ഒരു കൂട്ടം മലയാളി സ്ത്രീകളുണ്ട്, ഹരിയാനയില്‍; എന്നാല്‍ അത് മലയാളിക്ക് ഒട്ടും അഭിമാനിക്കാവുന്ന ഒന്നല്ല..
സ്വന്തം നാട് തരാത്ത ജീവിതത്തെക്കുറിച്ചോര്‍ത്ത് കണ്ണീരൊഴുക്കാനൊന്നും തയാറല്ല ഈ സത്രീകളാരും. വന്നെത്തിയിടം സന്തോഷം കണ്ടെത്തുകയാണ് ഇവരെല്ലാം.

ലോകത്തെവിടെയും മലയാളികളുണ്ടെന്നത് എപ്പോഴും നമ്മുടെ അഭിമാനമാണ്. എന്നാല്‍ മലയാളം ഉള്ളിലൊതുക്കി, മുഖം മറച്ച് ഭാഷയും ദേശവുമില്ലാതെ കഴിയുന്ന ഒരു കൂട്ടം മലയാളി സ്ത്രീകളുണ്ട്, ഹരിയാനയിലെ ചില ഗ്രാമങ്ങളില്‍, അത് മലയാളിയ്ക്ക് ഒട്ടും അഭിമാനിക്കാവുന്ന ഒന്നല്ല.
കാഴ്ചയില്‍ നല്ല ഒരു ഉത്തേരേന്ത്യക്കാരി, സംസാരിക്കുന്നത് ഹിന്ദിയാണോ എന്ന് ചോദിച്ചാല്‍ ആണ്. പക്ഷേ ഹരിയാനയിലെ പ്രാദേശിക ചുവയോടെയുള്ള ഹിന്ദിയാണ്. ശീലവും രൂപവുമെല്ലാം മാറി. എത്തിച്ചേര്‍ന്ന മണ്ണിന്‍റെ രീതിയോടും ആചാരത്തോടുമെല്ലാം പൊരുത്തപ്പെട്ടു. പയ്യന്നൂര്‍ കോട്ടക്കുന്നുകാരി ശ്രീജയ്ക്ക് ഈ മണ്ണ് സ്വന്തം മണ്ണ് തന്നെ. ഇവിടെയെത്തിയിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞു. 27ാം വയസില്‍ വിവാഹം കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയതാണ്. ഹരിയാനക്കാരനെ വിവാഹം ചെയ്ത് നാടുവിട്ട് വന്നപ്പോളാണ് ഇത്രമാത്രം ദൂരത്തേയ്ക്കാണ് വരുന്നതെന്നും ഇവിടുത്തെ രീതിയിതൊക്കെയാണ് എന്നെല്ലാം അറിയുന്നത്.
ഹരിയാനയിലെ സോര്‍ക്കി എന്ന ഗ്രാമം, ഇവിടുത്തെ മറ്റേതു ഗ്രാമങ്ങളിലെയും പോലുള്ള കാഴ്ചകള്‍. തലചുമടായി കുടിവെള്ളം കൊണ്ടുവരുന്ന സ്ത്രീകള്‍, പ്രധാന വരുമാനം കന്നുകാലിയും കൃഷിയും തന്നെ. ഇവിടെ ശ്രീജയെ പോലെ കേരളത്തില്‍നിന്ന് വിവാഹം കഴിഞ്ഞെത്തിയ ഒരുപാട് മലയാളി സ്ത്രീകളുണ്ട്. രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചോ, സംസ്കാരത്തെക്കുറിച്ചോ ഒന്നുമറിയാത്ത പ്രായത്തില്‍ എത്തിപ്പെട്ടവരാണ് പലരും. പയ്യന്നൂരില്‍ നിന്നുള്ള ബിന്ദു, പാലക്കാട് നിന്നുള്ള രാധിക, അനിത ഇങ്ങനെ നീളുന്നു ഈ മലയാളി സ്ത്രീ സാന്നിധ്യം. ഓരോരുത്തരും എങ്ങനെ എത്തിപ്പെട്ടു എന്നതിന് ഉത്തരം ഒന്നുമാത്രം. വീട്ടിലെ സാമ്പത്തിക ചുറ്റുപാട്, വിവാഹകമ്പോളത്തില്‍ വിലകൊടുക്കാനാകാതെ വന്നപ്പോള്‍ തേടിയെത്തിയ ഹരിയാനക്കാരനൊപ്പം പെണ്‍മക്കളെ പറഞ്ഞുവിട്ടു.
