പ്രസ്താവനകളില്‍ മിതത്വം വേണം: സിദ്ധുവിനോട് കോണ്‍ഗ്രസ് നേതൃത്വം
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആര്‍മി ക്യാപ്റ്റനാണെന്നും തന്റെ ക്യാപ്റ്റന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നുമായിരുന്നു നവ്ജോത് സിങ് സിദ്ധുവിന്റെ പ്രസ്താവന

പ്രസ്താവനകളില്‍ മിതത്വം പാലിക്കാന്‍ പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ധുവിന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയതായി വിവരം. സിദ്ധുവിന്റെ ക്യാപ്റ്റന്‍ പരാമര്‍ശത്തിനെതിരെ കൂടുതല്‍ മന്ത്രിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രതിഷേധവുമായി രംഗത്തെത്തിയ മന്ത്രിമാരുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കൂടിക്കാഴ്ച നടത്തി.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആര്‍മി ക്യാപ്റ്റനാണെന്നും തന്റെ ക്യാപ്റ്റന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നുമായിരുന്നു നവ്ജോത് സിങ് സിദ്ധുവിന്റെ പ്രസ്താവന. കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ തറക്കല്ലിടലിന് മുഖ്യമന്ത്രി അമരീന്ദര്‍സിങ് ക്ഷണം നിരസിച്ചിട്ടും സിദ്ധു പോയതും ഇമ്രാന്‍ ഖാനെ മാലാഖയെന്ന് വിളിച്ചതും വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ സിദ്ധുവിന്റെ പ്രസ്താവനയെ അപലപിച്ച് കൂടുതല്‍ മന്ത്രിമാര്‍ രംഗത്തെത്തി.

സിദ്ധു മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം രാജി വെക്കണമെന്നുമായിരുന്നു മന്ത്രിമാരുടെ ആവശ്യം. പ്രതിഷേധവുമായി രംഗത്തെത്തിയ അഞ്ച് മന്ത്രിമാരുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കൂടിക്കാഴ്ച നടത്തി. സിദ്ധുവിനോട് പ്രസ്താവനകളില്‍ മിതത്വം പാലിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് വിവരം.

അമരീന്ദര്‍ പിതാവിനെ പോലെയാണെന്നും അദ്ദേഹത്തോടുള്ള ബഹുമാനം വലുതാണെന്നും ജയ്പൂരിലെ പ്രചാരണ പരിപാടിക്കിടെ സിദ്ധു പ്രതികരിച്ചു. അമരീന്ദറുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നും സിദ്ധു വ്യക്തമാക്കി. പഞ്ചാബില്‍ നടക്കുന്നത് മൂന്ന് ക്യാപ്റ്റന്മാര്‍ തമ്മിലുള്ള പോരാട്ടമാണെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് പരിഹസിച്ചു.
Adjust Story Font
16

