വനത്തിനുള്ളില്‍ ധ്യാനത്തിലിരിക്കേ സന്യാസിയെ പുലി കൊലപ്പെടുത്തി
സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച് സന്യാസിമാര്‍ വനത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

കാട്ടില്‍ ധ്യാനത്തിലിരിക്കേ ബുദ്ധ സന്യാസിയെ പുലി ആക്രമിച്ചു കൊന്നു. മഹാരാഷ്ട്രയിലെ രാംദേഗി വനത്തില്‍ ധ്യാനിച്ചുകൊണ്ടിരിക്കേയാണ് രാഹുല്‍ വാല്‍കേ ബോധിയെന്ന 35കാരനെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ മൃതദേഹം കണ്ടെത്തി.

തലസ്ഥാനമായ മുംബൈയില്‍ നിന്നും 825 കിലോ മീറ്റര്‍ അകലെയുള്ള സംരക്ഷിത വനത്തിലാണ് അപകടമുണ്ടായത്. ആഴ്ച്ചകള്‍ക്കുള്ളില്‍ പ്രദേശത്ത് നടന്ന നാലാമത്തെ ആക്രമണമാണിത്. സന്യാസികള്‍ പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച് വനത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നേരത്തെ, പ്രദേശവാസിയായ ഒരു കച്ചവടക്കാരനെ കടയുടെ പുറത്തുവെച്ച് പുലി പിടിച്ചതിന് ദിവസങ്ങള്‍ക്കകമാണ് പുതിയ അക്രമണമുണ്ടായിരിക്കുന്നത്. രണ്ട് ആക്രമണങ്ങളും ഒരു പുലി തന്നെയാണോ എന്ന് അന്വേഷിച്ച് വരികയാണ്.

ഇന്ത്യയിലാകമാനം 12,000-14,000 പുലികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ആവാസ വ്യവസ്ഥ ചുരുങ്ങിയതു വഴി ഇവ നാടുകളിലേക്ക് ഇറങ്ങി വരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും, വര്‍ഷം പ്രതി നൂറോളം പേര്‍ പുലിയുടെ ആക്രമണത്തിന് ഇരയാക്കപ്പെടുന്നതായാണ് വിവരം. കഴിഞ്ഞ വര്‍ഷം 431 പുലികള്‍ വിവിധ ഇടങ്ങളിലായി വേട്ടയാടപ്പെട്ടതായും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
Adjust Story Font
16

