Quantcast

ലാലു രംഗത്തില്ലാത്ത തെരഞ്ഞെടുപ്പില്‍ തീരമണയാതെ മക്കള്‍

നിതീഷ് കുമാർ ഒരിക്കൽക്കൂടി അധികാരത്തിലേക്ക് നടന്നുകയറുമ്പോൾ ലാലുവിന്റെ മക്കൾ ബിഹാർ രാഷ്ട്രീയത്തിൽ വലിയൊരു ചോദ്യചിഹ്നമാവുകയാണ്.

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-05 05:36:05.0

Published:

11 Nov 2020 8:11 AM GMT

ലാലു രംഗത്തില്ലാത്ത തെരഞ്ഞെടുപ്പില്‍ തീരമണയാതെ മക്കള്‍
X

ബിഹാറിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും തെളിമയോടെ നിൽക്കുന്ന പേര് ഏതെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം: ലാലു പ്രസാദ് യാദവ്. എഴുപതുകളിലെ സോഷ്യലിസ്റ്റ് കൊടുങ്കാറ്റിൽ നിന്ന് രാഷ്ട്രീയ ജീവിതം കരുപ്പിടിപ്പിച്ച ലാലു ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം സൂപ്പർ താരമായിരുന്നു. ബിഹാർ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെന്‍റംഗം തുടങ്ങി അധികാര രാഷ്ട്രീയത്തിന്‍റെ അകത്തളങ്ങളിലും ആൾക്കൂട്ടത്തിന്‍റെ മധ്യത്തിലും ഒരേപോലെ തിളങ്ങിനിന്ന ലാലു, താൻ പങ്കെടുത്ത തെരഞ്ഞെടുപ്പുകളിലെല്ലാം ശ്രദ്ധാകേന്ദ്രവുമായിരുന്നു.

പതിറ്റാണ്ടുകൾക്കു ശേഷമാണ് ബിഹാറിൽ ലാലുവിന് ആക്ടീവ് റോളില്ലാത്ത ഒരു തെരഞ്ഞെടുപ്പ് നടന്നത്. കാലിത്തീറ്റ കുംഭകോണ കേസിൽ അഴികൾക്കു പിന്നിലുള്ള ലാലുവിനു പകരം ഇത്തവണ രാഷ്ട്രീയ ജനതാളിന്‍റെ തെരഞ്ഞെടുപ്പ് രഥമുരുട്ടിയത് ഇളയ മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. കൂട്ടിന് മുതിർന്ന സഹോദരൻ തേജ് പ്രതാപ് യാദവുമുണ്ടായിരുന്നു.

പിതാവിന്‍റെ അസാന്നിധ്യത്തിൽ, സ്വന്തം ശേഷി അടയാളപ്പെടുത്താൻ മക്കൾക്കുള്ള സുവർണാവസരമായിരുന്നു ഇത്തവണ. ഏറെക്കുറെ എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നു താനും. പക്ഷേ, തേജസ്വിക്കും തേജിനും ആ 'ലാലു ടച്ചി'ന്‍റെ ലെഗസി ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. നിതീഷ് കുമാർ ഒരിക്കൽക്കൂടി അധികാരത്തിലേക്ക് നടന്നുകയറുമ്പോൾ ലാലുവിന്‍റെ മക്കൾ ബിഹാർ രാഷ്ട്രീയത്തിൽ വലിയൊരു ചോദ്യചിഹ്നമാവുകയാണ്. 35000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തേജസ്വിയും 21139 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തേജ് പ്രതാപ് യാദവും വിജയക്കൊടി പാറിച്ചെങ്കിലും "ലാലു രംഗത്തുണ്ടായിരുന്നെങ്കില്‍..." എന്ന നെടുവീര്‍പ്പ് ആര്‍.ജെ.ഡിയുടെ ഇടനാഴികളില്‍ ഏറെക്കാലം പ്രതിധ്വനിക്കുമെന്നതുറപ്പ്.

തേജസ്വി: ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്

''നവംബര്‍ 9ന് എന്‍റെ പിറന്നാള്‍, 10ന് നിതീഷിന്‍റെ പടിയിറക്കം' തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം തേജസ്വി യാദവ് ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. രണ്ടും കല്‍പിച്ചായിരുന്നു തേജസ്വി ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. ഒരു ദിവസം തന്നെ 19 റാലികള്‍. പ്രചരണരംഗത്തെ മറ്റ് പാര്‍ട്ടികളെ നിഷ്പ്രഭരാക്കിക്കൊണ്ടായിരുന്നു തേജസ്വിയുടെ മുന്നേറ്റം. പക്ഷെ ഇതെല്ലാം വ്യക്തിപരമായി തേജസ്വിയിലെ നേതാവിന് ഗുണകരമായെങ്കിലും മഹാസഖ്യത്തിന്‍റെ വിജയത്തിന് ഉപകാരപ്രദമായില്ല.

2010ല്‍ രാഷ്ട്രീയ ജനതാ ദളിന്‍റ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ടാണ് ക്രിക്കറ്റ് താരമായ തേജസ്വി യാദവ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അല്ലെങ്കിലും ലാലു പ്രസാദ് യാദവിന്‍റെയും റാബ്‍റി ദേവിയുടെയും മകന്‍ രാഷ്ട്രീയക്കളരിയിലേക്കെത്തുന്നതും ഒരു പുതുമയുള്ള കാര്യമല്ലല്ലോ. പക്ഷെ തേജസ്വിയുടേത് ഒരു തകര്‍പ്പന്‍ എന്‍ട്രിയായിരുന്നു. 2015ല്‍ രാഘോപോരില്‍ നിന്നും ജയിച്ച തേജസ്വി 26ാം വയസില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ച തേജ് പ്രതാപ് യാദവും മന്ത്രിയായി.

