കര്‍ഷകരെ വറചട്ടിയില്‍ നിന്നും എരിതീയിലേക്കെറിയുന്ന മോദി കാലം
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഈ സര്‍ക്കാര്‍ എത്രത്തോളം വിജയം കണ്ടിരിക്കുന്നു? സ്വന്തം നേട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്ന അവകാശവാദങ്ങളില്‍ എത്രത്തോളം സത്യമുണ്ട്?

എല്ലാ വിധത്തിലും കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് ദ്രോഹമേല്‍പിക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഇന്നത്തെ കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലെന്നാണ് സ്വരാജ് ഇന്ത്യ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായ യോഗേന്ദ്ര യാദവ് വാദിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ നാലാമത്തെ തവണയാണ് രാജ്യത്തൊട്ടാകെയുള്ള കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഡല്‍ഹിയിലേക്ക് നീങ്ങാന്‍ തയ്യാറെടുക്കുന്നത്. മോദി ഭരണകൂടം സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും കര്‍ഷക വിരുദ്ധ സര്‍ക്കാരായി മാറിയിട്ടുണ്ടോ എന്ന ഗൌരവകരമായ ചോദ്യം നമുക്ക് മുന്നില്‍ ഉയര്‍ന്നു വന്നിരിക്കുന്ന സമയം കൂടിയാണിത്.

'മോദി രാജിലെ കര്‍ഷകന്‍: ഇരട്ടി വരുമാനമോ ഇരട്ടി വിപത്തോ?' എന്ന എന്റെ പുസ്തകത്തിന്റെ പ്രകാശനചടങ്ങിനിടെ കഴിഞ്ഞയാഴ്ച ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. കൈയിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെയും കൃഷിയുടെയും വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വിശകലനം ചെയ്യുന്ന എന്റെ ഈ പുസ്തകത്തില്‍ ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഈ സര്‍ക്കാര്‍ എത്രത്തോളം വിജയം കണ്ടിരിക്കുന്നു? സ്വന്തം നേട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്ന അവകാശവാദങ്ങളില്‍ എത്രത്തോളം സത്യമുണ്ട്? പ്രകൃതി നിര്‍മ്മിതവും അല്ലാത്തതുമായ ദുരന്തങ്ങളുടെ സമയത്തെങ്കിലും കര്‍ഷകരുടെ സഹായത്തിനെത്താന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ? ഈ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാണോ ചെയ്തിട്ടുള്ളത്? എന്റെ കൈയ്യിലെ തെളിവുകള്‍ സൂക്ഷ്മമായി അവലോകനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ച ചില ചോദ്യങ്ങളായിരുന്നു ഇത്. ഇതിനവസാനം ഇന്ത്യന്‍ റിപബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും കര്‍ഷക വിരുദ്ധ സര്‍ക്കാരിനാണ് നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്നതെന്ന നിഗമനത്തില്‍ മാത്രമേ എനിക്ക് എത്തിച്ചേരാന്‍ സാധിച്ചുള്ളൂ.

