Quantcast

മായാവതിക്ക് പിന്നില്‍ ബി.ജെ.പിയുടെ കുതന്ത്രം?

പ്രതിപക്ഷത്തിന്റെ മഹാസഖ്യ സ്വപ്‌നങ്ങള്‍ അവസാനിക്കാന്‍ കാരണങ്ങള്‍ പലതാണെങ്കിലും അത് ഏറ്റവും വലിയ അനുഗ്രഹം ആര്‍ക്കെന്ന ചോദ്യത്തിന് ഒറ്റയുത്തരമേയുള്ളൂ, ബി.ജെ.പി.

MediaOne Logo

Web Desk

  • Published:

    5 Oct 2018 1:40 AM GMT

മായാവതിക്ക് പിന്നില്‍ ബി.ജെ.പിയുടെ കുതന്ത്രം?
X

ബി.ജെ.പിക്കെതിരായ വിശാലപ്രതിപക്ഷ സഖ്യമെന്ന ആശയത്തിന്റെ കടക്കല്‍ വെച്ച കത്തിയായിരുന്നു മായാവതിയുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനം. വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് മായാവതി കാര്യകാരണ സഹിതം വ്യക്തമാക്കി. ബി.ജെ.പിയെയല്ല സ്വന്തം സഖ്യ കക്ഷികളെയാണ് കോണ്‍ഗ്രസ് തോല്‍പിക്കാന്‍ ശ്രമിക്കുന്നതെന്നടക്കം ഗുരുതര ആരോപണങ്ങളാണ് മായാവതി ഉന്നയിച്ചിരിക്കുന്നത്.

മായാവതിയുടെ പ്രഖ്യാപനങ്ങളോടെ പ്രതിപക്ഷ സഖ്യസാധ്യതകള്‍ മങ്ങുകയാണെങ്കില്‍ മറുവശത്ത് ബി.ജെ.പിയുടെ വഴികള്‍ കൂടുതല്‍ തെളിയുകയാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ നിലപാട് നിര്‍ണ്ണായകമാണ്. 543 അംഗ ലോകസഭയിലേക്ക് 80 അംഗങ്ങളെ നല്‍കുന്ന യു.പിയിലെ മായാവതിക്കുള്ള സ്വാധീനമാണ് ഇതിലെ മുഖ്യഘടകം. നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം പ്രതിപക്ഷ സഖ്യം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതീക്ഷിച്ചവരും കുറവല്ലായിരുന്നു. ഇത്തരത്തിലുള്ള സാധ്യതകള്‍ക്കുമേലാണ് മായാവതിയുടെ പുതിയ നീക്കത്തോടെ തിരശ്ശീല വീഴുന്നത്.

സഹോദരന്‍ ആനന്ദ് കുമാറിനെതിരായ സി.ബി.ഐ കേസാണ് മായാവതിയുടെ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. 2007-2014 കാലയളവില്‍ 1300 കോടിയുടെ ആസ്തി വര്‍ധന ആനന്ദ് കുമാറിനുണ്ടായെന്നും ഇത് സംശയാസ്പദമാണെന്നുമാണ് കേസ്.

മായാവതിയും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ ദിഗ്‍വിജയ് സിംഗിനെതിരെയാണ് മായാവതി ഏറ്റവും രൂക്ഷമായി ആഞ്ഞടിച്ചതെന്നതും ശ്രദ്ധേയമാണ്. കര്‍ണ്ണാടകത്തിലെ വീഴ്ച്ചകളില്‍ നിന്നും പാഠം പഠിക്കാനോ അനുരഞ്ജനത്തിന്റെ പാതയിലെത്താനോ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കായിട്ടില്ലെന്നതിന്റെ സൂചനയാണിത്. ബി.ജെ.പി ആര്‍.എസ്.എസ് ഏജന്റാണ് ദിഗ്‍വിജയ് സിംഗെന്ന് വരെ മായാവതി ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും സഖ്യത്തില്‍ താത്പര്യമുണ്ടെന്ന് മായാവതി ആവര്‍ത്തിക്കുകയും ചെയ്തു.

മായാവതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. മധ്യപ്രദേശില്‍ 50 സീറ്റും ഛത്തീസ്ഗഡില്‍ 15 സീറ്റുമായിരുന്നു മായാവതിയുടെ ആവശ്യം. മധ്യപ്രദേശില്‍ ഏറിയാല്‍ 22 സീറ്റും ഛത്തീസ്ഗഡില്‍ ഒമ്പതും നല്‍കാമെന്നുമായിരുന്നു കോണ്‍ഗ്രസ് മറുപടി. കാര്യമായ സ്വാധീനമില്ലാത്ത രാജസ്ഥാനില്‍ വിലപേശലുകള്‍ക്ക് മായാവതി പോയിരുന്നില്ല.