ലാലു പ്രസാദ് യാദവിന്‍റെ രാഷ്ട്രീയ പിന്‍ഗാമി ആരെന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായിരുന്നു 2015ലെ തെരഞ്ഞെടുപ്പ്. 2017ല്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും ഐആര്‍സിടിസിയുമായി ബന്ധപ്പെട്ട് തേജസ്വിയ്ക്കും ലാലുവിനും റാബ്‌റിയ്ക്കുമെതിരെ അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിതീഷ് കുമാറും തേജസ്വി യാദവും തമ്മില്‍ നിരന്തരം സ്വരച്ചേര്‍ച്ചകളുണ്ടായി. ഒടുവില്‍ നിതീഷിന്‍റെ രാജിയിലാണ് സംഘര്‍ഷം അവസാനിച്ചത്. തേജസ്വിയുമായി ഉടക്കിയ നിതീഷ് തൊട്ടടുത്ത ദിവസം ബിജെപിയുമായി ചേര്‍ന്ന് വീണ്ടും സര്‍ക്കാരുണ്ടാക്കി. 2018ല്‍ ഡല്‍ഹി ഹൈക്കോടതി തേജസ്വി യാദവിനെ കുറ്റവിമുക്തനാക്കി. 2004ലെ കേസിലാണ് തേജസ്വി യാദവിനെ പ്രതി ചേര്‍ത്തത്. അന്ന് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന തേജസ്വി എങ്ങിനെയാണ് അഴിമതി നടത്തിയതെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

കാലിത്തീറ്റ അഴിമതി കേസില്‍ ലാലു ശിക്ഷിക്കപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ആര്‍ജെഡിയുടെ നേതൃത്വം തേജസ്വി യാദവ് ഏറ്റെടുത്തത്. 2019ലെ പ്രളയ സമയത്തുള്ള പ്രവര്‍ത്തനങ്ങള്‍ തേജസ്വിയുടെ ജനപിന്തുണ വര്‍ദ്ധിപ്പിച്ചു. നിതീഷ് സര്‍ക്കാരിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു തേജസ്വി. പ്രധാധമന്ത്രിയടക്കം തന്‍റെ പ്രസംഗങ്ങളില്‍ ജംഗിള്‍ രാജകുമാരന്‍ എന്ന് വിളിച്ച് വ്യക്തിപരമായി കടന്നാക്രമിച്ചപ്പോഴും പക്വതയോടെ നേരിട്ടുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും മോദിക്കെതിരെ നിരന്തരം ചോദ്യങ്ങളുയര്‍ത്തിക്കൊണ്ടിരുന്നു.

തേജ് പ്രതാപ്; വിവാദങ്ങളുടെ തോഴന്‍

ഹസന്‍പൂരില്‍ നിന്നും മത്സരിച്ച് വിജയിച്ച് ലാലുവിന്‍റെ മൂത്ത മകന്‍ തേജ് പ്രതാപും. 21139 വോട്ടിനാണ് തേജ് വിജയിച്ചത്. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു തേജ് പ്രതാപ്. ആത്മീയതയും അലഞ്ഞു തിരിഞ്ഞു നടക്കാനും ഇഷ്ടപ്പെടുന്ന തേജ് അറിയപ്പെടുന്നതു തന്നെ പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യന്‍ എന്ന് അര്‍ത്ഥം വരുന്ന ' ബേഹ്‍റുപിയ' എന്നാണ്.

തേജസ്വിയെപ്പോലെ അല്ല തേജ്. ഒട്ടും പിടി തരാത്ത പ്രകൃതം. തേജസ്വിയുമായി നിരന്തരം പ്രശ്നം. കഴിഞ്ഞ വര്‍ഷം സഹോദരനുമായി തെറ്റിപ്പിരിഞ്ഞ ലാലു റാബ്രി മോര്‍ച്ച എന്ന പേരില്‍ തേജ് മറ്റൊരു പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഇടക്ക് മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന തേജ് മുടി നീട്ടി വളർത്തി ചുവപ്പ് കുറിയുമണിഞ്ഞ് മഞ്ഞ നിറത്തിലുള്ള വസ്ത്രവുമണിഞ്ഞൊക്കെ പ്രത്യക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

തേജ് പ്രതാപിന്‍റെ വിവാഹവും വിവാഹ മോചനവുമെല്ലാം മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കിയിരുന്നു. 2018 മേയ് 12ന് ആയിരുന്നു ആർജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകൾ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്‍റെ വിവാഹം നടന്നത്. സംസ്ഥാന, കേന്ദ്ര മന്ത്രിമാർ അടക്കമുള്ള നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതിന് മുന്‍പ് തന്നെ തേജ് വിവാഹമോചനം ആവശ്യപ്പെട്ടു. തുടര്‍ന്ന് പിതാവ് ലാലുവിന്‍റെ ആരോഗ്യനില വഷളായി എന്ന കാരണം പറഞ്ഞ് വിവാഹമോചന ഹരജി പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈയിടെ ഭര്‍ത്താവിനെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കി ഐശ്വര്യ രംഗത്തെത്തിയിരുന്നു.

മഹുവ മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എ കൂടിയായ തേജ് ഇക്കുറി ഹസന്‍പൂരില്‍ നിന്നാണ് ജനവിധി തേടിയത്. യാദവരും മുസ്ലിമുകളും ഭൂരിപക്ഷമുള്ള മണ്ഡലമാണ് ഹസന്‍പൂരില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അസംബ്ലിയിലെത്തിയെങ്കിലും അധികാരം ഇനിയുമേറെ അകലെ.

TAGS :

Next Story