‘രാമനൊപ്പം സീതയുടെ പ്രതിമ കൂടി നിര്‍മ്മിക്കണം’ യോഗിക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്
അയോധ്യയില്‍ താമസിക്കാന്‍ സാധിക്കാതിരുന്ന സീതക്ക് അവിടെ ആദരണീയമായ സ്ഥാനം നല്‍കണമെന്നാണ് സിംങിന്റെ ആവശ്യം.

രാമന്റെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്. രാമന്റെ പ്രതിമയുടെ നീളം കുറച്ച്, അതിനൊപ്പം സീതയുടെ പ്രതിമ കൂടി നിര്‍മ്മിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംങ് യോഗിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
''താങ്കള്‍ രാമ പ്രതിമ്മ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, രാമന്റെ പ്രതിമയുടെ നീളം പകുതിയായി കുറക്കുക. എന്നിട്ട്, രാമ പ്രതിമക്കൊപ്പം സീതയുടെ പ്രതിമയുടെ കൂടി നിര്‍മ്മിക്കുക.'' കരണ്‍ സിംങ് കത്തില്‍ പറയുന്നു. രണ്ടാഴ്ച മുമ്പാണ് 221 മീറ്റര്‍ നീളത്തില്‍ രാമപ്രതിമ നിര്‍മ്മിക്കുമെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അയോധ്യയില്‍ താമസിക്കാന്‍ സാധിക്കാതിരുന്ന സീതക്ക് അവിടെ ആദരണീയമായ സ്ഥാനം നല്‍കണമെന്നാണ് സിംങിന്റെ ആവശ്യം. ''വിവാഹിതയായ ശേഷം സീത അയോധ്യയിലേക്ക് വന്നെങ്കിലും, പിന്നീട് നീണ്ട 14 വർഷക്കാലം രാമ ലക്ഷ്മണന്മാര്‍ക്കൊപ്പം വനവാസത്തിലായിരുന്നു. ആ സമയത്ത് തന്നെ, രാവണൻ തട്ടിക്കൊണ്ടുപോയി ശ്രീലങ്കയിൽ തടവിലും പാര്‍പ്പിച്ചു. അവിടെ നിന്ന് രാമന്‍ രക്ഷിച്ചെങ്കിലും പിന്നീട് അഗ്നി പരീക്ഷണത്തിന് വിധേയയാക്കപ്പെടുകയും ചെയ്തു.'' സിംങ് പറഞ്ഞു.
221 മീറ്റര്‍ നീളത്തില്‍ വെങ്കലത്തിലാണ് രാമന്റെ പ്രതിമ നിര്‍മ്മിക്കുകയെന്ന് ഉത്തർപ്രദേശ് സർക്കാർ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. നിര്‍മ്മിക്കാന്‍ പോകുന്ന പ്രതിമയുടെ മാതൃകാ ചിത്രവും മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. അതേസമയം പ്രതിമയുടെ കൃത്യമായ സ്ഥാനമോ ചെലവോ വിശദമാക്കിയിട്ടില്ല.
Adjust Story Font
16

