പ്രധാനമന്ത്രിയുടെ കാര്യത്തിൽ ആശങ്കയുണ്ട്.. അയോധ്യയിലെ ഭൂമിപൂജയിൽ പങ്കെടുക്കില്ലെന്ന് ഉമ ഭാരതി
ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താൻ അയോധ്യയിൽ എത്തുമെങ്കിലും ഭൂമി പൂജയിൽ പങ്കെടുക്കുന്നില്ലെന്ന് ഉമ ഭാരതി വ്യക്തമാക്കിയത്.

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാവ് ഉമ ഭാരതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂമിപൂജയിൽ പങ്കെടുക്കേണ്ടെന്ന് ഉമ ഭാരതി തീരുമാനിച്ചത്.
ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താൻ അയോധ്യയിൽ എത്തുമെങ്കിലും ഭൂമി പൂജയിൽ പങ്കെടുക്കുന്നില്ലെന്ന് ഉമ ഭാരതി വ്യക്തമാക്കിയത്. ചടങ്ങിന് ശേഷം എല്ലാവരും പോയ ശേഷം താൻ സ്ഥലം സന്ദർശിക്കുമെന്നും ഉമ ഭാരതി ട്വീറ്റ് ചെയ്തു.
'അമിത് ഷാക്കും മറ്റ് ബിജെപി നേതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയില്‍ പങ്കെടുക്കുന്നവരുടെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്, പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയുടെ കാര്യത്തിൽ'- എന്നാണ് ഉമ ഭാരതിയുടെ ട്വീറ്റ്.
कल जब से मैंने श्री @AmitShah जी तथा @BJP4UP के नेताओं के बारे में कोरोना पोज़िटिव होने का सुना तभी से मै अयोध्या में मंदिर के शिलान्यास में उपस्थित लोगों के लिये ख़ासकर @narendramodi जी के लिये चिंतित हूँ ।
— Uma Bharti (@umasribharti) August 3, 2020
ഭോപ്പാലിൽ നിന്ന് താൻ ട്രെയിൻ മാർഗമാണ് ഉത്തർപ്രദേശിലെത്തുക. യാത്രയിൽ ചിലപ്പോൾ കോവിഡ് പോസിറ്റീവ് ആയവർ കൂടെയുണ്ടാകാം. പ്രധാനമന്ത്രിയുടെയും ചടങ്ങിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെയും സുരക്ഷ പരിഗണിച്ച് താൻ ചടങ്ങിൽ പങ്കെടുക്കാതെ മാറിനിൽക്കും. ചടങ്ങ് നടക്കുമ്പോൾ താൻ സരയു തീരത്ത് നിൽക്കും. എല്ലാവരും പോയ ശേഷം താൻ രാംലല്ലയിൽ എത്തുമെന്നും ഉമ ഭാരതി വ്യക്തമാക്കി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെയും ക്ഷേത്ര ട്രസ്റ്റിനെയും അറിയിച്ചു.
मै भोपाल से आज रवाना होऊंगी । कल शाम अयोध्या पहुँचने तक मेरी किसी संक्रमित व्यक्ति से मुलाकात हो सकती हैं ऐसी स्थिति में जहाँ @narendramodi और सेकडो लोग उपस्थित हो मै उस स्थान से दूरी रखूँगी । तथा @narendramodi और सभी समूह के चले जाने के बाद ही मै रामलला के दर्शन करने पहुँचूँगी।
— Uma Bharti (@umasribharti) August 3, 2020
ബാബരി മസ്ജിദ് പൊളിച്ച കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ബിജെപി നേതാക്കളിൽ ഒരാളാണ് ഉമ ഭാരതി. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കെതിരെയും സമാന കേസുണ്ട്. കേസിൽ ജൂലൈ ആദ്യമാണ് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ ഉമ ഭാരതി ഹാജരായത്. എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരായി.
“എന്റെ ഭാഗം കേൾക്കാൻ കോടതി വിളിപ്പിച്ചിരുന്നു. എന്താണ് സത്യമെന്ന് ഞാൻ കോടതിയെ അറിയിച്ചിട്ടുണ്ട്. വിധി എന്തായിരിക്കുമെന്നത് എനിക്ക് പ്രശ്നമല്ല. എന്നെ തൂക്കിലേറ്റിയാൽ അത് അനുഗ്രഹമായി കരുതും. ഞാൻ ജനിച്ച നാട് അതിൽ സന്തോഷിക്കും” - ഉമാ ഭാരതി പറഞ്ഞു
Adjust Story Font
16