എങ്ങനെയാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക? പ്രകടമായ കാര്യങ്ങളെയും സര്‍ക്കാര്‍ സ്വയം മുന്നോട്ട് വെക്കുന്ന ചിത്രത്തെയും ആശ്രയിച്ചാല്‍ മതിയാകുമോ? ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്റെ ഭരണകൂടത്തിന് ഒരിക്കലും കര്‍ഷക വിരുദ്ധമാകാന്‍ സാധിക്കില്ലെന്ന് പറഞ്ഞത് പഞ്ചാബ് കര്‍ഷക കമ്മീഷന്‍ ചെയര്‍മാനായ അജയ് വീര്‍ ജാക്കറാണ്. കുറഞ്ഞത് കര്‍ഷകവിരുദ്ധരായി കാണപ്പെടാതിരിക്കാനെങ്കിലും എല്ലാ സര്‍ക്കാരും കിണഞ്ഞ് ശ്രമിക്കും എന്നത് സത്യമാണ്. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് സ്വന്തം ലക്ഷ്യങ്ങള്‍ മൂടിവെക്കുകയും യാഥാര്‍ത്ഥ്യത്തിന്റെ നേര്‍വിപരീതം ആളുകള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയും ചെയ്യുക എന്നത് ഇന്നത്തെ സത്യാനന്തര (post-truth) ലോകത്ത് വലിയ വെല്ലുവിളിയല്ല. യഥാര്‍ത്ഥ കണക്കുകള്‍ക്കാണ് ഇവിടെ സത്യത്തില്‍ പ്രസക്തിയുള്ളത്.
മോദി സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ചുള്ള എന്റെ അവലോകനം നിര്‍ദ്ദയവും ന്യായരഹിതവുമാണെന്ന് പ്രമുഖ കാര്‍ഷിക സാമ്പത്തികവിദഗ്ധനും കമ്മീഷന്‍ ഫോര്‍ അഗ്രകള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്റ് പ്രൈസസിന്റെ മുന്‍ ചെയര്‍പേഴ്സനുമായ പ്രൊഫസര്‍ അശോക് ഗുലാട്ടി അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രണ്ട് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന വളര്‍ച്ചയും ആഗോള തലത്തില്‍ കൃഷിയുല്‍പ്പന്നങ്ങള്‍ക്കുണ്ടായ വിലത്തകര്‍ച്ചയും കാര്‍ഷിക മാന്ദ്യം സൃഷ്ടിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, മോദി സര്‍ക്കാരിനു കീഴിലെ കാര്‍ഷിക വളര്‍ച്ചാ നിരക്കിനേക്കാള്‍ മോശപ്പെട്ട നിരക്കുകള്‍ ഇതിനു മുന്‍പുണ്ടായിട്ടുണ്ട്. രണ്ടും നല്ല വാദങ്ങളാണെങ്കിലും കാര്‍ഷിക വളര്‍ച്ച മനസ്സില്‍ വെച്ചുകൊണ്ടല്ല 'കര്‍ഷക വിരുദ്ധം' എന്ന വിശേഷണം ഞാനുപയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു.

2014ല്‍ ബി.ജെ.പി രാജ്യത്തിനു മുന്നില്‍ നിരത്തിയ വാഗ്ദാനങ്ങള്‍ വായിക്കുമ്പോള്‍ ഇന്ന് സങ്കടം തോന്നുന്നു. മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് ജൈവകൃഷിക്ക് ഇത്തിരി കൂടി ഊന്നല്‍ നല്‍കി എന്നതല്ലാതെ തങ്ങളുടെ വിളംബര പത്രികയില്‍ നിന്ന് ബി.ജെ.പിക്ക് ഇന്ന് ഓര്‍ത്തുവെക്കാന്‍ അധികമൊന്നുമില്ല. ഇതില്‍ പുതുതായി ഒന്നുമില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടും എന്നത് രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് വേണ്ടി വോട്ടു ചെയ്യുന്നവരും വര്‍ഷങ്ങളുടെ ആവര്‍ത്തനത്തിലൂടെ ഏതാണ്ട് അംഗീകരിച്ചിരിക്കുന്ന ഒരു കാര്യമാണ്.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഏറെ കൊട്ടിഘോഷിക്കപ്പെടുകയും കര്‍ഷകര്‍ക്കിടയില്‍ ബി.ജെ.പിക്ക് ഏറെ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്ത ഒരു വാഗ്ദാനം ഇവിടെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ഉല്‍പാദന ചെലവ് കഴിച്ച് 50 ശതമാനം ലാഭം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനമാണിത്. പല രീതിയില്‍ മോദി സര്‍ക്കാര്‍ ഈ വാഗ്ദാനത്തിന് തികച്ചും വിപരീതമായി പ്രവര്‍ത്തിച്ചിരിക്കുന്നു.

