Quantcast

'മിഷൻ അയോധ്യ വിജയിച്ചു, അടുത്തത് കാശിയും മഥുരയും': ബിജെപി നേതാവ്

കാശിയിലെയും മഥുരയിലെയും ക്ഷേത്രനിർമാണം എന്നും അജണ്ടയിലുണ്ട്. എളുപ്പമല്ല. സമയമെടുക്കും. ഇക്കാര്യം ഞങ്ങൾ ആലോചിച്ച് തീരുമാനിക്കും- വിനയ് കത്യാര്‍

MediaOne Logo

  • Published:

    3 Aug 2020 10:42 AM IST

മിഷൻ അയോധ്യ വിജയിച്ചു, അടുത്തത് കാശിയും മഥുരയും: ബിജെപി നേതാവ്
X

കാശി, മഥുര ക്ഷേത്ര നിര്‍മ്മാണം എല്ലാ കാലത്തും ബിജെപിയുടെ അജണ്ടയിലുള്ള കാര്യങ്ങളാണെന്ന് ബിജെപി നേതാവ് വിനയ് കത്യാര്‍. ആ ലക്ഷ്യത്തിലെത്താനുള്ള വഴി തേടും. ഔട്ട്ലുക്കിന് നൽകിയ അഭിമുഖത്തിലാണ് വിനയ് കത്യാർ ഇക്കാര്യം വ്യക്തമാക്കിയത്.

അയോധ്യ സൂചന മാത്രം, കാശിയും മഥുരയും വരാനുണ്ടെന്ന 90കൾ മുതലുള്ള സംഘപരിവാർ മുദ്രാവാക്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വിനയ് കത്യാറുടെ പ്രതികരണം- 'കാശിയിലെയും മഥുരയിലെയും ക്ഷേത്രനിർമാണം എന്നും അജണ്ടയിലുണ്ട്. എളുപ്പമല്ല. സമയമെടുക്കും. ഇക്കാര്യം ഞങ്ങൾ ആലോചിച്ച് തീരുമാനിക്കും'.

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്, അല്ലാതെ കാശിക്കും മഥുരയ്ക്കുമല്ല എന്ന ചില ബിജെപി, വിഎച്ച്പി നേതാക്കളുടെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോൾ അയോധ്യയിൽ ആ​ഗസ്ത് 5ന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയാൽ പിന്നെ ക്ഷേത്രനിർമാണം തുടങ്ങുകയാണല്ലോ എന്നായിരുന്നു വിനയ് കത്യാറുടെ മറുപടി. പിന്നെ അവിടെ കൂടുതലൊന്നും ശ്രദ്ധിക്കാനില്ല. അതോടെ കാശി വിശ്വനാഥ ക്ഷേത്രം, മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രം എന്നീ ലക്ഷ്യങ്ങൾക്കായുള്ള ഒരുക്കം തുടങ്ങാമെന്നും കത്യാർ വ്യക്തമാക്കി.

കാശിയിലെ ഗ്യാന്‍വാപി മോസ്കും മഥുരയിലെ ഷാഹി ഇദ്​ഗാഹും 91ലെ പ്ലെയ്സ് ഓഫ് വർഷിപ്പ് ആക്റ്റ് പ്രകാരം സംരക്ഷിക്കപ്പെട്ടതാണല്ലോ എന്ന ചോദ്യത്തിന് സംരക്ഷിച്ചോട്ടെ, പക്ഷേ മോസ്കുകൾ അവിടെ നിന്നും നീക്കേണ്ടതുണ്ട്, എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം എന്നായിരുന്നു മറുപടി. ബാബരി മസ്ജിദ് തർക്കത്തിലുണ്ടായ രക്തച്ചൊരിച്ചിലും വർ​ഗീയ കലാപങ്ങളും ചൂണ്ടിക്കാട്ടിയപ്പോൾ ലക്ഷ്യം നേടാൻ മരിക്കാൻ വരെ തയ്യാറാണെന്നായിരുന്നു കത്യാറിന്റെ മറുപടി.

ആ​ഗസ്ത് 5നാണ് അയോധ്യയിലെ ഭൂമി പൂജയും ശിലാസ്ഥാപനവും. പ്രധാനമന്ത്രിക്ക് ഇറങ്ങാൻ മൂന്ന് കിലോമീറ്റർ അകലെ ഹെലിപാഡ് സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമാണം പൂർത്തിയാക്കി. എല്ലാവർക്കും ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ അയോധ്യയുടെ പല ഭാ​ഗങ്ങളിലായി തത്സമയ സംപ്രേഷണത്തിനായി വലിയ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. പൂജാരിമാർ ഉൾപ്പെടെ ആകെ 200 പേരുണ്ടാകും ഭൂമിപൂജയ്ക്ക്. അതിനിടെ പൂജയിൽ പങ്കെടുക്കേണ്ട പൂജാരിമാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണങ്ങൾ പാലിച്ച് ആ​ഗസ്ത് 5ന് തന്നെ ഭൂമിപൂജ നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

TAGS :

Next Story