ഒരു മണിക്കൂർ സംസാരിച്ചിട്ടും ആളെ മനസ്സിലായില്ല; മാസ്‌കഴിച്ചപ്പോൾ ഞെട്ടി - വിമാനയാത്രയിലെ അനുഭവം പങ്കുവെച്ച് ഷമ മുഹമ്മദ്
"യാത്രയിലെ അവസാന മണിക്കൂറിൽ മാസ്‌ക് ധരിച്ച ഈ മാന്യനുമായി ഞാൻ സംസാരിക്കുകയായിരുന്നു. അവസാനമാണ് ഞാൻ പേര് ചോദിച്ചത്, ശ്രീനാഥ് എന്ന് മറുപടി ലഭിച്ചു..."

വിമാനയാത്രക്കിടെ മുൻ ഇന്ത്യൻ പേസ് ബൗളർ ജവഗൽ ശ്രീനാഥിനെ കണ്ടുമുട്ടിയ രസകരമായ അനുഭവം പങ്കുവെച്ച് കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ്. യാത്രയ്ക്കിടെ അര മണിക്കൂറോളം സംസാരിച്ചിട്ടും തനിക്ക് ആളെ മനസ്സിലായില്ലെന്നും മാസ്‌ക് വെക്കുമ്പോൾ ആളുകൾക്ക് പരസ്പരം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്നും ഷമ ട്വിറ്ററിൽ കുറിച്ചു.
'വിമാനയാത്രയിലെ അവസാന മണിക്കൂറിൽ മാസ്‌ക് ധരിച്ച ഈ മാന്യനുമായി ഞാൻ സംസാരിക്കുകയായിരുന്നു. അവസാനമാണ് ഞാൻ പേര് ചോദിച്ചത്, ശ്രീനാഥ് എന്ന് മറുപടി ലഭിച്ചു. എന്താണ് ചെയ്യുന്നത് എന്നായിരുന്നു എന്റെ അടുത്ത ചോദ്യം. ക്രിക്കറ്റിലാണ് എന്നായിരുന്നു മറുപടി. അപ്പോഴാണ് അത് ആരാണെന്ന് എനിക്കു കത്തിയത്. മാസ്‌ക് ധരിക്കുമ്പോൾ ആരും മറ്റുള്ളവരെ തിരിച്ചറിയുന്നില്ല.'
ഷമ ട്വിറ്ററിൽ കുറിച്ചു. വിമാനനത്തിൽ ശ്രീനാഥിനൊപ്പം ഇരിക്കുന്ന ചിത്രവും അവർ പങ്കുവെച്ചു.
I was in conversation with this gentleman in the last hour of the flight with masks on.Finally I asked him his name & he said Srinath ,then asked him “what to do you do” & he said I am into cricket - that’s when it struck me who he is! With masks on,no one recognizes the other 😀 pic.twitter.com/es8NdUF6fW
— Dr. Shama Mohamed (@drshamamohd) March 29, 2021
രണ്ട് പതിറ്റാണ്ടിലേറെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ജവഗൽ ശ്രീനാഥ് 67 ടെസ്റ്റുകളും 229 ഏകദിന മത്സരങ്ങളും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഓപണിങ് ബൗളറായിരുന്ന താരം ടീമിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് വിരമിക്കാൻ തീരുമാനിച്ചെങ്കിലും ക്യാപ്ടൻ സൗരവ് ഗാംഗുലിയുടെ നിർബന്ധത്തെ തുടർന്ന് 2003 ലോകകപ്പിൽ കളിക്കാൻ സന്നദ്ധനായി. 2003 ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യൻ ബൗളർ ശ്രീനാഥായിരുന്നു. ഇന്ത്യക്കു വേണ്ടി നാല് ഏക ലോകകപ്പ് കളിച്ച ഏക സ്‌പെഷ്യലിസ്റ്റ് ബൗളറും ശ്രീനാഥാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ശേഷം കമന്റേറ്ററായും മാച്ച് റഫറിയായും കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായും ശ്രീനാഥ് പ്രവർത്തിച്ചിട്ടുണ്ട്. ഈയിടെ, ട്വിറ്ററിന് പകരമായി അവതരിപ്പിക്കപ്പെട്ട 'കൂ' ആപ്പിൽ ശ്രീനാഥ് നിക്ഷേപം നടത്തിയിരുന്നു.
Adjust Story Font
16

