കരിങ്കൊടി കാണിച്ചേക്കുമെന്ന പേടി; മോദിയുടെ സന്ദര്‍ശന ദിവസം കറുത്ത വസ്ത്രം നിരോധിച്ച് ജാര്‍ഖണ്ഡ് ജില്ലാഭരണകൂടം
പലാമു ജില്ലാ ഭരണകൂടമാണ് അന്നേദിവസം കറുപ്പ് വസ്ത്രങ്ങള്‍ നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മോദിക്കെതിരെ കരിങ്കൊടി കാണിച്ചേക്കുമെന്ന പേടിയാണ് നിരോധത്തിന് പിന്നില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കറുപ്പ് നിറത്തിലുള്ള വസ്ത്രം നിരോധിച്ച് ജാര്‍ഖണ്ഡിലെ ജില്ലാ ഭരണകൂടം. ജനുവരി 5നാണ് പ്രധാനമന്ത്രി ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ സന്ദര്‍ശനം നടത്താനിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പലാമു ജില്ലാ ഭരണകൂടമാണ് അന്നേദിവസം കറുപ്പ് വസ്ത്രങ്ങള്‍ നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മോദിക്കെതിരെ കരിങ്കൊടി കാണിച്ചേക്കുമെന്ന പേടിയാണ് നിരോധത്തിന് പിന്നില്‍.
ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരുപോലെ വിലക്ക് ബാധകമാണ്. കറുത്ത വസ്ത്രങ്ങള്‍ കൂടാതെ കറുത്ത നിറത്തിലുള്ള സോക്സ്, ബാഗുകള്‍, പഴ്സ്, ഷൂ, തൊപ്പി തുടങ്ങിയവക്കും നിരോധമുണ്ട്. അധ്യാപക ജോലി സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി ജാര്‍ഖണ്ഡിലെ പാരാ-ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്ത് പ്രക്ഷോഭം നടത്തിവരികയാണ്. ഇതോടെ കരിങ്കൊടി കാണിച്ചേക്കുമെന്ന ഭയമാണ് ഭരണകൂടത്തിന്.
ജനുവരി 5ന് രാവിലെ 10.30ഓടെ ജില്ലയിലെത്തുന്ന മോദി ഒരു മണിക്കൂറാണ് ഇവിടെ ചിലവഴിക്കുക. പലാമുവില്‍ നിര്‍മ്മിക്കുന്ന മന്ദാൽ ഡാം ജലസേചനപദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് പ്രധാനമന്ത്രി നിർവഹിക്കും. 2,500 കോടി ചിലവിട്ട് നിര്‍മ്മിക്കുന്ന അണക്കെട്ടാണ് ഇത്. പലാമു, ഗർവാ ജില്ലകളില്‍ കുടിവെള്ളത്തിനും ജലസേചനത്തിനുമായി 1,138 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന പൈപ്പ് ലൈൻ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
Adjust Story Font
16

