Quantcast

രാജ്യദ്രോഹ കുറ്റം കൊളോണിയല്‍ നിയമം; ഇന്ന് ആവശ്യമില്ലെന്ന് കപില്‍ സിബല്‍ 

സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍, ട്വീറ്റ് ചെയ്താല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണെന്ന് കപില്‍ സിബല്‍

MediaOne Logo

Web Desk

  • Published:

    16 Jan 2019 7:09 AM GMT

രാജ്യദ്രോഹ കുറ്റം കൊളോണിയല്‍ നിയമം; ഇന്ന് ആവശ്യമില്ലെന്ന് കപില്‍ സിബല്‍ 
X

രാജ്യദ്രോഹ നിയമത്തിന്റെ ആവശ്യം ഇന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അത് കൊളോണിയല്‍ നിയമമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍, ട്വീറ്റ് ചെയ്താല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. പൗരന്മാരെ നിലയ്ക്കു നിര്‍ത്താനെന്ന വിധത്തില്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു.

ജെ.എന്‍.യുവില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് കപില്‍ സിബലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും സിബല്‍ വിമര്‍ശിച്ചു.

അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് വിദ്യാര്‍ഥികള്‍ക്കെതിരായ കേസ്. കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും പുറമെ അനിര്‍ബന്‍ ഭട്ടാചാര്യ, അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

TAGS :

Next Story