മോദി ‘’ഭാരത് മാതാ കീ ജയ്’’ വിളിക്കുന്നതിനെ വിമര്‍ശിച്ച് രാഹുല്‍; കോണ്‍ഗ്രസിന്റേത് ‘’ഫത്‍വ’’യെന്ന് മോദി
ഭാരത് മാതാ കീ ജയ് അല്ല, അംബാനി കീ ജയ് വിളിക്കുന്നതാണ് നല്ലതെന്ന് മോദിയോട് രാഹുല്‍; കോണ്‍ഗ്രസ് ഫത്‍വ പുറപ്പെടുവിക്കുകയാണോ എന്ന് മോദി

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്പോര് തുടരുന്നു. പ്രസംഗം തുടങ്ങുന്നതിന് മുമ്പ് ഭാരത് മാതാ കീ ജയ്ക്കു പകരം അംബാനി കീ ജയ് വിളിക്കുന്നതാണ് മോദിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞതിന് അതേ നാണയത്തില്‍ തന്നെയുള്ള മറുപടിയുമായി മോദി. താന്‍ പ്രസംഗത്തില്‍ എന്ത് സംസാരിക്കണമെന്ന് കോണ്‍ഗ്രസ് ഫത്‍വ പുറപ്പെടുവിക്കുകയാണെന്നായിരുന്നു മോദിയുടെ മറുപടി.
ഇന്ന് രാവിലെ ആല്‍വാറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്. മോദി, ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞാണ് സംസാരിച്ചു തുടങ്ങുന്നത്. പക്ഷേ, ആര്‍ക്കെങ്കിലും അതിന്റെ അര്‍ത്ഥമറിയുമോ? കര്‍ഷകരും യുവാക്കളും സ്ത്രീകളും തൊഴിലാളികളുമാണ് നമ്മുടെ ഭാരത മാതാവ്. എല്ലാ പ്രസംഗങ്ങളിലും ഭാരത് മാതാ കീ ജയ് എന്ന് മോദി പറയുന്നുണ്ട്. പക്ഷേ യാഥാര്‍ത്ഥ്യമെന്താണ്, അദ്ദേഹം നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും അനില്‍ അംബാനിക്കും വേണ്ടിയാണ് പണിയെടുക്കുന്നത്. ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞ് റാലികളെ അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് മോദി പിന്മാറണമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതാവ് ഇത്തരത്തില്‍ സംസാരിക്കുക എന്നതുതന്നെ നാണക്കേടാണ് എന്നായിരുന്നു രാഹുലിനുള്ള മോദിയുടെ മറുപടി. ''കോണ്‍ഗ്രസ് ഒരു ഫത്‍വയുമായി വന്നിരിക്കുകയാണ്. ഞാനെന്‍റെ റാലികളൊന്നും ഇനി ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞ് ആരംഭിക്കാന്‍ പാടില്ലെന്ന്. അവര്‍ക്കെങ്ങനെ അത് നിഷേധിക്കാനാവും. ഇത്തരത്തില്‍ ഒരു പ്രസ്താവനയിറക്കിയത് തന്നെ അവര്‍ക്ക് നാണക്കേടാണ്. മാതൃരാജ്യത്തോടുള്ള അവരുടെ ബഹുമാനക്കുറവാണിത്.’’ സികറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.
‘’ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ മിന്നലാക്രമണം നടത്തിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കയാണ്. തിരിച്ചെത്തിയ സൈനികരെ രാജ്യം മുഴുവന്‍ ആവേശത്തോടെ സ്വീകരിച്ചപ്പോള്‍, കോണ്‍ഗ്രസ് വിലപിക്കുകയാണ്. സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് അവരുടെ നേതാക്കള്‍ പറഞ്ഞു. തെളിവിനായി മിന്നലാക്രമണത്തിന്റെ ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെടുകയാണ്. സൈനികര്‍ തോക്കാണോ, കാമറയാണോ കയ്യില്‍ കരുതേണ്ടതെന്നും’’ മോദി പ്രസംഗത്തിനിടെ ചോദിച്ചു.
Adjust Story Font
16

