തൂത്തുക്കുടി വെടിവെപ്പ്: സി.ബി.ഐ അന്വേഷണം തുടങ്ങി
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്

തൂത്തുക്കുടി വേദാന്ത - സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. 15 ആയുധങ്ങളുടെ രേഖകള്‍ ശേഖരിച്ചു. പരിക്കേറ്റവരില്‍ നിന്നും പൊലീസ് - റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഉരുക്ക് നിര്‍മ്മാണ പ്ലാന്‍റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് നേരെ കഴിഞ്ഞ മെയ് മാസത്തിലാണ് വെടിവെപ്പുണ്ടായത്. 13 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 12 പേര്‍ക്കും തലക്കും നെഞ്ചിലും വളരെ അടുത്ത് നിന്നാണ് വെടിയേറ്റതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓട്ടോപ്സി റിപ്പോര്‍ട്ടിലുണ്ട്. 17കാരനായ സ്നോളിന്‍റെ വായയില്‍ തോക്കിന്‍കുഴല്‍ വച്ച് കാഞ്ചി വലിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 40കാരി ജാന്‍സിക്ക് തലക്ക് പിറകിലാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിച്ച തോക്കുകളും മറ്റു ആയുധങ്ങളും സംബന്ധിച്ച രേഖകള്‍ സി.ബി.ഐ ശേഖരിച്ചു. വെടിവെപ്പിനുള്ള ഉത്തരവും പരിശോധിച്ചു. പോലീസുകാരെയും റവന്യൂ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റവരില്‍ നിന്നും ദൃക്സാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിവരികയാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിഷേധത്തിനും വെടിവെപ്പിനും പിന്നാലെ അടച്ചിട്ട പ്ലാന്‍റ് തുറക്കാന്‍ അനുവാദം നല്‍കി ദേശീയ ഹരിത ട്രിബ്യൂണല്‍ ഈ മാസം 16ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഈ വിധി സ്റ്റേ ചെയ്തു.
Adjust Story Font
16