മധ്യപ്രദേശില്‍ 2013ല്‍ 227 സീറ്റുകളില്‍ മത്സരിച്ച ബി.എസ്.പി 6.29 ശതമാനം വോട്ട് നേടിയിരുന്നു. അന്ന് 36.35 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് 58 സീറ്റ്‌ലഭിച്ചു. അതേസമയം 44.88 ശതമാനം വോട്ടും 165 സീറ്റുകളുമാണ് ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയത്. ഛത്തീസ്ഗഡില്‍ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലും മത്സരിച്ച ബി.എസ്.പിക്ക് ലഭിച്ചത് 4.2 ശതമാനം വോട്ടും ഒരു സീറ്റും. കോണ്‍ഗ്രസിന് 43.33 ശതമാനം വോട്ടും 39 സീറ്റുമായിരുന്നെങ്കില്‍ ബി.ജെ.പി 54.44 ശതമാനം വോട്ടുകളും 49 സീറ്റും നേടി. ഈ കണക്കുകള്‍ തന്നെ ബി.എസ്.പി കോണ്‍ഗ്രസ് സഖ്യം ഇരു സംസ്ഥാനങ്ങളിലും എത്രത്തോളം നിര്‍ണ്ണായകമാണെന്ന് തെളിയിക്കുന്നതാണ്.

സഹോദരന്‍ ആനന്ദ് കുമാറാണ് മായാവതിയുടെ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. ബി.എസ്.പിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ‘സി.ബി.ഐ’ പേടിയുടെ ഉറവിടവും ആനന്ദ് കുമാറാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദായ നികുതി വകുപ്പ് 2017 ജനുവരിയില്‍ ആനന്ദ് കുമാറിനെതിരെ കേസെടുത്തിരുന്നു. 2007-2014 കാലയളവില്‍ 1300 കോടിയുടെ ആസ്തി വര്‍ധന ആനന്ദ് കുമാറിനുണ്ടായെന്നും ഇത് സംശയാസ്പദമാണെന്നുമാണ് കേസ്. ബി.ജെ.പിക്കൊപ്പം മത്സരിച്ചാല്‍ തകര്‍ന്നുപോകുമെന്ന് അറിയാവുന്ന മായാവതി ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ തീരുമാനമെടുക്കുകയാണെന്ന ആരോപണവും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിമത നേതാവ് അജിത് ജോഗിക്കൊപ്പം ചേര്‍ന്നാണ് മത്സരിക്കുകയെന്ന് മായാവതി പ്രഖ്യാപിച്ചുകഴിഞ്ഞു. ഛത്തീസ്ഗഡിലെ ആകെയുള്ള 90 സീറ്റുകളില്‍ 55 സീറ്റില്‍ അജിത് ജോഗിയുടെ ജെ.സി.സിയും 35 സീറ്റില്‍ ബി.എസ്.പിയും മത്സരിക്കും. മായാവതിക്കൊപ്പം വിമതരുടെ വോട്ടുകള്‍ കൂടി പോകുന്നതോടെ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോരുകയും ബി.ജെ.പി വോട്ടുകള്‍ ഉയരുകയുമാണ് സ്വാഭാവികമായുണ്ടാവുക. മധ്യപ്രദേശില്‍ 230 സീറ്റിലും ഒറ്റക്ക് മത്സരിക്കാനാണ് ബി.എസ്.പി തീരുമാനം.

സോണിയയേയും രാഹുലിനേയും മായാവതി വിമര്‍ശിച്ചിട്ടില്ലെന്നത് മാത്രമാണ് ബി.എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന് ഇനിയുള്ള നേരിയ സാധ്യത. മായാവതി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസ് അതേ ഭാഷയില്‍ തിരിച്ചടിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെങ്കില്‍ മായാവതിയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്നാണ് എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ മഹാസഖ്യ സ്വപ്‌നങ്ങള്‍ അവസാനിക്കാന്‍ കാരണങ്ങള്‍ പലതാണെങ്കിലും അത് ഏറ്റവും വലിയ അനുഗ്രഹം ആര്‍ക്കെന്ന ചോദ്യത്തിന് ഒറ്റയുത്തരമേയുള്ളൂ, ബി.ജെ.പി.

TAGS :

Next Story