പശുവിന്റെ പേരില്‍ മുസ്‍ലിംകളെ ആക്രമിക്കുന്നത് തടയാത്തവര്‍ സ്ത്രീകളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നു; സര്‍ക്കാരിനെ തുറന്നുകാട്ടി പ്രതിപക്ഷം
ശബരിമലയിലെ സ്ത്രീപ്രവേശ വിധിയോട് കാട്ടുന്ന സമീപനവും ലോക്സഭയില്‍ ചര്‍ച്ചയായി

മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ വാദങ്ങളെ കടന്നാക്രമിച്ചും തുറന്നുകാട്ടിയും പ്രതിപക്ഷം. മുസ്‍ലിം സ്ത്രീയുടെ തുല്യതക്കായി വാദിക്കുന്ന ഭരണപക്ഷം, ശബരിമലയിലെ സ്ത്രീപ്രവേശ വിധിയോട് കാട്ടുന്ന സമീപനവും ലോക്സഭയില്‍ ചര്‍ച്ചയായി

മുസ്‍ലിം സ്ത്രീകളോടുള്ള അനീതിയും അസമത്വവും അവസാനിപ്പിക്കാനാണ് മുത്തലാഖ് ബില്ലെന്നായിരുന്നു അവതരണവേളയിലെ സര്‍ക്കാര്‍ വാദം. കോടതിയല്ല, ഭരണകൂടമാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ ന്യൂനപക്ഷ വിധി പ്രകാരമാണ് നിയമനിര്‍മാണമെന്നും നിയമമന്ത്രി വാദിച്ചു. അങ്ങനെയെങ്കില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യം.
മുസ്‍ലിം സ്ത്രീകളും സമുദായത്തിന്റെ ഭാഗമാണെന്നും പശുവിന്റെ പേരിലും മറ്റും മുസ്‍ലിംകളെ ആക്രമിക്കുന്നത് തടയാന്‍ ഒന്നും ചെയ്യാത്തവര്‍ സ്ത്രീകളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നും സി.പി.എം അംഗം മുഹമ്മദ് സലീം പറഞ്ഞു.
2017ല്‍ ബില്‍ ലോക്സഭ പാസാക്കുമ്പോള്‍ ഉണ്ടായതിനെക്കാള്‍ എതിര്‍പ്പും പ്രതിഷേധവും ഇത്തവണയുണ്ടായി. അന്ന് കൃത്യമായ നിലപാട് സ്വീകരിക്കാതിരുന്ന ബി.ജെ.ഡിയും എന്‍.ഡി.എ സഖ്യകക്ഷി കൂടിയായ എ.ഐ.എ.ഡി.എം.കെയും ഇത്തവണ ബില്ലിനെ ശക്തമായെതിര്‍ക്കുകയും കോണ്‍ഗ്രസിനൊപ്പം വോട്ടെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തു. സി.പി.എം, മുസ്‍ലിം ലീഗ്, ആര്‍.എസ്.പി എന്നിവരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
Adjust Story Font
16

