മുന്‍ഭാര്യയെ കൊന്ന ശേഷം പിടിക്കപ്പെടാതിരിക്കാന്‍ അവരുടെ ഫേസ് ബുക്ക് അക്കൌണ്ട് സജീവമായി നിലനിര്‍ത്തി ഡോക്ടര്‍
രാഖി ജീവനോടെയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഫേസ് ബുക്കില്‍ അപ്ഡേഷനുകള്‍ നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു

നേപ്പാളില്‍ വെച്ച് മുന്‍ഭാര്യയെ കൊക്കയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഡോക്ടര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ പ്രമുഖ സര്‍ജനായ ഡോ. ധര്‍മേന്ദ്ര പ്രതാപ് സിംഗാണ് പിടിയിലായത്‍. സംഭവം നടന്ന് ഏഴ് മാസം കഴിഞ്ഞാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
മുന്‍ ഭാര്യ രാഖി ശ്രീവാസ്തവയുടെ ഫേസ് ബുക്ക് അക്കൌണ്ട് സജീവമായി നിലനിര്‍ത്തിയ ഇയാള്‍ രാഖി ജീവനോടെയുണ്ടെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രാഖി അസമിലാണെന്നാണ് ഫേസ് ബുക്ക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയത്. സംഭവത്തില്‍ ഡോക്ടറോടൊപ്പം രണ്ട് സഹായികളും പിടിയിലായി.
രാഖിയെ കാണാനില്ലെന്ന് ജൂണ്‍ 24നാണ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇപ്പോഴത്തെ ഭര്‍ത്താവ് മനീഷിനൊപ്പം നേപ്പാളില്‍ പോയ ശേഷമാണ് രാഖിയെ കുറിച്ച് ബന്ധുക്കള്‍ക്ക് ഒരു വിവരവുമില്ലാതായത്. തുടര്‍ന്ന് മനീഷിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. നേപ്പാളില്‍ പോയിരുന്നുവെന്ന് മനീഷ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ രാഖി അവിടെ തുടരുകയും താന്‍ തിരിച്ചുവരികയും ചെയ്തെന്ന് മനീഷ് പറഞ്ഞു. തുടര്‍ന്നാണ് ആദ്യ ഭര്‍ത്താവായ ഡോക്ടറിലേക്ക് അന്വേഷണം നീണ്ടത്.
ഡോക്ടറുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് ഇയാളും ജൂണില്‍ നേപ്പാളില്‍ പോയിരുന്നുവെന്ന് കണ്ടെത്തി. അതിനിടെ നേപ്പാളിലെ പൊക്രയില്‍ നടത്തിയ അന്വേഷണത്തില്‍ കൊക്കയില്‍ നിന്ന് സ്ത്രീയുടെ ജഡം കിട്ടിയതായി നേപ്പാള്‍ പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. പണവും വീടും ആവശ്യപ്പെട്ട രാഖി ബ്ലാക്ക് മെയില്‍ ചെയ്തതിനാലാണ് കൊന്നതെന്ന് ഡോക്ടര്‍ കുറ്റസമ്മതം നടത്തി.
രാഖി നേപ്പാളിലുണ്ടെന്ന് അറിഞ്ഞ ഡോക്ടര്‍ അവരെ വകവരുത്താന്‍ രണ്ട് പേര്‍ക്കൊപ്പം നേപ്പാളിലെത്തുകയായിരുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം പൊക്റയില്‍ കൊണ്ടുപോയി കൊക്കയില്‍ തള്ളുകയായിരുന്നു. രാഖി ജീവനോടെയുണ്ടെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താന്‍ അവരുടെ മൊബൈല്‍ ഫോണില്‍ നിന്നും ഫേസ് ബുക്കില്‍ അപ്ഡേഷന്‍ നടത്തിക്കൊണ്ടിരുന്നു. ഒക്ടോബര്‍ നാലിലെ ടവര്‍ ലൊക്കേഷന്‍ പ്രകാരം ഫോണ്‍ അസമിലെ ഗുവാഹത്തിയിലായിരുന്നു. ഫേസ് ബുക്കിലും അസമിലാണെന്നാണ് അപ്ഡേറ്റ് ചെയ്തത്. രാഖി ജീവനോടെയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്ന് ഡോക്ടര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
Adjust Story Font
16