പാലക്കാട് പരുത്തിപുള്ളി സ്വദേശിനി അനിത പറയും ഇവിടെയെത്തിയ കഥ. പത്തൊമ്പതാം വയസിലാണ് അനിത സോര്‍ക്കിലെത്തുന്നത്. അച്ഛനില്ല. അമ്മയും മൂത്തസഹോദരനും സഹോദരിയുമടങ്ങുന്ന കുടുംബം. ചേച്ചിയെ നാട്ടില്‍ തന്നെ എങ്ങനെയൊക്കെയോ വിവാഹം ചെയ്തുകൊടുത്തു. ഇളയവളായ അനിതയെ കൂടി സ്ത്രീധനം നല്‍കി അയക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. ഒടുവില്‍ ഒന്നും ആവശ്യപ്പെടാതെ ഹരിയാനയില്‍ നിന്നെത്തിയ സാധുറാമിന് വിവാഹം ചെയ്തുകൊടുത്തു.
അനിത ഡ്രൈവറായ സാധുറാമിനൊപ്പം രണ്ടു മക്കളുമായി ജീവിക്കുന്നു. വിവാഹം കഴിഞ്ഞെത്തിയ ആദ്യനാളുകളില്‍ മാനസിക വിഷമം മൂലം ഏറെ പ്രയാസപ്പെട്ടുവെന്ന് അനിത ഓര്‍ക്കുന്നു. സ്വന്തം മണ്ണില്‍ നഷ്ടമായ ജീവിതം, സന്തോഷം എല്ലാം ഇവിടെ കണ്ടെത്താന്‍ ഇവരെല്ലാം പിന്നീട് മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു.
ആണ്‍ പെണ്‍ അനുപാതം വളരെ കുറഞ്ഞ, പെണ്‍കുട്ടികളെ പിറക്കാന്‍പോലും അനുവദിക്കാത്ത ഹരിയാന. ഇവിടെനിന്നുള്ള പുരുഷന്മാര്‍ വിവാഹിതരാകാന്‍ സ്ത്രീകളെ അന്വേഷിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കെത്തുന്നു. കേരളത്തില്‍ മലബാര്‍ മേഖലയില്‍ നിന്നാണ് സ്ത്രീകളേറെയും ഇവിടേയെത്തിയത്.
ബിന്ദു, പയ്യന്നൂര്‍ സ്വദേശിനി, പ്രായം 32 വയസ്, എട്ട് വര്‍ഷം മുമ്പ് എത്തിയതാണ് സോര്‍ക്കിയില്‍. പ്രായമായ അച്ഛന്‍, അമ്മ, മൂന്ന് പെണ്‍മക്കളും, സഹോദരനും അടങ്ങുന്ന കുടുംബം. ഏറ്റവും ഇളയവളാണ് ബിന്ദു. അന്ന് നാട്ടില്‍ വിവാഹമാലോചിച്ച് വന്ന മലയാളി പുരുഷന്മാരുടെ ആവശ്യങ്ങളെക്കുറിച്ച് ബിന്ദു ഇന്നും വേദനയോടെ ഓര്‍ക്കുന്നു.
ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച രാധികയുടെ ജീവിതാവസ്ഥയും വ്യത്യസ്തമല്ല. 25ാം വയസിലാണ് ജീവിതം ഹരിയാനയിലേക്ക് പറിച്ചുനട്ടത്. അനിതയുമായി സോര്‍ക്കിക്കാരനായ രാംവീറിന്റെ രണ്ടാം വിവാഹമായിരുന്നു. ഭാര്യയുടെ മരണത്തെ തുടര്‍ന്നുള്ള രണ്ടാംവിവാഹം. ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു ആ ബന്ധത്തില്‍. പ്രായമായ അമ്മയും ചേച്ചിയുമടങ്ങുന്ന രാധികയുടെ അമ്മയ്ക്ക് രാംവീറുന് മകളെ വിവാഹം ചെയ്തുകൊടുക്കുന്നതിന് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല.
