കല്യാണംമുടക്കി! ഒരു പാവം കനേഡിയന്‍ പൗരന്‍റെ ജീവിതം നിരവ് മോദി തകര്‍ത്തതിങ്ങനെ..
“നിങ്ങള്‍ എനിക്ക് നല്‍കിയ വേദനയുടെ ആഴമെന്തെന്ന് അറിയുമോ? എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമാകേണ്ടിയിരുന്ന നിമിഷമാണ് നിങ്ങള്‍ ഇല്ലാതാക്കിയത്”, നിരവിനോട് യുവാവ്
കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നിരവ് മോദിയില്‍ നിന്ന് വജ്രമോതിരം വാങ്ങിയ കനേഡിയന്‍ പൌരന്‍റെ ജീവിതം പ്രതിസന്ധിയില്‍. വിവാഹ നിശ്ചയത്തിനായി നിരവ് മോദിയില്‍ നിന്ന് വാങ്ങിയ വജ്രമോതിരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ കാമുകി കൈവിട്ടു. തുടര്‍ന്ന് യുവാവ് വിഷാദരോഗിയായി മാറി.
നിരവ് മോദിയും പോള്‍ അല്‍ഫോണ്‍സോ എന്ന യുവാവും 2012ല്‍ ഹോങ്കോങില്‍ വെച്ചാണ് പരിചയപ്പെട്ടത്. ഒരു ധനകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന പോളും വജ്രവ്യാപാരിയായ നിരവും വളരെ വേഗം സുഹൃത്തുക്കളായി. നിരവിനെതിരായ കേസുകളെ കുറിച്ചൊന്നും അറിയാതിരുന്ന പോള്‍, വിവാഹനിശ്ചയത്തിനായി രണ്ട് വജ്രമോതിരങ്ങള്‍ ഈ വര്‍ഷം നിരവില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചു. 2 ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു വില (ഏകദേശം ഒരു കോടി 47 ലക്ഷം രൂപ). ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ചടങ്ങിലേക്ക് തന്‍റെ പക്കല്‍ നിന്നും വജ്രം വാങ്ങിയതിന് നന്ദി പറഞ്ഞ് നിരവ് പോളിന് സന്ദേശമയച്ചു. 3.2 കാരറ്റ് പരിശുദ്ധിയുള്ള വജ്രം എന്ന് അവകാശപ്പെട്ടാണ് രണ്ട് മോതിരങ്ങളും കൈമാറിയത്.
വജ്രങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നിരവ് മോദി നല്‍കിയില്ല. പല തവണ മെയില്‍ ചെയ്തിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോതിരത്തിലെ കല്ലുകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. വായ്പാ തട്ടിപ്പ് നടത്തിയ നിരവ് രാജ്യം വിട്ട കാര്യമൊക്കെ പോള്‍ അറിയുന്നത് പിന്നീടാണ്. കൃത്യമായ രേഖകളുണ്ടെന്ന് ഉറപ്പുവരുത്താതെ കോടികള്‍ നഷ്ടപ്പെടുത്തിയ യുവാവിനെ കാമുകി കൈവിടുകയും ചെയ്തു. നിരവിനെ തനിക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നെന്നും ഇങ്ങനെ ചതിക്കുമെന്നും കരുതിയില്ലെന്നും യുവാവ് പറയുന്നു.
"നിങ്ങള്‍ എനിക്ക് നല്‍കിയ വേദനയുടെ ആഴമെന്തെന്ന് അറിയുമോ? എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമാകേണ്ടിയിരുന്ന നിമിഷമാണ് നിങ്ങള്‍ ഇല്ലാതാക്കിയത്. വിഷാദം കാരണം എനിക്ക് ഒന്നും ചെയ്യാനാവുന്നില്ല", നിരവിന് പോള്‍ മെയില്‍ അയച്ചു. കാലിഫോര്‍ണിയയിലെ സൂപ്പീരിയര്‍ കോടതിയില്‍ നിരവ് മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പോള്‍.
Adjust Story Font
16