൾ വിൽക്കാൻ വേണ്ടിയാണ് പശുവിനെ വാങ്ങിയതെന്നും തങ്ങളുടെ കയ്യിൽ മതിയായ രേഖകൾ ഉണ്ടായിരുന്നു എന്നും ചൂണ്ടിക്കാട്ടി പെഹ്‌ലു ഖാന്റെ കുടുംബം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

പെഹ്‌ലു ഖാന്റെയും മറ്റുള്ളവരുടെയും അടുത്ത് പശുവിനെ വാങ്ങാൻ ജയ്‌പൂർ മുനിസിപ്പൽ കോർപറേഷൻ നൽകിയ പെർമിറ്റ് ഉണ്ടായിരുന്നു. എന്നിട്ടും, രാജസ്ഥാൻ മൃഗസംരക്ഷണ നിയമത്തിലെ സെക്ഷൻ 5 , 8 , 9 പ്രകാരം അനധികൃത പശുക്കടത്തിന് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

"45,000 രൂപക്ക് വാങ്ങിയ പശുവിനെ വെറും 6,000 രൂപക്ക് വേണ്ടി അറുക്കുമെന്ന് വിശ്വസിക്കാൻ ഒരിക്കലും സാധിക്കില്ല," കാസിം പറയുന്നു.

വിവർത്തനം : ഇർഫാൻ ആമയൂർ

കടപ്പാട് : ദ വയർ ഡോട്ട് ഇൻ

TAGS :

Next Story