'മോദിയിൽ നിന്ന് ദക്ഷിണയായി ആഗ്രഹിച്ചത് ഗോവധ നിരോധന നിയമം'
ഭൂമിപൂജക്ക് ശേഷം ലഭിച്ച ദക്ഷിണയിൽ സംതൃപ്തനാണോ എന്ന ചോദ്യത്തോടാണ് അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയുടെ മുഖ്യപൂജാരിയായിരുന്ന പണ്ഡിറ്റ് ഗംഗാധർ പഥക് ഇങ്ങനെ പ്രതികരിച്ചത്..

പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ദക്ഷിണയായി ആഗ്രഹിച്ചത് സമ്പൂർണ ഗോവധ നിരോധന നിയമമാണെന്ന് അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയുടെ മുഖ്യപൂജാരിയായിരുന്ന പണ്ഡിറ്റ് ഗംഗാധർ പഥക്. എന്നാൽ ഈ ആഗ്രഹം പ്രധാനമന്ത്രിയെ അറിയിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിപൂജക്ക് ശേഷം ലഭിച്ച ദക്ഷിണയിൽ സംതൃപ്തനാണോ എന്ന ചോദ്യത്തോടാണ് ഗംഗാധർ പഥക് ഇങ്ങനെ പ്രതികരിച്ചത്.
ക്ഷേത്ര ട്രസ്റ്റ് എനിക്ക് ആവശ്യത്തിലധികം നൽകുന്നുണ്ട്. പ്രധാനമന്ത്രി രാമക്ഷേത്ര ശിലാസ്ഥാപനത്തിന് വന്നതിൽ ഹിന്ദു എന്ന നിലയിൽ ഞാൻ ഏറെ ആവേശഭരിതനാണ്. മതപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ മടി കാണിക്കാത്ത ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹം. അതുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹത്തോട് ഒരു സ്പെഷ്യൽ ദക്ഷിണ ചോദിക്കാനുണ്ടായിരുന്നു. ഇന്ത്യയിൽ ഗോവധം അവസാനിപ്പിക്കാൻ ഒരു സമ്പൂർണ നിയമം കൊണ്ടുവരണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടണമെന്ന് തോന്നി. യോഗി ആദിത്യനാഥ് ഉത്തർ പ്രദേശിൽ നടപ്പിലാക്കിയതുപോലൊരു നിയമം.

എന്നിട്ട് എന്തുകൊണ്ടാണ് സ്പെഷ്യൽ ദക്ഷിണ ആവശ്യപ്പെടാതിരുന്നതെന്ന ചോദ്യത്തിന് ക്ഷേത്ര ട്രസ്റ്റിലെ ചില അംഗങ്ങൾ വിയോജിച്ചതുകൊണ്ടാണെന്ന് പണ്ഡിറ്റ് ഗംഗാധർ പഥക് പ്രതികരിച്ചു. അത്തരമൊരു ദക്ഷിണ ആവശ്യപ്പെട്ടാൽ ഭൂമിപൂജയുടെ പ്രാധാന്യം കുറഞ്ഞുപോകുമെന്ന് അവർ പറഞ്ഞു, 500 വർഷത്തെ പോരാട്ടത്തിനും ത്യാഗങ്ങൾക്കും ശേഷം സംഭവിച്ച ചടങ്ങിന്റെ പ്രസക്തി കുറയ്ക്കാൻ താനും ആഗ്രഹിച്ചില്ലെന്ന് പൂജാരി വിശദീകരിച്ചു.
രാമജന്മഭൂമി പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞെങ്കിൽ മഥുര, കാശി തർക്കവും പരിഹരിക്കാനാവും. താൻ സമയമാകുമ്പോൾ അതേകുറിച്ച് സംസാരിക്കും. ആഗസ്ത് 4ന് രാത്രി 10 മണിക്കാണ് താനാണ് ഭൂമിപൂജ ചടങ്ങുകൾക്ക് നേതൃത്വം നൽകേണ്ടതെന്ന അറിയിപ്പ് ലഭിച്ചത്. ഭഗവാൻ തന്നെ ഈ ചടങ്ങിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. അത് തന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നും പണ്ഡിറ്റ് ഗംഗാധർ പഥക് വ്യക്തമാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

