Quantcast

കോവിഡ് രോഗികളെ ശ്രുശ്രൂഷിച്ച ഡോക്ടര്‍ക്ക്, ചികിത്സ നിഷേധിച്ചത് മൂന്ന് ആശുപത്രികള്‍; 28 ദിവസത്തിന് ശേഷം മരണം

28 ദിവസം രോഗത്തോട് മല്ലിട്ട ശേഷം ബംഗലുരുവിലെ മെഡിക്കല്‍ കോളേജ് ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഇന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.

MediaOne Logo

  • Published:

    23 July 2020 4:38 PM GMT

കോവിഡ് രോഗികളെ ശ്രുശ്രൂഷിച്ച ഡോക്ടര്‍ക്ക്, ചികിത്സ നിഷേധിച്ചത് മൂന്ന് ആശുപത്രികള്‍; 28 ദിവസത്തിന് ശേഷം മരണം
X

കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ കൈ ഒഴിഞ്ഞത് മൂന്ന് ആശുപത്രികള്‍. 28 ദിവസത്തിന് ശേഷം ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. ബംഗലുരുവില്‍ അനേകം കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി ഡോക്ടര്‍ മഞ്ജുനാഥിനായിരുന്നു ഈ വിധി. 50 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗലുരുവിലെ മൂന്ന് സ്വകാര്യ ആശുപത്രികളാണ് മഞ്ജുനാഥിന് ചികിത്സ നിഷേധിച്ചത്. 28 ദിവസം രോഗത്തോട് മല്ലിട്ട ശേഷം ബംഗലുരുവിലെ മെഡിക്കല്‍ കോളേജ് ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഇന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.

രാംനഗര ജില്ലയിലെ കനകപുര താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് 19 ഡ്യൂട്ടിയുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകനായിരുന്നു മഞ്ജുനാഥ്. ജൂണ്‍ 25 ന് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനാല്‍ കോവിഡ് ബാധ സംശയിച്ചിരുന്നു. സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും റിസള്‍ട്ട് കിട്ടിയിരുന്നില്ല. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ മഞ്ജുനാഥിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റാനായി ബന്ധുക്കള്‍ ശ്രമിച്ചു.

എന്നാല്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ഇല്ലാതെ പ്രവേശിപ്പിക്കില്ല എന്ന നിലപാടാണ് ആശുപത്രികള്‍ എടുത്തത്. മൂന്ന് ആശുപത്രികളില്‍ എത്തിച്ചിട്ടും പ്രവേശനം കിട്ടിയില്ല. മറ്റ് രണ്ട് ആശുപത്രികളും എന്തുകൊണ്ടാണ് ആദ്യ ആശുപത്രി ഉപേക്ഷിച്ചു വിട്ടത് എന്ന് ചോദിക്കുകയും ടെസ്റ്റ് റിപ്പോര്‍ട്ട് കിട്ടാത്തതുകൊണ്ടാണെന്ന് അവരെ അറിയിച്ചപ്പോള്‍ അവരും അഡ്മിറ്റാക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

അന്നുതന്നെ നാലാമത്തെ ആശുപത്രിയില്‍ ഏറെ നേരം കാത്തിരുന്ന ശേഷം അഡ്മിറ്റാക്കി. ആദ്യം ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ജൂലൈ 9 ന് വഷളായതിനെ തുടര്‍ന്ന് ബംഗലുരു മെഡിക്കല്‍ കോളേജ് ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു ഡോക്ടര്‍. എന്നാലിന്ന് മരണം സംഭവിക്കുകയായിരുന്നു.

ശ്വാസകോശം വേണ്ടത്ര വികസിക്കാതിരുന്നതിനാല്‍ ഫിസിയോ തെറാപ്പിസ്റ്റിന്‍റെ സേവനം ആവശ്യമായി വന്നു ഡോക്ടര്‍ക്ക്. എന്നാല്‍ പിപിഇ കിറ്റ് ഇല്ലാതെ കോവിഡ് ഐസിയുവില്‍ പ്രവേശിക്കാന്‍ ഫിസിയോ തെറാപ്പിസ്റ്റ് സമ്മതിച്ചില്ല. സ്വകാര്യ ഫിസിയോയുടെ സേവനം ലഭ്യമാക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തി. ഒരാള്‍ വരാന്‍ തയ്യാറായെങ്കിലും ബിഎംസിആര്‍ഐയുടെ നടപടിക്രമങ്ങളില്‍ അത് നീണ്ടുനീണ്ടു പോയി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

രണ്ടു ദിവസം മുമ്പ് ഡോക്ടറുടെ ഭാര്യാപിതാവ് കോവിഡ് രോഗം ബാധിച്ചു മരിച്ചിരുന്നു. ഡോക്ടറായ ഭാര്യയ്ക്കും 14 കാരന്‍ മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മഞ്ജുനാഥിന്‍റെ കുടുംബത്തിലെ ആറു പേര്‍ക്കാണ് കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയിരിക്കുന്നത്. വീട്ടില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും കോവിഡിനെതിരേ പോരാട്ടം നടത്തുന്നവരായിട്ടും തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് മഞ്ജുനാഥിന്‍റെ ഭാര്യാസഹോദരനും ഡോക്ടറുമായ നാഗേന്ദ്ര പറഞ്ഞു.

TAGS :

Next Story