നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസിന്റെ അവകാശലംഘന നോട്ടീസ്
എച്ച്.എ.എല്ലിന് നല്‍കിയ കരാറുകളെ സംബന്ധിച്ച് നിര്‍മല സീതാരാമന്‍ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്. എച്ച്.എ.എല്ലിന് സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് നോട്ടീസ്. കരാറുകള്‍ ഉള്ളത് തന്നെയാണെന്ന് രേഖകള്‍ സഭയില്‍ വെച്ചുകൊണ്ട് മന്ത്രി വിശദീകരിച്ചു. അനില്‍ അംബാനിക്ക് വേണ്ടി, ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത നിലയിലേക്ക് കേന്ദ്രം എച്ച്.എ.എല്ലിനെ തള്ളിവിട്ടെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി

റഫാല്‍ ചര്‍ച്ചയില്‍ മറുപടി പറയവെ എച്ച്.എ.എല്ലിന് സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്ന നിര്‍മല സീതാരാമന്റെ പരാമര്‍ശമാണ് വിവാദമായത്. ഒരു രൂപയുടെ കരാര്‍ പോലും യാഥാര്‍ഥ്യമായിട്ടില്ലെന്ന എച്ച്.എ.എല്ലിന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവകാശവാദം തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുകയും കഴിയില്ലെങ്കില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കെ.സി വേണുഗോപാല്‍ എം.പിയാണ് മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. 26570 കോടിയുടെ കരാറുകള്‍ ഇതിനകം ഒപ്പിട്ടെന്നും 73000 കോടിയുടെ കരാറുകള്‍ തയ്യാറായി വരികയാണെന്നും പ്രതിരോധ മന്ത്രി ഇന്ന് വിശദീകരിച്ചു. ശമ്പളം നല്‍കാന്‍ പോലും കടമെടുക്കേണ്ടി വരികയാണെന്ന എച്ച്.എ.എല്‍ എം.ഡിയുടെ പ്രസ്താവന സഭയില്‍ വായിച്ചുകൊണ്ടാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്.

എച്ച്.എ.എല്ലിന് 20000 കോടി രൂപ വ്യോമസേന കുടിശ്ശിക തീര്‍ക്കാനുണ്ടെന്ന് കപില്‍ സിബല്‍ ഇന്ന് ട്വിറ്ററില്‍ ആരോപിച്ചു. റഫാല്‍ കരാറില്‍ നിന്ന് എച്ച്.എ.എല്ലിനെ ഒഴിവാക്കിയത് ബോധപൂര്‍വ്വമാണെന്നും പൊതുമേഖല സ്ഥാപനത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കുകയാണെന്നുമുള്ള വിമര്‍ശമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
സഭാ നടപടികള്‍ക്കിടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ച മൂന്ന് എ.ഐ.ഡി.എം.കെ അംഗങ്ങളെയും ഒരു ടി.ഡി.പി അംഗത്തെയും സ്പീക്കര്‍ രണ്ട് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കെ.എന്‍ രാമചന്ദ്ര, പി വേണുഗോപാല്‍, കെ ഗോപാല്‍, എന്‍ ശിവപ്രസാദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. രണ്ട് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍.
Adjust Story Font
16

