കിംഗ് മേക്കറാകാന്‍ കുപ്പായം തയ്പ്പിച്ചു; സീറോയായി മടക്കം
ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 20 സീറ്റെങ്കിലും തങ്ങള്‍ക്ക് നേടാന്‍ കഴിയുമെന്നായിരുന്നു അജിത് ജോഗി തിരഞ്ഞെടുപ്പ് വേളകളിലെല്ലാം പ്രതികരിച്ചത്

ഛത്തീസ്ഗഢില്‍ കാലിടറി അജിത് ജോഗി - മായാവതി സഖ്യം. സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രി. അഴിമതി ആരോപണം കൊണ്ടും കൊലപാതക കേസിലും പെട്ട് കോണ്‍ഗ്രസില്‍ നിന്നും പുറത്തായി പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ അത് മറ്റൊരു ചരിത്രമാകുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. പരമ്പരാഗത ദലിത് വോട്ടുകളെ കീശയിലാക്കാന്‍ ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് (ജെ.സി.സി) രൂപീകരിച്ച് ബി.എസ്.പിക്കും സി.പി.ഐക്കും ഒപ്പം ചേര്‍ന്ന് സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും ഏറ്റില്ല എന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം പറയുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 20 സീറ്റെങ്കിലും തങ്ങള്‍ക്ക് നേടാന്‍ കഴിയുമെന്നായിരുന്നു അജിത് ജോഗി തിരഞ്ഞെടുപ്പ് വേളകളിലെല്ലാം പ്രതികരിച്ചത്. ഛത്തീസ്ഗഢില്‍ അജിത് ജോഗിയെന്ന രാഷ്ട്രീയ ചാണക്യനും ജെ.സി.സിക്കും ഇനി എന്ത് ഭാവി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം ചോദിക്കുന്നത്. എന്ത് വന്നാലും കോണ്‍ഗ്രസിനൊപ്പം ഇനി ഒരു ബന്ധവുമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു അവസാന നിമിഷത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി അജിത് ജോഗി മത്സരിച്ചത്. തങ്ങള്‍ക്ക് നിര്‍ണായകമാകുമെന്ന് ജോഗി കരുതിയ ദളിത് വിഭാഗമായ സത്‌നാമികള്‍ക്കിടയില്‍ പോലും കാര്യമായി ഒന്നും ചെയ്യാനായില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മാര്‍വാഹി മണ്ഡലത്തില്‍ നാലാം സ്ഥാനത്തേക്കാണ് അജിത് ജോഗി തള്ളപ്പെട്ടത്.

ഛത്തീസ്ഗഢില്‍ അജിത് ജോഗിയുടെ ജെ.സി.സിയും മായാവതിയുടെ ബി.എസ്.പിയും കണ്ണുവച്ചത് 13 സീറ്റുകളില്‍ ജംഗിര്‍ ചമ്പ ലോക്‌സഭാ മണ്ഡലത്തിലെ എട്ടും ബിലാസ്പുര്‍ ബെല്‍റ്റിലെ അഞ്ചും. നിര്‍ണായകമായ ഈ 13 സീറ്റുകള്‍ നേടി കിങ്‌മേക്കറാകാനുള്ള ശ്രമമാണ് ഛത്തീസ്ഗഡ് രാഷ്ട്രീയത്തിലെ അതികായന്‍ അജിത് ജോഗി നടത്തിയത്. ജംഗിര്‍ ചമ്പ ലോക്‌സഭ സീറ്റിലെ – അകാല്‍തര, ജംഗിര്‍ ചമ്പ, സക്തി, ചന്ദ്രപുര്‍, ജയ്ജയ്പുര്‍, പംഗഢ്, ബിലൈഗഢ്, കസ്‌ഡോള്‍ എന്നിവിടങ്ങളില്‍ രമണ്‍സിങ് മന്ത്രിസഭയുടെ കാലത്ത് കോണ്‍ഗ്രസിന്റെ കൈയിലുണ്ടായിരുന്നത് അകാല്‍തരയും ജംഗിര്‍ ചമ്പയും മാത്രമായിരുന്നു. ബി.എസ്.പിയുടെ കൈയില്‍ ജയ്ജയ്പുരും ബാക്കിയുള്ളവ ബി.ജെ.പിയുടെ കൈയിലുമാണ്.
Adjust Story Font
16

