കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭവുമായി രാജ്യത്തെ വിദ്യാര്‍ഥികളും യുവാക്കളും ഒന്നിക്കുന്നു
രോഹിത് വെമുലയുടെ മരണത്തിന്റെ ഉത്തരവാദികളെയും നജീബിന്റെ തിരോധാനത്തിനു പിന്നിലുള്ളവരെയും സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി. സര്‍ക്കാരിനുള്ളതെന്നും യങ് ഇന്ത്യന്‍ കമ്മിറ്റി ആരോപിച്ചു.

കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭവുമായി രാജ്യത്തെ വിദ്യാര്‍ഥികളും യുവാക്കളും ഒന്നിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍ അവകാശങ്ങളുയര്‍ത്തി ഫെബ്രുവരി ഏഴിനു ചെങ്കോട്ടയില്‍നിന്ന് പാര്‍ലമെന്റിലേക്കു വിദ്യാര്‍ഥിയുവജന പദയാത്രാപ്രക്ഷോഭം നടക്കും. ഇതിനു മുന്നോടിയായി നാല്‍പതോളം സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനുകളെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ നാഷണല്‍ യങ് ഇന്ത്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം അവസാനിപ്പിക്കുക, സംവരണം ഉറപ്പാക്കുക, കാമ്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഫെബ്രുവരിയിലെ പ്രതിഷേധം. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള യുവജനങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കുന്ന സമരങ്ങളും ഒരു കുടക്കീഴിലാക്കും.
മുംബൈ ടിസ് (TISS), പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹർലാൽ നെഹ്റു സർവകലാശാല( ജെ.എന്‍.യു), അലിഗഢ് മുസ്‌ലിം സര്‍വകലാശാല, പഞ്ചാബ് സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥി യൂണിയനുകള്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഫോറം, ഐസ (AISA), മൈനോരിറ്റി കോഓര്‍ഡിനേഷന്‍ കമ്മിറ്റി, ഓള്‍ ആദിവാസി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍, പിന്‍ജ്ര തോഡ്, ബനാറസ് ഹിന്ദു സര്‍വകലാശാല മൂവ്‌മെന്റ്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല തുടങ്ങിയവയിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ ഏകോപനസമിതി.
രോഹിത് വെമുലയുടെ മരണത്തിന്റെ ഉത്തരവാദികളെയും നജീബിന്റെ തിരോധാനത്തിനു പിന്നിലുള്ളവരെയും സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി. സര്‍ക്കാരിനുള്ളതെന്നും യങ് ഇന്ത്യന്‍ കമ്മിറ്റി ആരോപിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിദ്യാഭ്യാസമേഖലയില്‍ ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ച സര്‍ക്കാരാണിതെന്ന് വിദ്യാര്‍ഥിനേതാക്കള്‍ കുറ്റപ്പെടുത്തി. 2013'14 വര്‍ഷത്തില്‍ യു.പി.എ. സര്‍ക്കാര്‍ ബജറ്റിന്റെ 4.77 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെച്ചപ്പോള്‍ ഈ സര്‍ക്കാരിന്റേത് കേവലം 3.48 ശതമാനമാണ്. പൊതുബജറ്റിന്റെ പത്തു ശതമാനം വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കണം. 'ജിയോ' മോഡല്‍ കോളേജുകളോടാണ് കേന്ദ്രത്തിനു പ്രിയം. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴത്തേത്.
Adjust Story Font
16