ഹിസാര്‍ ജില്ലയിലെ സോര്‍ക്കിയ്ക്കു പുറമെ, ഹാന്‍സിയിലുമാണ് മലയാളി സ്ത്രീകള്‍ വിവാഹം കഴിഞ്ഞെത്തിയിട്ടുള്ളത്. ഭൂരിപക്ഷം പേരും വന്നെത്തിയത് കൂട്ടുകുടുംബ വ്യവസ്ഥിതിയിലേക്കാണ്. വ്യത്യസ്തമായ സംസ്കാരത്തിലേക്ക് കടന്നെത്തിയ ഇവരെല്ലാം കേരളത്തിലേതുപോലെ സ്വന്തമായി വീടും സൌകര്യങ്ങളുമുള്ള വ്യവസ്ഥിതിയിലേക്ക് തങ്ങളുടെ ജീവിതത്തെയും മാറ്റിക്കഴിഞ്ഞു.
ആദ്യകാലത്ത് ഭാഷയും, ആചാരങ്ങളും, ജീവിതരീതിയുമെല്ലാം ഇവരെ ഏറെ പ്രയാസപ്പെടുത്തിയെങ്കിലും ഇന്ന് ഇവരെല്ലാം ഈ ജീവിതവുമായി പൊരുത്തപ്പെട്ടു. അതിശൈത്യവും, കൊടുംചൂടുമുള്ള ഉത്തരേന്ത്യന്‍ ഗ്രാമജീവിതത്തിന്‍റെ ഭാഗമായി മക്കളോടൊപ്പം ഇവരെല്ലാം സന്തോഷം കണ്ടെത്തുന്നു.
ഹിസാര്‍ ജില്ലയിലെ സോര്‍ക്കിയ്ക്കു പുറമെ, ഹാന്‍സിയിലുമാണ് മലയാളി സ്ത്രീകള്‍ വിവാഹം കഴിഞ്ഞെത്തിയിട്ടുള്ളത്. ഭൂരിപക്ഷം പേരും വന്നെത്തിയത് കൂട്ടുകുടുംബ വ്യവസ്ഥിതിയിലേക്കാണ്. വ്യത്യസ്തമായ സംസ്കാരത്തിലേക്ക് കടന്നെത്തിയ ഇവരെല്ലാം കേരളത്തിലേതുപോലെ സ്വന്തമായി വീടും സൌകര്യങ്ങളുമുള്ള വ്യവസ്ഥിതിയിലേക്ക് തങ്ങളുടെ ജീവിതത്തെയും മാറ്റിക്കഴിഞ്ഞു. വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കുള്ള യാത്രയിലൂടെ നാടുമായും കുടുംബവുമായുള്ള ബന്ധം ഇവര്‍ നിലനിര്‍ത്തിപോരുന്നു.
മലയാളി സ്ത്രീകളുടെ ജീവിതാന്വേഷണത്തിനിടയില്‍ ഹരിയാനയിലെ ഗ്രാമങ്ങളിലെ മറ്റു ചില ജീവിതങ്ങളെയും കാണാനിടയായി. ബംഗാളില്‍ നിന്ന് ഇവിടേയ്ക്ക് വധുവായി എത്തിയ പെണ്‍കുട്ടിയുടെ ജീവിതചിത്രം അത്ര നിറമുള്ളതല്ല. ബംഗാള്‍ സ്വദേശിനിയായ ഷീമയെക്കുറിച്ച് ശ്രീജ പറഞ്ഞാണറിഞ്ഞത്. വിവാഹത്തിനുശേഷം അന്യദേശത്ത് വീട്ടുകാരൊന്നും അന്വേഷിക്കാനില്ലാതെ അനാഥയെ പോലെ കഴിയുന്ന പെണ്‍കുട്ടി. കാമറയ്ക്കു മുന്നില്‍ വരാന്‍ തയാറാകുമോ എന്നറിയാനായി ശ്രീജയ്ക്കൊപ്പം ഷീമയെ കാണാന്‍ ചെന്നു. ആദ്യമൊക്കെ വിസമ്മതിച്ചെങ്കിലും കുറച്ചെങ്കിലും അനുഭവങ്ങള്‍ പറയാന്‍ തയാറായി. പ്രായം 27, സ്വദേശം ബംഗാളിലെ ദാക്ക ജില്ലയിലെ ബെറൂള ഗ്രാമം. മൂന്ന് സഹോദരങ്ങളുണ്ട്. ഷീമയടക്കം ആറുപെണ്‍കുട്ടികള്‍. ദരിദ്ര കുടുംബം. വിവാഹദല്ലാള്‍ വഴി വന്ന ആലോചന കൂലിപണിക്കാരനായ വിജേന്ദറുമായുള്ള ജീവിതത്തിലേക്കെത്തിച്ചു. വിവാഹത്തിന്‍റെ രണ്ടാം നാള്‍ സഹോദരന്‍ ഇവിടേയ്ക്ക് കൊണ്ടുവിട്ടു. പിന്നീട് വീട്ടുകാര്‍ പോലും അന്വേഷിക്കാനില്ലാതെ കഴിയുന്നു.
