Quantcast

‘മോഹൻ ഭാഗവതിന്റേത് മഴക്കാലത്തെ തവളക്കരച്ചിൽ’; ആർ.എസ്.എസ് മേധാവിയുടെ രാമക്ഷേത്ര പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് 

MediaOne Logo

Web Desk

  • Published:

    4 Oct 2018 11:20 AM GMT

‘മോഹൻ ഭാഗവതിന്റേത് മഴക്കാലത്തെ തവളക്കരച്ചിൽ’; ആർ.എസ്.എസ് മേധാവിയുടെ രാമക്ഷേത്ര പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് 
X

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ്. രാമക്ഷേത്ര നിർമ്മാണത്തെ പ്രതിപക്ഷ പാർട്ടികൾക്ക് പോലും എതിർക്കാനാവില്ല എന്നായിരുന്നു പതഞ്‌ജലി യോഗപീഠത്തിൽ നടന്ന ഒരു ചടങ്ങിനിടെ മോഹൻ ഭാഗവത് പറഞ്ഞത്. എന്നാൽ, ആർ.എസ്.എസ് മേധാവിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് മഴക്കാലത്തെ തവളക്കരച്ചിൽ മാത്രമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പരിഹസിച്ചു. എല്ലാ തിരഞ്ഞെടുപ്പിന് ശേഷവും രാമനെ ബി.ജെ.പിയും ആർ.എസ്.എസും കൂടു നാടുകടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭഗവാൻ രാമൻ രാജ്യത്ത് എല്ലായിടത്തും ഉണ്ട്. സത് യുഗത്തിൽ ഒരിക്കൽ കൈകേയി രാമനെ 14 വർഷത്തെ വനവാസത്തിനയച്ചു. ഇന്ന് ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് രാമനെ മുപ്പത് വർഷത്തേക്ക് നാട് കടത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് നാലു മാസങ്ങൾക്ക് മുമ്പ് മാത്രമേ അവർക്ക് രാമനെ ഓർമ്മ വരൂ

"മഴക്കാലവും തിരഞ്ഞെടുപ്പ് കാലവും വരുമ്പോൾ ചില തവളകൾ ശബ്ദമുണ്ടാക്കും. എന്നാൽ, എല്ലാ ഒച്ചപ്പാടുകളും യാഥാർഥ്യമായിക്കൊള്ളണമെന്നില്ല. ഭഗവാൻ രാമൻ രാജ്യത്ത് എല്ലായിടത്തും ഉണ്ട്. സത് യുഗത്തിൽ ഒരിക്കൽ കൈകേയി രാമനെ 14 വർഷത്തെ വനവാസത്തിനയച്ചു. ഇന്ന് ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് രാമനെ മുപ്പത് വർഷത്തേക്ക് നാട് കടത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് നാലു മാസങ്ങൾക്ക് മുമ്പ് മാത്രമേ അവർക്ക് രാമനെ ഓർമ്മ വരൂ," സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിക്ക് വാക്കിൽ മാത്രമേ രാമനുള്ളൂ എന്നും പ്രവർത്തനത്തിൽ ഗോഡ്‌സെ ആണെന്നും ഇതാണ് ബി.ജെ.പിയുടെ യഥാർത്ഥ സ്വഭാവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ബാബരി-രാമജന്മഭൂമി കേസിൽ എന്ത് വിധി വന്നാലും എല്ലാവരും അത് അനുസരിക്കണമെന്നും സർക്കാരുകൾ അത് നടപ്പാക്കണമെന്നുമാണ് കോൺഗ്രസിന്റെ നിലപാട് എന്നും സുർജേവാല പറഞ്ഞു.

രാജ്യത്തെ ഭൂരിപക്ഷം പേരും ആരാധിക്കുന്ന മൂർത്തിയാണ് രാമൻ എന്നതിനാൽ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെ എതിർക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് പോലും കഴിയില്ല എന്നാണ് തിങ്കളാഴ്ച മോഹൻ ഭാഗവത് പറഞ്ഞത്. ബി.ജെ.പിയും ആർ.എസ്.എസും രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ ചില കാര്യങ്ങൾക്ക് സമയമെടുക്കുമെന്നും തിങ്കളാഴ്ച പതഞ്ജലി യോഗപീഠത്തിൽ വെച്ച് നടന്ന പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞിരുന്നു.

TAGS :

Next Story