മരണത്തിന്റെ തണുപ്പുള്ള ഡിസംബര്‍ മൂന്ന്
34 വര്‍ഷം മുന്‍പുള്ള ഡിസംബര്‍ 3ലെ പുലരിക്ക് മരണത്തിന്റെ ഗന്ധവും തണുപ്പുമുണ്ടായിരുന്നു. അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് ചോര്‍ന്ന വാതകം കവര്‍ന്നെടുത്തത് പതിനായിരങ്ങളുടെ ജീവനുകളാണ്.

വ്യാവസായിക വിപ്ലവാനന്തര കാലത്തെ ഭാരതത്തില്‍ കറുത്ത അധ്യായത്തില്‍ എഴുതിയ ദിനമാണ് ഡിസംബര്‍ മൂന്ന്. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി നിര്‍മാണ യൂണിറ്റില്‍ നിന്നുള്ള വിഷവായു ശ്വസിച്ച് മരിച്ച് വീണത് ആയിരങ്ങളാണ്. ചരിത്രത്തില്‍ ഈ ദിവസം ഓര്‍മപ്പെടുത്തലിന്റേത് കൂടിയാണ്.

മുപ്പത്തിനാല് വര്‍ഷം മുന്‍പുള്ള ഡിസംബര്‍ മൂന്നിലെ പുലരിക്ക് മരണത്തിന്റെ ഗന്ധവും തണുപ്പുമുണ്ടായിരുന്നു. അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് ചോര്‍ന്ന വാതകം കവര്‍ന്നെടുത്തത് പതിനായിരങ്ങളുടെ ജീവനുകളാണ്. ലക്ഷോപക്ഷം ജീവച്ഛവങ്ങള്‍. മൂന്നരപ്പതിറ്റാണ്ടുകള്‍ പിന്നിട്ട് ഇന്നും മരണത്തിന്റെ ഗന്ധം വിട്ടുമാറാത്ത തെരുവുകള്‍. മൂന്നാം തലമുറയിലേക്ക് നീണ്ട ദുരിത ജീവിതങ്ങള്‍. ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോള്‍ സംഭവിച്ചതെന്തെന്ന് അറിയുകപോലും ചെയ്യാതെ വിധിക്ക് കീഴടങ്ങിയവര്‍. ശ്വാസം മുട്ടി, നെഞ്ചെരിഞ്ഞ്, കാഴ്ച മങ്ങി മരണത്തിന്റെ ആഴത്തിലേക്ക് വീണുപോയവര്‍. മീതൈല്‍ ഐസോ സൈനേറ്റ് എന്ന മാരക വിഷം മനുഷ്യന് ഇത്രമേല്‍ ഭീഷണിയായിരുന്നുവെന്ന് ഇതിന് മുന്‍പൊരിക്കലും ആരും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല.

പൂജ്യം ഡിഗ്രി സെല്‍ഷ്യസിനോടടുത്ത താപനിലയില്‍ സൂക്ഷിക്കേണ്ട മീതൈല്‍ ഐസോ സൈനേറ്റ് ദ്രവീകൃത ശേഖരത്തിലേക്ക് വെള്ളം കയറിയതോടെ താപനില 200 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്ന് വാതകം സ്വയം പുറംതള്ളിയാണ് അപകടമുണ്ടായത്. കാറ്റിന്റെ ദിശയില്‍ വാതകം പടര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ചെറിയൊരു അപകടമുണ്ടായാല്‍ പോലും അത് പരിഹരിക്കാന്‍ വേണ്ട സംവിധാനങ്ങളില്ലായ്മ. അടിസ്ഥാനമായി വേണ്ട ശീതീകരണ സംവിധാനങ്ങളുടെ അപര്യാപ്തത. കമ്പനിയുടെ മാതൃരാജ്യമായ അമേരിക്കയില്‍ ഉപയോഗിക്കുകപോലും ചെയ്യാത്തത്ര നിലവാരം കുറഞ്ഞ പൈപ്പ് ലൈനുകള്‍. അങ്ങനെ പല പല മേഖലകളിലും പാളിച്ചകളുണ്ടായി.

വ്യാവസായിക വിപ്ലവത്തിലൂടെ വളര്‍ന്ന സമൂഹം ഞെട്ടലോടെ മാത്രം കേട്ട ദുരന്തം പിന്നീട് വലിയ വ്യവഹാരത്തര്‍ക്കത്തിലേക്ക് വഴിതുറന്നു. ദുരന്തം നടന്ന് നാല് ദിവസത്തിനകം കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന വാറന്‍ ആന്‍ഡേഴ്സനെ അറസ്റ്റ് ചെയ്തെങ്കിലും അന്ന് തന്നെ 25000 രൂപ ജാമ്യത്തുകയില്‍ അദ്ദേഹം പുറത്തിറങ്ങി അടുത്ത ദിവസംതന്നെ അമേരിക്കയിലേക്ക് കടന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും 2014 ല്‍ മരണത്തിന് കീഴടങ്ങുന്നത് വരെ ഇന്ത്യന്‍ നിയമവ്യവസ്ഥക്ക് ആന്‍ഡേഴ്സനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാല്‍ നൂറ്റാണ്ടിന് ശേഷം യൂണിയന്‍ കാര്‍ബൈഡ് കമ്പനി ചെയര്‍മാന്‍ കേശവ് മഹീന്ദ്രയുള്‍പ്പെടെ ഏഴ് ജോലിക്കാരെ കുറ്റക്കാരെന്ന് കണ്ടെത്തി.

ഇരകളായവരുടെ കുടുംബത്തിന് നാമമാത്രമായ നഷ്ടപരിഹാരം നല്‍കി കേസ് തീര്‍പ്പാക്കി. തണുത്തുറഞ്ഞ് പോയ ആയിരങ്ങളുടെ സ്വപ്നങ്ങള്‍ക്ക് എന്ത് വിലയിട്ടാലും അധികമാവില്ലെന്ന തിരിച്ചറിവ് പോലും ഇവിടെയില്ലാതായി. ആ ഡിസംബറിന്റെ ഓര്‍മ പരിഷ്കൃത സമൂഹത്തിന് മേല്‍ ഇന്നുമുണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഒരു ദിവസത്തിന്റെ ഓര്‍പ്പെടുത്തല്‍ മാത്രവുമല്ല ഈ ദിനം.
Adjust Story Font
16