27 വയസിനിടെ നാലു പ്രസവം. പ്രസവമെല്ലാം വീട്ടില്‍നിന്നുതന്നെ. ആശുപത്രിയോ ചികിത്സയോ ഒന്നുമില്ല. രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു. ഏറ്റവും ചെറിയ പെണ്‍കുഞ്ഞ് മരിച്ചിട്ട് ഒന്നരമാസം പിന്നിട്ടതേയുള്ളൂ. ഈ ചെറിയ കുഞ്ഞുങ്ങളെയും കൊണ്ട് പ്രാര്‍ഥനയുമായി ഷീമയുടെ ജിവിതം.
കേരളത്തിനു പുറമെ ബംഗാള്‍, ഛത്തീസ്ഗഡ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടേയ്ക്ക് സ്ത്രീകളെ വിവാഹം ചെയ്തുകൊണ്ടുവരുന്നത്. വിവാഹത്തോടെ പെണ്‍കുട്ടികളെന്ന വലിയ ബാധ്യത തീര്‍ക്കുന്ന സമൂഹം. ഷീമയെപ്പോലെ ഒരു പാട് ജീവിതങ്ങളുണ്ട് ഹരിയാനയിലെ ഗ്രാമങ്ങളില്‍.
1000 പുരുഷന്മാര്‍ക്ക് 800 സ്ത്രീകള്‍ എന്നതായിരുന്നു ഹരിയാനയിലെ സ്ത്രീപുരുഷ അനുപാതം. അത്രമാത്രം സ്ത്രീ അനുപാതം കുറവ്. പെണ്‍ കുഞ്ഞുങ്ങളെ പിറക്കാന്‍ പോലും അനുവദിക്കാത്ത ഗ്രാമങ്ങള്‍. ഭ്രൂണഹത്യയ്ക്ക് ആധുനികവും പ്രാകൃതവുമായ നിരവധി സംവിധാനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങിനെയുള്ള ഇടത്തേക്കാണ് കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് വധൂവേഷത്തില്‍ മലയാളി സ്ത്രീകള്‍ കടന്നെത്തുന്നത്.
ഹരിയാനയിലെ പുരുഷ കേന്ദ്രീകൃത സമൂഹ വ്യവസ്ഥിതിയില്‍ പെണ്‍കുട്ടികള്‍ കുടുംബത്തിന് ബാധ്യതയാകുന്നു എന്നതുതന്നെയാണ് പെണ്ണനുപാതം കുറയുന്നതിന്‍റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീധനം എന്ന വ്യവസ്ഥിയില്ലെങ്കിലും വിവാഹം വലിയ സാമ്പത്തിക ബാധ്യതയായിട്ടാണ് മാതാപിതാക്കള്‍ കാണുന്നത്.
സ്വന്തം കുഞ്ഞുങ്ങളെ ജനിക്കും മുമ്പേ കൊന്നുകളയുന്ന ഹരിയാനക്കാര്‍ക്ക് ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ ഗര്‍ഭപാത്രങ്ങളാവശ്യമുണ്ട്. ഇത് തേടിയാണ് ഇവര്‍ കേരളത്തിലെത്തുന്നത്. 2015ല്‍ ആണ്‍കുട്ടികള്‍ക്ക് 876 എന്നതായിരുന്നു ഹരിയാനയിലെ ആണ്‍ പെണ്‍ അനുപാതം. ഗര്‍ഭഛിദ്രം, അനധികൃതമായ ലിംഗപരിശോധന എന്നിവ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആ കാലയളവില്‍ കുറെയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എത്രമാത്രം അപരിഷ്കൃത സമീപനമാണ് ഒരു ദേശം പെണ്‍കുഞ്ഞുങ്ങളോട് പുലര്‍ത്തി പോരുന്നത് എന്നത് വ്യക്തമാക്കുന്നതാണ് ഭ്രൂണഹത്യ കണക്കുകള്‍.
