ബുലന്ദ്ശഹറിലെ ഇന്‍സ്പെക്ടറുടെ കൊലപാതകം: പ്രതിയായ സൈനികന്‍ അറസ്റ്റില്‍
ബുലന്ദ്ഷഹറിലെ ഇന്‍സ്പെക്ടറുടെ കൊലപാതകത്തില്‍ സൈനികന്‍ ജിതേന്ദ്ര മാലിക്കിനെതിരെ തെളിവുണ്ടെങ്കില്‍ പൊലീസിന് മുന്നില്‍ ഹാജരാക്കുമെന്ന് കരസേന മേധാവി

ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവെച്ച് കൊലപ്പടുത്തിയ സംഭവത്തില്‍ പ്രതിയായ സൈനികന്‍ പിടിയില്‍. ജിതേന്ദ്ര മാലിക് എന്ന സൈനികനെ ജമ്മു കശ്മീരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ അക്രമങ്ങളില്‍ പോലീസ് കൃത്യവിലോപം നടത്തിയെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹര്‍ എസ്.എസ്.പി ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോസ്ഥരെ സ്ഥലം മാറ്റി.
അതിനിടെ ബുലന്ദ്ഷഹറിലെ ഇന്‍സ്പെക്ടറുടെ കൊലപാതകത്തില്‍ സൈനികന്‍ ജിതേന്ദ്ര മാലിക്കിനെതിരെ തെളിവുണ്ടെങ്കില്‍ പൊലീസിന് മുന്നില്‍ ഹാജരാക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. പൊലീസിന് സൈനികനെ സംശയമുണ്ടെങ്കില്‍ ചോദ്യം ചെയ്യാം. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

അക്രമങ്ങളുടേതായി പുറത്ത് വന്ന വീഡിയോകളില്‍ പലതിലും സൈനീകനായ ജീത്തുവിന്‍റെ സാന്നിധ്യം വ്യക്തമായതാണ് നിര്‍ണ്ണായകമായത്. ഇതിനെ തുടര്‍ന്ന് രണ്ട് പോലീസ് സംഘം ജമ്മുകാശ്മീരിലേക്ക് തിരിച്ചിരുന്നു. അക്രമങ്ങള്‍ക്ക് ശേഷം ജീത്തു ഫൗജി കാശ്മീരിലേക്ക് രക്ഷപ്പെട്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാറിന് ഇടത് കണ്ണിന് മുകളിലാണ് വെടിയേറ്റിരുന്നത്. വെടിയുതിര്‍ത്തത് ജീത്തു ഫൗജിയാണെന്നാണ് അന്വേഷണസംഘത്തിന്‍റെ അനുമാനം. കാശ്മീരില്‍ നിന്ന് അറസ്റ്റ് ചെയ്ത സൈനികനെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ട് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ബുലന്ദ്ഷഹറില്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്ന എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹര്‍ എസ്.എസ്.പി കൃഷ്ണ ബഹാദുര്‍ സിങ് അടക്കമുള്ളവരെ സ്ഥലം മാറ്റി. സിതാപൂര്‍ എസ്.പിയായിരുന്ന പ്രഭാകര്‍ ചൌധരിയാണ് പുതിയ ബുലന്ദ്ഷഹര്‍ എസ്.എസ്.പി. ഇതോടൊപ്പം ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും ചിങ്ക്രാവട്ടി പോലീസ് സ്റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റിയിട്ടുണ്ട്.
Adjust Story Font
16

