റഫാലില്‍ സി.എ.ജി റിപ്പോര്‍ട്ട്: കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ്
സി.ഐ.ജി റിപ്പോര്‍ട്ടിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. റിപ്പോര്‍ട്ട് പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് മുന്‍പില്‍ എത്തിയിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം. ഇല്ലാത്ത സി.എ.ജി റിപ്പോര്‍ട്ട് ഉണ്ടെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ സി.എ.ജിയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

റഫാല്‍ യുദ്ധവിമാനങ്ങളുടെ വില കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിശോധിച്ചെന്നും റിപ്പോര്‍ട്ട് പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് നല്‍കിയെന്നുമുള്ള സുപ്രീംകോടതി വിധിയിലെ പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇങ്ങനെയൊരു റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിക്കുന്നത്. പി.എ.സി യോഗത്തിലേക്ക് സി.എ.ജിയെയും അറ്റോണി ജനറലിനെയും വിളിച്ചുവരുത്തി കൂടുതല്‍ വിവരങ്ങള്‍ തേടും.

സി.എ.ജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പി.എ.സിയുടെ സൂക്ഷ്മപരിശോധനക്ക് ശേഷമാണ് പാര്‍ലമെന്റില്‍ വരിക. റഫാല്‍ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറായി വരുന്നതേയുള്ളൂവെന്നാണ് സി.എ.ജി വൃത്തങ്ങള്‍ അറിയിക്കുന്നത്. അതിനാല്‍ സി.എ.ജിയുടെയും പി.എ.സിയുടെയും പേരില്‍ തെറ്റായ വിവരം പ്രധാനമന്ത്രി കോടതിയെ ധരിപ്പിച്ചിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. റഫാലില്‍ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിന് ആശ്വാസം പകര്‍ന്നെങ്കില്‍ പുതിയ വിവാദത്തോടെ അവര്‍ വീണ്ടും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ സംബന്ധിച്ച് തെറ്റായ വിവരം സുപ്രീംകോടതിയില്‍ നല്‍കിയെന്ന ഗുരുതര ആരോപണത്തോട് കേന്ദ്ര സര്‍ക്കാരോ ബി.ജെ.പിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

