കശ്മീരിലെ അക്രമം; ഐ.എ.എസ് റാങ്ക് ജേതാവ് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക്
നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് ഷാ ഫൈസല്‍ കശ്മീരിലെ ബാരാമുള്ള മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്നാണ് സൂചന.

2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കശ്മീരില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ രാഷ്ട്രീയത്തിലേക്ക്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു.
എന്തുകൊണ്ടാണ് ഐ.എ.എസ് പദവി രാജിവെച്ചതെന്നു ഷാ ഫൈസല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഭാവി പരിപാടികള്‍ വെള്ളിയാഴ്ച്ച പത്രസമ്മേളനത്തില്‍ പറയുമെന്നും ഷാ പറഞ്ഞു.
ഷാ ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
“കശ്മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും കേന്ദ്ര ഗവണ്മെന്റിന്റെ അതിനോടുള്ള നിലപാടുകള്‍ക്കെതിരെയും, ഇരുന്നൂറു മില്യണ്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ഹിന്ദുത്വ ശക്തികള്‍ നിരന്തരം അപരവല്‍ക്കരിക്കുകയും പാര്‍ശ്വവത്കരിക്കുകയും അങ്ങനെ അവരെ രണ്ടാം തരം പൗരന്മാര്‍ എന്നിടത്തേക്ക് ചുരുക്കുകയും ചെയ്യുന്നതിനെതിരെ, ജമ്മു കാശ്മീരിനുള്ള പ്രത്യേകപദവിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ, അതിദേശീയതയുടെ പേരില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചു ഞാന്‍ ഇന്ത്യന്‍ ഭരണ സര്‍വീസില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു.”
നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് ഷാ ഫൈസല്‍ കശ്മീരിലെ ബാരാമുള്ള മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്നാണ് സൂചന. ‘ഉദ്യോഗസ്ഥഭരണത്തിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമെന്ന്’ വിശേഷിപ്പിച്ചുകൊണ്ട് ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ട്വീറ്റിലൂടെ ഷാ ഫൈസലിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
2010ലെ സിവില്‍ സര്‍വീസ് പരീക്ഷയിലാണ് ഫൈസല്‍ ഒന്നാം റാങ്ക് നേടിയത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കശ്മീരിയാണ് ഷാ. ജമ്മു ആന്‍ഡ് കശ്മീര്‍ കേഡറിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ജില്ലാ മജിസ്‌ട്രേറ്റ്, ഡയറക്ടര്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പവര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി എന്നീ സ്ഥാനങ്ങള്‍ ഷാ ഫൈസല്‍ വഹിച്ചിരുന്നു. ഹാര്‍വാഡ് കെന്നഡി സ്‌കൂളിലെ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് പൂര്‍ത്തിയാക്കി അമേരിക്കയില്‍ നിന്നും അടുത്തിടെയാണ് ഷാ ഫൈസല്‍ തിരിച്ചെത്തിയത്.
സിവില്‍ സര്‍വീസില്‍ പ്രവേശിച്ച അന്നു മുതല്‍ ഷാ വാര്‍ത്താ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഷാ വരികളെഴുതിയ കശ്മീര്‍ ടൂറിസത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുജറാത്തിലെ പീഡന വാര്‍ത്ത റേപ്പിസ്ഥാനെന്ന തലക്കെട്ടില്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ഷാ ഫൈസലിനോട് പൊതുഭരണ വിഭാഗം വിശദീകരണം ചോദിക്കുകയും ചെയ്ത് നേരത്തെ വിവാദമായിരുന്നു.
Adjust Story Font
16

