എ.എ.പി സംയുക്ത പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കും
പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് സംയുക്ത പ്രതിപക്ഷ യോഗം

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്. ആം ആദ്മി പാര്‍ട്ടി ആദ്യമായി സംയുക്ത പ്രതിപക്ഷ യോഗത്തിനെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ബി.എസ്.പി അധ്യക്ഷ മായാവതി യോഗത്തിനെത്തുമോ എന്ന് വ്യക്തമല്ല.

പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് സംയുക്ത പ്രതിപക്ഷ യോഗം. ഓരോ നേതാക്കളെയും വെവ്വേറെ കണ്ട് സഖ്യ സാധ്യത ടി.ഡി.പി നേതാവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉറപ്പാക്കിയിരുന്നു. ജനാധിപത്യ - ഭരണ ഘടന സംരക്ഷണത്തിന് ഒരുമിച്ചുള്ള നീക്കം അനിവാര്യമാണെന്നാണ് ഭൂരിഭാഗം പാര്‍ട്ടികളുടെയും വിലയിരുത്തല്‍. സഖ്യത്തില്‍ നിന്നും മാറിനിന്നിരുന്ന എ.എ.പി ഇത്തവണ യോഗത്തിനെത്തുമെന്ന് അറിയിച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യനിരയില്‍ തൃണമൂല്‍ നേതാവ് മമത ബാനര്‍ജിക്ക് അതൃപ്തിയുണ്ടെങ്കിലും സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കുമോ എന്ന് ബി.എസ്.പി ഇതുവരെ അറിയിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാണെങ്കില്‍ തീരുമാനമെടുക്കാമെന്നാണ് മായാവതിയുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക പാര്‍ട്ടികളായ ബി.ജെ.ഡി, ടി.ആര്‍.എസ് എന്നിവ സഖ്യ നീക്കങ്ങളില്‍ നിന്നും മാറിനില്‍ക്കുകയാണ്. പതിനേഴോളം പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തെത്തുമെന്നാണ് കണക്കുകൂട്ടല്‍.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചയാകും. ഭരണഘടന സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര നടപടി, റഫാല്‍, കര്‍ഷക പ്രശ്നങ്ങള്‍, ബുലന്ദ് ശഹര്‍ കലാപ ശ്രമം തുടങ്ങിയവയില്‍ പ്രതിഷേധം ഉയര്‍ത്താനാണ് നീക്കം. കേരളത്തിലെ പ്രളയത്തിലും തമിഴ്നാട്ടിലുണ്ടായ ഗജ കാറ്റിലും ഇരു സഭകളിലും പ്രത്യേക ചര്‍ച്ചയും ആവശ്യപ്പെട്ടേക്കും.
Adjust Story Font
16

