കോവിഡ് പരിശോധനയ്ക്കായി ഗുജറാത്തിലെ പ്രത്യേക കമ്പനിയുടെ മാത്രം കിറ്റ്: ദുരൂഹമായ നീക്കവുമായി കേന്ദ്രം
രാജ്യത്ത് 20ഓളം കമ്പനികള്‍ കോവിഡ് പരിശോധനക്കുള്ള കിറ്റുകള്‍ തുച്ഛമായ വിലക്ക് നല്‍കാന്‍ തയ്യാറാണെങ്കിലും അമേരിക്കന്‍ അംഗീകാരത്തിന്റെ പേരു പറഞ്ഞ് കോസാറയെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുകയാണെന്നാണ് ആരോപണം.

കോവിഡ് പരിശോധനക്കായി രാജ്യത്തെ പന്ത്രണ്ട് ലാബറട്ടറി ശൃംഖലകളെ കൂടി നിയോഗിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. കോവിഡ് പരിശോനക്കായി ഉപയോഗിക്കുന്ന കിറ്റുകള്‍ ഗുജറാത്തിലെ ഒരു പ്രത്യേക കമ്പനിയുടേത് മാത്രമായിരിക്കണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം. അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം വേണമെന്ന മാനദണ്ഡം നിശ്ചയിച്ചാണ് ഗുജറാത്തിലെ ഒരു പ്രത്യേക കമ്പനിയുടെ കിറ്റിന് മാത്രം അനുമതി ലഭിച്ചത്.

മാര്‍ച്ച് 21നാണ് തെരഞ്ഞെടുത്ത ഏതാനും സ്വകാര്യ ലാബുകളില്‍ കൂടി കോവിഡ് പരിശോധന നടത്താനാവുമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നത്. അതേസമയം അമേരിക്കന്‍, യൂറോപ്യന്‍ അംഗീകാരമുള്ള കിറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും 4500 രൂപയില്‍ കൂടുതല്‍ ഈ ലാബുകള്‍ രോഗികളില്‍ നിന്നും ഈടാക്കരുതെന്നും സര്‍ക്കാര്‍ ഈ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് അഹമ്മദാബാദിലെ കോസാറാ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന കിറ്റിനു മാത്രമാണ് നിലവില്‍ ഈ അംഗീകാരമുള്ളത്. രാജ്യത്ത് 20ഓളം കമ്പനികള്‍ കോവിഡ് പരിശോധനക്കുള്ള കിറ്റുകള്‍ തുച്ഛമായ വിലക്ക് മാര്‍ക്കറ്റിലെത്തിക്കാന്‍ തയ്യാറാണെങ്കിലും അമേരിക്കന്‍ അംഗീകാരത്തിന്റെ പേരു പറഞ്ഞ് കോസാറയെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുകയാണെന്നാണ് ആരോപണം.

വിലകൂടിയ കോസാറാ കിറ്റുകള്‍ ഉപയോഗിക്കേണ്ടി വരുന്നതു കൊണ്ടാണ് 4500 രൂപ പരിശോധനക്ക് ഈടാക്കേണ്ടി വരുന്നത്. അതേസമയം ഇന്ത്യന്‍ കിറ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ 500 രൂപ കൊണ്ട് പരിശോധന നടത്താനാവുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദശലക്ഷം ആളുകളില്‍ ഇന്ത്യ പരിശാധിക്കുന്നത് വെറും 10.5 ആളുകളെയാണെന്ന ആരോപണം നിലനില്‍ക്കെയാണ് ദുരൂഹമായ നീക്കവുമായി കേന്ദ്രം മുന്നോട്ടു പോകുന്നത്.
Adjust Story Font
16

