Quantcast

ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ മതി; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫേസ് ബുക്ക് പേജില്‍ പ്രതിഷേധം 

വോട്ടിങ് മെഷീന്‍ വെറുമൊരു മെഷീനല്ല, വിശ്വാസത്തിന്‍റെ പ്രതീകമാണ് എന്ന് അവകാശപ്പെടുന്ന വീഡിയോക്ക് താഴെയാണ് മലയാളികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    3 Dec 2018 10:15 AM GMT

ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ മതി; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫേസ് ബുക്ക് പേജില്‍ പ്രതിഷേധം 
X

ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഒഴിവാക്കി ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പ്രതിഷേധം തുടരുകയാണ്. വോട്ടിങ് മെഷീന്‍ വെറുമൊരു മെഷീനല്ല, വിശ്വാസത്തിന്‍റെ പ്രതീകമാണ് എന്ന് അവകാശപ്പെടുന്ന വീഡിയോക്ക് താഴെയാണ് മലയാളികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഡി.എം.കെ, ബി.എസ്.പി, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളും ഇതേനിലപാടെടുത്തു. വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടാമെന്നും അതിനാല്‍ ക്രമക്കേട് നടക്കാന്‍ സാധ്യത കൂടുതലാണെന്നുമാണ് പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയത്.

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണ്ണമായും എണ്ണിത്തിട്ടപ്പെടുത്തണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടത്. ബാലറ്റ് പേപ്പര്‍ തിരിച്ച് കൊണ്ടുവരുന്നതിനെ പിന്തുണക്കാതിരുന്ന സി.പി.എം ഇ.വി.എം മെഷീനുകളുടെ സുതാര്യത ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ വോട്ടിങ് മെഷീനുകള്‍ വിശ്വാസ്യയോഗ്യമാണെന്നാണ് പുതിയ വീഡിയോയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നത്. വീഡിയോക്ക് താഴെ പതിനാറായിരത്തിലധികം കമന്‍റുകളുണ്ട്. ഭൂരിഭാഗവും ആവശ്യപ്പെടുന്നത് ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്നാണ്. #Bring_back_ballot_paper എന്ന ഹാഷ് ടാഗിനൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പടരുന്നത്.

Because seeing is believing, the use of Voter Verifiable Paper Audit Trail (VVPAT) alongside Electronic Voting Machine...

Posted by Election Commission of India on Friday, November 30, 2018
TAGS :

Next Story