ഹരിയാനയിലെ പുരുഷ കേന്ദ്രീകൃത സമൂഹ വ്യവസ്ഥിതിയില്‍ പെണ്‍കുട്ടികള്‍ കുടുംബത്തിന് ബാധ്യതയാകുന്നു എന്നതുതന്നെയാണ് പെണ്ണനുപാതം കുറയുന്നതിന്‍റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീധനം എന്ന വ്യവസ്ഥിയില്ലെങ്കിലും വിവാഹം വലിയ സാമ്പത്തിക ബാധ്യതയായിട്ടാണ് മാതാപിതാക്കള്‍ കാണുന്നത്.
എന്നാല്‍ സമീപകാലങ്ങളിലായി പെണ്‍കുഞ്ഞുങ്ങളോടുള്ള സമീപനത്തില്‍ കുറച്ചൊക്കെ മാറ്റം വരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. വിദ്യാഭ്യാസം നല്‍കുന്നു, കായികരംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു എന്നതെല്ലാം ശുഭസൂചകമാണ്. സര്‍ക്കാര്‍ തലത്തിലുള്ള ബോധവല്‍ക്കരണ പദ്ധതികള്‍ ഫലം കാണുന്നു എന്നു പറയാം. ലിംഗനിര്‍ണയം നടത്തുന്നതിനെതിരെ ശക്തമായ ബോധവത്കരണം, അനധികൃത ക്ലിനിക്കുകളെ കുറിച്ച് പരാതി നല്‍കാനുള്ള വെബ്സൈറ്റ് തുടങ്ങി വിവിധ പദ്ധതികള്‍. ഇതെല്ലാം കുറയേറെ പ്രയോജനപ്രദമാവുന്നുണ്ട്. കൂടാതെ പെണ്‍കുട്ടികളുടെ മഹത്വത്തെക്കുറിച്ച് ബോധവല്‍കരണവും സര്‍ക്കാര്‍ നടത്തുന്നു.
ആണ്‍ പെണ്‍ അനുപാതത്തില്‍ വരുന്ന പുതിയ കണക്കുകള്‍ മാറിവരുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ പ്രതിഫലനമാണ്. 2017 ലെ കണക്കുകള്‍ പ്രകാരം 5,09,290 കുട്ടികളില്‍ 2,43,226 പെണ്‍കുട്ടികളാണ്. 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ എന്ന നിരക്കിലാണ് ഇപ്പോഴെത്തെ ആണ്‍ പെണ്‍ അനുപാതം. 2016ല്‍ അത് 900വും, 2015 ല്‍ 876ഉം ആയിരുന്നു.
അതേസമയം ഹരിയാനയിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും പെണ്ണനുപാതം കുറവ് തന്നെയാണുള്ളത്. സോനിപത്ത്, ജജ്ജാര്‍, മഹേന്ദ്രഗാര്‍ഹ്, റോവാരി, എന്നീ പ്രദേശങ്ങളിലാണ് വലിയ മാറ്റമില്ലാതെ തുടരുന്നത്. എന്തായാലും ഹരിയാനയിലെത്തിയ മലയാളി സ്ത്രീകള്‍ക്ക് സംശയമൊന്നുമില്ല. സ്വപ്നങ്ങളുണ്ട് പെണ്‍കുട്ടികളെക്കുറിച്ച്.
ഹരിയാനയെ പരിഹസിച്ച് രക്ഷപ്പെടാന്‍ കഴിയുന്നതല്ല നമ്മുടെ സാമൂഹികാവസ്ഥയും. പിറക്കാന്‍ അനുവദിക്കുന്നു എന്നതുകൊണ്ട് മാത്രം പെണ്‍കുട്ടികളെ സ്നേഹിക്കുന്നു എന്ന് ഉറപ്പിക്കാനാവില്ല. സ്ത്രീധനത്തില്‍ നിന്ന് നമ്മള്‍ മുക്തരായിട്ടുണ്ടോ. പെണ്‍കുട്ടികള്‍ ബാധ്യതയായതുകൊണ്ടുതന്നെയല്ലേ ഇവരെ നമ്മള്‍ തീര്‍ത്തും അപരിചിതമായ ദേശത്തേയ്ക്ക് തള്ളിവിടുന്നത്.
