ആറ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന്, ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്ന കമ്പനിയുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ബഹളം വെച്ചു. തുടര്‍ന്നാണ് അദാനി എന്റര്‍പ്രൈസസാണ് കമ്പനിയെന്ന് വ്യോമയാന സഹമന്ത്രി പറഞ്ഞത്...

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെ ചൊല്ലി ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ബന്ധിച്ചതോടെ അദാനി ഗ്രൂപ്പാണ് എയര്‍പോര്‍ട്ടുകള്‍ ഏറ്റെടുക്കുന്നതെന്ന് വ്യോമയാന സഹമന്ത്രി ഹര്‍ദീപ് കൗര്‍ പറഞ്ഞു.
കൊല്‍ക്കത്ത വിമാനത്താവളം രണ്ടായിരം കോടി മുടക്കി നവീകരിച്ച ശേഷം സ്വകാര്യവല്‍ക്കരിക്കുന്നതിനെ കുറിച്ച് തൃണമൂല്‍ അംഗം സൗഗത റോയിയാണ് ചോദ്യം ഉന്നയിച്ചത്.
കൊല്‍ക്കത്ത ഉള്‍പ്പടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ സുതാര്യമായാണ് നടത്തുന്നതെന്ന് വ്യോമയാന സഹമന്ത്രി ഹര്‍ദീപ് കൌര്‍ മറുപടി നല്‍കി. മെച്ചപ്പെട്ട കരാറാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞ മന്ത്രിയോട് ഏത് കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു.
അദാനിയെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കൊല്‍ക്കത്ത വിമാനത്താവളം ഇതുവരെ സ്വകാര്യവല്‍ക്കരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്ന കമ്പനിയുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. അദാനി എന്റര്‍പ്രൈസസാണ് കമ്പനിയെന്നും മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ് പറഞ്ഞു.
അദാനിയെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ ഏതു തരത്തിലുള്ള ചര്‍ച്ചക്കും തയ്യാറാണെന്ന് മന്ത്രി മറുപടി നല്‍കി.
Adjust Story Font
16