ഇത്തരമൊരു വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കുക എന്നത് അസാധ്യമാണ് എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം അവതരിപ്പിക്കുകയായിരുന്നു ഇതിലെ ആദ്യ പടി. തന്റെ പാര്‍ട്ടി അങ്ങനെയൊരു വാഗ്ദാനമേ നല്‍കിയിട്ടില്ല എന്നാണ് കൃഷിമന്ത്രിയായ രാധാ മോഹന്‍ സിങ് പാര്‍ലമെന്റില്‍ വാദിച്ചത്. പിന്നീട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 'ഉല്‍പാദന ചെലവ്' എന്ന പ്രയോഗത്തെ വളച്ചൊടിക്കുകയും താങ്ങുവില വര്‍ധിപ്പിച്ചതിലൂടെ ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനം പാലിച്ചിരിക്കുന്നു എന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കാന്‍ പോലും ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലകള്‍ ഔദ്യോഗിക താങ്ങുവിലയേക്കാള്‍ 20 മുതല്‍ 40 ശതമാനം കുറവാണ്. ഏറെ കെട്ടിഘോഷിക്കപ്പെട്ട പ്രഖ്യാപനം ലംഘിച്ചിരിക്കുന്നു എന്ന കര്‍ഷക സംഘടനകളുടെ ആരോപണത്തില്‍ കഴമ്പുണ്ടെങ്കിലും ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം മോദി സര്‍ക്കാരിനെ ഏറ്റവും കര്‍ഷക വിരുദ്ധ ഭരണകൂടം എന്ന് വിളിച്ചു കൂടാ.
ഇവിടെ സര്‍ക്കാര്‍ സ്വന്തം നേട്ടങ്ങളെക്കുറിച്ച് നടത്തുന്ന പ്രഖ്യാപനങ്ങള്‍ ഒന്ന് അവലോകനം ചെയ്യേണ്ടതുണ്ട്. സത്യവും പരസ്യവും തമ്മില്‍ ആകാശവും ഭൂമിയും തമ്മിലുള്ള വ്യാത്യാസമാണ് ഇവിടെ കാണുന്നത്. ചില പ്രധാനപ്പെട്ട പദ്ധതികളുടെ പ്രവര്‍ത്തനം തികച്ചും നിഷ്ഫലമായിരുന്നു എന്നതാണ് ഇതിലെ ഒരു പ്രധാന ഘടകം. 'പി.എം ആശ' എന്ന പദ്ധതി വില വര്‍ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. പ്രഖ്യാപിക്കപ്പെട്ട ജലസേജന പദ്ധതികളില്‍ 10 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജനക്കു വേണ്ടി അതിന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് 450 ശതമാനം കൂടുതല്‍ പണം മാറ്റിവെച്ചെങ്കിലും 10 ശതമാനം കൂടുതല്‍ ഗുണഭോക്താക്കളെ മാത്രമേ പദ്ധതിക്ക് ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. ദേശീയ കാര്‍ഷിക വിപണി (നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ്) അഥവാ ഇ-നാം വെറും ഒരു പ്രദര്‍ശന വസ്തു മാത്രമാണ്. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്ന പദ്ധതിയുടെ ഉദ്ദേശം എന്താണെന്ന കാര്യത്തില്‍ ഇന്നും ഒരു വ്യക്തത വന്നിട്ടില്ല. ഇവിടെ അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ ഇത്രയും അന്തരം വരുത്താന്‍ സാധിച്ചത് ശക്തമായ ഒരു പ്രചാരണപ്രസ്ഥാനത്തിന്റെ ബലത്തില്‍ മാത്രമാണ്.

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കും എന്ന പ്രഖ്യാപനമാണ് ഒരു ഉദാഹരണം. പ്രഖ്യാപനത്തിനു ശേഷം മൂന്ന് വര്‍ഷങ്ങളായെങ്കിലും കൃത്യമായ ലക്ഷ്യമെന്താണെന്നോ അതിലേക്കെത്താനുള്ള മാര്‍ഗരേഖയോ സമയപരിധിയോ എന്താണെന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലുള്ള അവലോകനത്തിനും വിഷയമാക്കിയിട്ടില്ല. ഇതിനു വേണ്ടി രൂപീകരിച്ച ഒരു കമ്മിറ്റിയെക്കുറിച്ചുള്ള വിവരണങ്ങളടങ്ങുന്ന 14 ഭാഗങ്ങളുള്ള ഒരു റിപ്പോര്‍ട്ട് മാത്രമാണ് കര്‍ഷകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഒരേയൊരു രേഖ. ഈ കമ്മിറ്റിയുടെ ഒരു നിര്‍ദ്ദേശം മറ്റൊരു കമ്മിറ്റി കൂടി രൂപീകരിക്കണം എന്നതാണ്!
കര്‍ഷകരുടെ സാഹചര്യം അങ്ങേയറ്റം ദാരുണമായ നിലയിലേക്ക് നീങ്ങിയിട്ടും അവരുടെ സഹായത്തിനെത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. മാത്രമല്ല, അവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്താന്‍ വേണ്ടി ഈ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് എന്ന തോന്നലും ഉണ്ടായിപ്പോവുന്നു.
മൂന്ന് വന്‍ദുരന്തങ്ങളാണ് മോദി ഭരണത്തിനിടെ കര്‍ഷകരെത്തേടി ഇതുവരെ വന്നത്. ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ വരള്‍ച്ച രാജ്യത്തിന്റെ പല ഭാഗങ്ങളെയും പിടികൂടി. 1960കള്‍ക്ക് ശേഷം വരള്‍ച്ച കൈകാര്യം ചെയ്യുന്നതില്‍ ഇത്രയും വീഴ്ച വന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. 2009-10ലെ വരള്‍ച്ച സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അപേക്ഷിച്ച് ഇത് തികച്ചും അപലപനീയമാണ്. ആഗോളവിപണിയില്‍ വില കൂപ്പുകുത്തിയതാണ് രണ്ടാമത്തെ ദുരന്തം. കര്‍ഷകര്‍ കിട്ടുന്ന വിലക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നോക്കിനിന്ന സര്‍ക്കാര്‍ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ നിലവില്‍കൊണ്ടുവന്നും ഇറക്കുമതിയുടെ അളവ് കൂട്ടിയും കര്‍ഷകരെ കൂടുതല്‍ വിഷമത്തിലാഴ്ത്താന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചത്. മൂന്നാമത്തെ ദുരന്തമായ നോട്ട് നിരോധനം സര്‍ക്കാര്‍ സ്വയം അടിച്ചേല്‍പ്പിച്ചതാണ്. ഇതുമൂലമുണ്ടായ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ കര്‍ഷകര്‍ ഇന്നും കരകയറിയിട്ടില്ല.

മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നേരെ കാണിച്ച ഉപദ്രവത്തിനു സമാനമായ ദ്രോഹം മറ്റൊരു സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം ഏതാണ്ട് എടുത്തുകളയാനുള്ള മോദി ഭരണകൂടത്തിന്റെ ശ്രമത്തിന് പിന്നില്‍ സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൊളോണിയല്‍ ഭരണത്തിനു കീഴില്‍ 120 വര്‍ഷങ്ങളോളം അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ക്കൊടുവില്‍ നേടിയെടുന്ന ചെറിയ പരിഗണനകള്‍ പോലും അതോടെ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടു. ആദിവാസി കര്‍ഷകരുടെ അവകാശങ്ങള്‍ എടുത്തുകളയാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഇതേ താത്പര്യങ്ങള്‍ തന്നെയാണ്. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ കന്നുകാലിവിപണിയെ തകര്‍ത്തുവെന്നു മാത്രമല്ല, കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കുന്ന തെരുവു കന്നുകാലികളെന്ന രൂക്ഷമായ പുതിയ പ്രശ്‌നം കര്‍ഷകര്‍ക്ക് മുന്നില്‍ ഇട്ടുകൊടുക്കുകയും ചെയ്തു.

മൂന്നു തരത്തിലാണ് ഒരു സര്‍ക്കാരിന് രാജ്യത്തെ കര്‍ഷകരെ ദ്രോഹിക്കാന്‍ സാധിക്കുക. ഒന്ന്, അവരുടെ പ്രത്യയശാസ്ത്രത്തില്‍ കര്‍ഷകര്‍ക്ക് യാതൊരു സ്ഥാനവും ഇല്ലായിരിക്കാം. രണ്ട്, അവരുടെ നയങ്ങള്‍ കര്‍ഷകരെ പാര്‍ശ്വവത്കരിക്കാം. മൂന്ന്, കര്‍ഷകരുടെ ബന്ധപ്പെട്ട അവരുടെ നിലപാടുകള്‍ സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യങ്ങളാല്‍ പ്രേരിതമായിരിക്കാം. ഇതിനു മുന്‍പ് വന്ന സര്‍ക്കാരുകളെല്ലാം ഇതില്‍ ഏതെങ്കിലും വിധത്തില്‍ തെറ്റു ചെയ്തവരാണ്. എന്നാല്‍ മൂന്ന് ഗണത്തിലും ഒരുപോലെ പ്രതികളായ ആദ്യത്തെ സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. ഡിസംബര്‍ 11ന് ശേഷം ഈ വിഷയം ഇനിയും ചൂടു പിടിക്കുമെന്ന് ഞാന്‍ സംശയിക്കുന്നു.
യോഗേന്ദ്ര യാദവ്
Adjust Story Font
16

