ലോക്സഭയില്‍ കള്ളംപറഞ്ഞ നിര്‍മല സീതാരാമന്‍ രാജിവെക്കണമെന്ന് രാഹുല്‍
റഫാല്‍ ഇടപാട് സംബന്ധിച്ച് ലോക്സഭയില്‍ മറുപടി പറയവെ പ്രതിരോധ മന്ത്രി നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലിയാണ് രാഹുലിന്റെ വിമര്‍ശം.

റഫാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എച്ച്.എ.എല്ലുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ കള്ളം പറഞ്ഞ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

റഫാല്‍ ഇടപാട് സംബന്ധിച്ച് ലോക്സഭയില്‍ മറുപടി പറയവെ പ്രതിരോധ മന്ത്രി നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലിയാണ് രാഹുലിന്റെ വിമര്‍ശം. എന്‍.ഡി.എ സര്‍ക്കാര്‍ വന്ന ശേഷം ഹിന്ദുസ്ഥാന്‍ എയറനോട്ടിക്സ് ലിമിറ്റഡിന് ഒരു ലക്ഷം കോടിയുടെ ഓര്‍ഡറുകള്‍ നല്‍കിയെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഒരു രൂപയുടെ പോലും ഓര്‍ഡറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എച്ച്.എ.എല്‍ അധികൃതരെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത്രയും വലിയ തുകയുടെ ഓര്‍ഡറുകള്‍ സംബന്ധിച്ച വാര്‍ത്ത ഓഹരി ഉടമകള്‍ക്കിടയില്‍ കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും എച്ച്.എ.എ പറയുന്നു. ഈ വാര്‍ത്ത ഉദ്ധരിച്ചാണ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ രാഹുലിന്റെ കടന്നാക്രമണം. മന്ത്രിയുടെ അവകാശവാദങ്ങള്‍ സത്യമാണെങ്കില്‍ അത് തെളിയിക്കാനാവശ്യമായ രേഖകള്‍ ലോക്സഭയില്‍ വെക്കണം. അതിന് കഴിയില്ലെങ്കില്‍ മന്ത്രി രാജിവെക്കണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം റഫാല്‍ ചര്‍ച്ചയില്‍ രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ നിര്‍മലാ സീതാരാമന്‍ തന്നെ കള്ളിയെന്ന് വിളിച്ചതിനെതിരെ വികാരാധീനയാവുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രി തെറ്റുകാരിയല്ലെന്നും പ്രധാനമന്ത്രിയുടെ കളവിനെ പ്രതിരോധിക്കുക മാത്രമാണ് മന്ത്രി ചെയ്യുന്നതെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
Adjust Story Font
16