സ്വന്തം നാട് തരാത്ത ജീവിതത്തെക്കുറിച്ചോര്‍ത്ത് കണ്ണീരൊഴുക്കാനൊന്നും തയാറല്ല ഈ സത്രീകളാരും. വന്നെത്തിയിടം സന്തോഷം കണ്ടെത്തുകയാണ് ഇവരെല്ലാം. മറ്റിടങ്ങളില്‍നിന്നെത്തിയ സ്ത്രീകളേക്കാള്‍ ബഹുമാനവും ഈ നാട്ടിലിവര്‍ക്ക് ലഭിക്കുന്നുണ്ട്. കാരണം വിദ്യാഭ്യാസം ഉണ്ട് എന്നത് തന്നെ
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാമൂഹ്യ വ്യവസ്ഥിതിയുമായി യാതൊരു തരത്തിലും താരതമ്യപ്പെടുത്തേണ്ട ഒന്നല്ല കേരളത്തിലെ വ്യവസ്ഥിതി. അത്രമാത്രം അന്തരമുണ്ട്. ഉയര്‍ന്ന സാക്ഷരത, ശുചിത്വബോധം, സ്ത്രീ സമത്വം, സത്രീ അനുപാതത്തില്‍ വര്‍ധന, ഇങ്ങനെ നീണ്ടുപോകുന്നു നേട്ടങ്ങളുടെ പട്ടിക. 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നതാണ് കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം. പെണ്‍കുട്ടികള്‍ ഗര്‍ഭപാത്രത്തില്‍ വച്ച് കൊല്ലപ്പെടുന്നില്ല എന്ന് അഭിമാനത്തോടെ പറയാവുന്ന കണക്കുകള്‍. പിന്നെ എവിടെയാണ് കണക്കുകള്‍ തെറ്റുന്നത് എന്നതാണ് ചോദ്യം. നിയമം മൂലം സ്ത്രീധനം നിരോധിച്ച സംസ്ഥാനത്ത്, അതിന്‍റെ പേരില്‍ സത്രീകള്‍ അന്യദേശത്തേയ്ക്ക് എത്തപ്പെടുന്നു എന്നത് അഭിമാനിക്കാവുന്നതാണോ?
സ്വന്തം നാട് തരാത്ത ജീവിതത്തെക്കുറിച്ചോര്‍ത്ത് കണ്ണീരൊഴുക്കാനൊന്നും തയാറല്ല ഈ സത്രീകളാരും. വന്നെത്തിയിടം സന്തോഷം കണ്ടെത്തുകയാണ് ഇവരെല്ലാം. മറ്റിടങ്ങളില്‍നിന്നെത്തിയ സ്ത്രീകളേക്കാള്‍ ബഹുമാനവും ഈ നാട്ടിലിവര്‍ക്ക് ലഭിക്കുന്നുണ്ട്. കാരണം വിദ്യാഭ്യാസം ഉണ്ട് എന്നത് തന്നെ. അതുകൊണ്ട് ചപ്പാത്തിയുണ്ടാക്കി ഭര്‍തൃ പരിചരണവുമായി ജീവിക്കുകയല്ല ജീവിതം എന്ന ബോധ്യവും ഇവര്‍ക്കുണ്ട്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ശ്രീജയും അനിതയുമെല്ലാം ജോലി ചെയ്യുന്നുണ്ട്. അനിത സോര്‍ക്കിയിലെ ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപികയായി വരുമാനം കണ്ടെത്തുന്നു.
ഇവരുടെ മക്കളെല്ലാം ഹരിയാനയിലെ സംസ്കാരം തന്നെയാണ് പിന്തുടരുന്നത്. മലയാളം സംസാരിക്കാനറിയില്ല. അമ്മമാരുടെ നാട്ടിലേക്കും കുടുംബത്തിലേക്കും വര്‍ഷത്തിലൊരിക്കല്‍ യാത്ര പോകും. എന്നാലും കേരളത്തെ ഇഷ്ടമാണ്. കേരളത്തില്‍ പെണ്‍കുട്ടികള്‍ സ്വതന്ത്രരാണ് എന്നതാണ് അനുവിന് അമ്മയുടെ നാടിനോടുള്ള ഇഷ്ടം. ശ്രീജയുടെ മകള്‍ പൂജയ്ക്ക് നാളികേരമാണ് കൌതുകം.
ഇങ്ങനെ മക്കളോടൊപ്പം അവരുടെ സന്തോഷത്തോടൊപ്പം, ഭര്‍ത്താവിനൊപ്പം ജീവിക്കുന്നു ഇവരെല്ലാം. ആണ്‍നാട്ടിലേയ്ക്ക് അതിഥികളായി എത്തിയ ഈ മലയാളി സ്ത്രീകളെല്ലാം ഈ മണ്ണിന്‍റെ മണത്തോടൊപ്പം ജീവിതം വേരുറപ്പിച്ചുകഴിഞ്ഞു.
Adjust Story Font
16

