Quantcast

ബാബരി മസ്​ജിദിനടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നില്ല വെളിപ്പെടുത്തലുമായി പുരാവസ്തു ​ഗവേഷകര്‍

സകല മാനദണ്ഡങ്ങളും ലംഘിച്ച് യാതൊരു തെളിവുകളുടേയും പിൻബലമില്ലാതെയാണ് ആർക്കിയോളജിക്കൽ സർവേയുടെ ഉത്ഖനനമെന്ന് പുരാവസ്തു ഗവേഷകരായ സുപ്രിയ വർമയും ജയ മേനോനും വെളിപ്പെടുത്തുന്നു.

MediaOne Logo

Web Desk

  • Published:

    6 Dec 2018 7:24 AM GMT

ബാബരി മസ്​ജിദിനടിയില്‍  ക്ഷേത്രം ഉണ്ടായിരുന്നില്ല വെളിപ്പെടുത്തലുമായി പുരാവസ്തു ​ഗവേഷകര്‍
X

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 26-ാം വാര്‍ഷികത്തിന്റെ തലേദിവസമാണ് പുരാവസ്തു ഗവേഷകരായ സുപ്രിയ വർമയുടെയും ജയ മേനോനിന്റെയും നിര്‍ണായക വെളിപ്പെടുത്തല്‍. ബാബരി മസ്ജിദ് നിന്നിടത്ത് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയ വാദത്തിന് യാതൊരു തെളിവുമില്ല. ആറുമാസത്തെ ഉത്ഖനനത്തിനുശേഷം ക്ഷേത്രാവശിഷ്ടങ്ങളുടെ തെളിവ് കണ്ടെത്തിയെന്നാണ് ആർക്കിയോളജിക്കൽ സർവേ അലഹാബാദ് ഹൈകോടതിയെ അറിയിച്ചിരുന്നത്. എന്നാൽ സകല മാനദണ്ഡങ്ങളും ലംഘിച്ച് യാതൊരു തെളിവുകളുടേയും പിൻബലമില്ലാതെയാണ് ആർക്കിയോളജിക്കൽ സർവേയുടെ ഉത്ഖനനമെന്നാണ് പുരാവസ്തു ഗവേഷകരായ സുപ്രിയ വർമയും ജയ മേനോനും വെളിപ്പെടുത്തുന്നത്. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ആർക്കിയോളജി പ്രഫസറാണ് സുപ്രിയ. ശിവ നടാർ സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവിയാണ് ജയ മേനോൻ.

ഹഫ് പോസ്റ്റ് ഇന്ത്യക്കുവേണ്ടിയുള്ള അഭിമുഖത്തിലാണ് ആധികാരികമായി വെളിപ്പെടുത്തുന്നത്. കെട്ടിച്ചമച്ച കൃത്രിമമായ ഉപസംഹരത്തോടു കൂടിയാണ് ആർക്കിയോളജിക്കൽ സർവേ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. ബാബരി മസ്ജിദിനടിയിൽ ക്ഷേത്രം ഉണ്ടായിരുന്നില്ല.

മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പുരാവസ്തു ഗവേശകർ ബാബരിക്ക് കീഴില്‍ പള്ളിയാണുണ്ടായിരുന്നതെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്. പടിഞ്ഞാറന്‍ മതിലാണതിലൊന്ന്, അത് പള്ളിയുടെ നമസ്‌കാരത്തിൽ മുഖം തിരിച്ചു നില്‍ക്കുന്ന ഭാഗത്തിനായി നിര്‍മിച്ചതാണ്. അത് ക്ഷേത്ര രൂപഘടനയായിരുന്നില്ല. ക്ഷേത്രങ്ങള്‍ മറ്റൊരു രീതിയിലാണ് ഉണ്ടാവാറ്.

ക്ഷേത്രത്തിന്റേതായ തൂണുകൾ കണ്ടെത്തിയെന്നായിരുന്നു സര്‍വേ ഓഫ് ഇന്ത്യയുടെ മറ്റൊരു വാദം. എന്നാല്‍ അത് യഥാര്‍ഥത്തില്‍ തൂണുകളായിരുന്നില്ല, മറിച്ച് തകര്‍ന്നുപോയ കല്ലുകളായിരുന്നു. അതിനുള്ളില്‍ മണ്ണുമുണ്ടായിരുന്നു. അത് ഉറപ്പിച്ച് നിര്‍ത്തുക പോലും ചെയ്തിരുന്നില്ല. അതിനെയാണ് റിപോര്‍ട്ടില്‍ തൂണുകളുടെ അടിത്തറയെന്ന് കളവായി വ്യാഖ്യാനിച്ചതെന്നും അവർ ചൂണ്ടികാട്ടി. 400-500 കെട്ടിടാവശിഷ്ടങ്ങള്‍ അവിടെയുണ്ടായിരുന്നു. അതില്‍ 12 എണ്ണമായിരുന്നു പ്രധാനപ്പെട്ടത്. പള്ളിയുടെ കുമ്മായത്തറയില്‍ നിന്നാണ് അത് കണ്ടെടുത്തത്. അതില്‍ സ്ത്രീയുടെയും പുരുഷന്റെയും രൂപം ഉണ്ടായിരുന്നു. പാതി തകര്‍ന്നതായിരുന്നു അത്. കല്ല് ക്ഷേത്രമായിരുന്നു എന്ന വാദമാണ് അതിനെക്കുറിച്ച് ഉയര്‍ത്തിയത്. എന്നാല്‍ കല്ല് ക്ഷേത്രമായിരുന്നെങ്കില്‍ കൂടുതല്‍ കൊത്തുപണികളുള്ള കല്ലുകള്‍ കാണണമായിരുന്നെന്നാണ് ഇവരുടെ വാദം. അത് ഏതു കാലത്തേതാണെന്ന് വ്യക്തമല്ല. ഇത്തരം കല്ലുകളുടെ കാലം കണക്കാക്കാന്‍ പറ്റും. എന്നാല്‍ അത് ക്ഷേത്രത്തിന്റേതല്ലെന്ന് വ്യക്തമായിരുന്നു. റിപോര്‍ട്ടില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഏതുകാലത്താണ് അവിടെ ക്ഷേത്രമുണ്ടായിരുന്നതെന്ന് പറഞ്ഞിട്ടില്ല. ഉണ്ടായിരുന്നു എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

1970ല്‍ കണ്ടെത്തിയ തൂണിന്‍റെ അടിത്തറ

പുരാവസ്തുവകുപ്പ് അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റാണെന്ന് സമര്‍ത്ഥിക്കുന്ന സുപ്രിയ വർമയുടെയും ജയ മേനോനിന്റെയും പ്രബന്ധം നേരത്തെ ഇക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. തെളിവു തേടിയുള്ള ഉത്ഖനനത്തിന്റെ മാനദണ്ഡങ്ങൾ മനഃപൂർവം ലംഘിച്ചത്
ഉത്ഖനന ചുമതലക്കാരനായ ബി.ആർ. മണിയാണ്. ബി.ജെ.പി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലാണ് പുരാവസ്തു വകുപ്പ് അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഇവരുടെ ആരോപണം. അന്ന് ഖനനം നടത്തി പരിശോധിക്കാന്‍ നേതൃത്വം നല്‍കിയ ബി.ആര്‍ മണിയെ പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറലായി നിയമിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story