Quantcast

അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്: സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഒ.പി പ്രവര്‍ത്തനം നിലച്ചു

കോവിഡ്, മറ്റ് അവശ്യ സര്‍വ്വീസുകള്‍ എന്നിവ പ്രവര്‍ത്തിക്കും. ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ ‍11 ന് രാജഭവന്‍ ധര്‍ണ.

MediaOne Logo

  • Published:

    11 Dec 2020 12:58 PM IST

അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്: സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഒ.പി പ്രവര്‍ത്തനം നിലച്ചു
X

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയതിനെതിരെ രാജ്യവ്യാപകമായി അലോപ്പതി ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നു. ഐ.എം.എയുടെ നേതൃത്വത്തിലുള്ള സമരത്തിന് കെ.ജി.എം.സി.ടി.എ അടക്കമുള്ള വിവിധ സംഘടനകള്‍ പിന്തുണ നല്‍കുന്നുണ്ട്. ഇതോടെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഒപി പ്രവര്‍ത്തനം നിലച്ചു.

കോട്ടയത്തൊഴികെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ രാവിലെ ഒ.പി ടിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ പലയിടത്തും രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെത്തിയില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര കോവിഡ് ചികിത്സകൾക്ക് മുടക്കമുണ്ടായില്ല. സമരത്തിന്‍റെ ഭാഗമായി ഡോക്ടർമാർ രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

കോഴിക്കോട് ചില ഒ.പികളില്‍ പരിശോധന പൂര്‍ണമായും മുടങ്ങിയെങ്കിലും ചില ഒ.പികളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കെത്തി. ദൂരെ നിന്നുമെത്തിയ രോഗികളെയാണ് പരിശോധിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച സര്‍ജറികളും നടത്തുന്നില്ല.

കോട്ടയത്ത്‌ പണിമുടക്ക് അറിയാതെ ഇടുക്കി ആലപ്പുഴ ജില്ലകളിൽ നിന്നടക്കം വന്ന രോഗികൾ ദുരിതത്തിലായി. ഒ.പി ബിൽഡിംഗിന് ഉള്ളിലേക്ക് പോലും രോഗികളെ പ്രവേശിപ്പിച്ചില്ല. ഇതു മൂലം വയസ്സായ രോഗികൾ ഇരിക്കാൻ പോലും ഇടമില്ലാതെ ദുരിതത്തിലായി. മലപ്പുറം ജില്ലയിൽ ഒ.പികൾ പൂർണമായും ബഹിഷ്കരിച്ചു. അടിയന്തര ശാസ്ത്രകിയകളൊഴികെയുള്ള സർജറികളും നടത്തുന്നില്ല

ആയുർവേദ പോസ്റ്റ് ഗ്രാജുവേറ്റുകള്‍ക്ക് വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്‍റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ആയുർവേദ സംഘടനകളുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ് അവര്‍. അതിന്‍റെ ഭാഗമായി ഇന്ന് പരിശോധന സമയം വര്‍ധിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story