ബംഗാളില്‍ അമിത് ഷായുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിലക്ക്
ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി കോടതിയെ സമീപിച്ചത്.

ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നാളെ നടക്കാനിരുന്ന രഥയാത്രക്ക് വിലക്ക്. കൊല്‍ക്കത്ത ഹൈക്കോടതിയാണ് അനുമതി നിഷേധിച്ചത്. ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി കോടതിയെ സമീപിച്ചത്.
നാളെ ബംഗാളിലെ കുച്ച്ബിഹാറില്‍ നിന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിക്കാനായിരുന്നു ബി.ജെ.പി തീരുമാനം. യാത്രക്കായി അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

രഥയാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത് വര്‍ഗീയ സംഘര്‍ഷം ഉണ്ടായേക്കുമെന്നതിനാലാണെന്ന് സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തവാദിത്തം ഏറ്റെടുക്കുമെന്നും എജി ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാനപാലനം സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്നായിരുന്നു ബി.ജെ.പിക്കായി ഹാജരായ അനിന്ദ്യ മിത്രയുടെ മറുപടി.
യാത്രക്കുള്ള അനുമതി നിഷേധിച്ചതിനെതിരെ അനുബന്ധ സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനെയും എ.ജി എതിര്‍ത്തു. കേസ് ജനുവരി 9ന് കോടതി വീണ്ടും പരിഗണിക്കും.
Adjust Story Font
16

