Quantcast

ബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി 

രഥയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഉചിതമായ കാരണം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത് ആലോചിക്കാതെയാണെന്നും കോടതി വിലയിരുത്തി.

MediaOne Logo

Web Desk

  • Published:

    20 Dec 2018 6:24 PM IST

ബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി 
X

പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി. ഈ മാസം നിശ്ചയിച്ച മൂന്ന് രഥയാത്രകള്‍ക്കാണ് അനുമതി. യാത്രകള്‍ തടഞ്ഞതില്‍ മമത സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി കൈകൊള്ളണമെന്നും കോടതി പറഞ്ഞു.

രഥയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ മമത സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. രഥയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഉചിതമായ കാരണം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത് ആലോചിക്കാതെയാണെന്നും കോടതി വിലയിരുത്തി.

ഈ മാസം 22, 24, 26 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന രഥയാത്രകള്‍ക്കാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കണം. രഥയാത്ര പോകുന്ന വഴി കോടതിയെ നേരത്തെ അറിയക്കണം എന്നിവയാണ് ഉപാധികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിവര്‍ യാത്രയില്‍ പങ്കെടുക്കും. കോടതി തീരുമാനം മമത സര്‍ക്കാരിന് മുഖത്തേറ്റ പ്രഹരമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.

സംഘര്‍ഷ സാധ്യതയുണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം ശരിവച്ച് നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് രഥയാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ബി.ജെ.പി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചാണ് അനുകൂല വിധി സമ്പാദിച്ചത്.

ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പിയുടെ രഥയാത്ര. സാമുദായിക സംഘര്‍ഷമുണ്ടായേക്കാമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് മമത സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്.

സംസ്ഥാനത്തെ 294 നിയമസഭ മണ്ഡലങ്ങളില്‍ 240 എണ്ണത്തിലൂടെയും കടന്ന് പോകുന്ന തരത്തിലാണ് രഥയാത്രകള്‍ സംഘടിപ്പിക്കുന്നത് എന്നാണ് വിവരം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 22 സീറ്റുകള്‍ നേടുകയാണ് അമിത്ഷായുടേയും ബി.ജെ.പിയുടേയും പ്രഖ്യാപിത ലക്ഷ്യം.

TAGS :

Next Story