Quantcast

എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കണം: രാഹുല്‍ ഗാന്ധി

'വാക്സിനെടുക്കാൻ താത്പര്യമുള്ളവരും വാക്സിൻ അടിയന്തരമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ പരിഹാസ്യമാണ്'

MediaOne Logo

Web Desk

  • Published:

    7 April 2021 2:13 PM GMT

എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കണം: രാഹുല്‍ ഗാന്ധി
X

കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിനെടുക്കാൻ താത്പര്യമുള്ളവരും വാക്സിൻ അടിയന്തരമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ പരിഹാസ്യമാണ്. എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ ഘട്ടംഘട്ടമായാണ് നടക്കുന്നത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. പിന്നാലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കി. ഇപ്പോള്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിൻ എടുക്കാൻ താത്പര്യമുള്ളവർക്കല്ല, അടിയന്തരമായി എടുക്കേണ്ടവർക്കാണ് വാക്സിൻ ലഭ്യമാക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ നിലപാട്. ഈ നിലപാടിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരും എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടര ലക്ഷത്തോട് അടുക്കുകയാണ്. 1,15,736 പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. നവംബർ അഞ്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 630 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കർണാടക ഉൾപ്പെടെ പതിനാറിലധികം സംസ്ഥാനങ്ങളാണ് പ്രതിദിന കണക്കിൽ ഡിസംബറിന് ശേഷം വലിയ വർധന രേഖപ്പെടുത്തിയത്.

രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചും പൊതു സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയും കൂടുതൽ കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് സംസ്ഥാനങ്ങൾ. ഒറ്റക്ക് കാറിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് നിർബന്ധമാണെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ജിംനേഷ്യം, പാർട്ടി ഹാൾ എന്നിവയുടെ പ്രവർത്തനത്തിന് ബംഗളൂരുവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വാക്സിൻ ക്ഷാമം ഇല്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും മഹാരാഷ്ട്രയിൽ പലയിടത്തും മതിയായ ഡോസ് ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. മുൻഗണനാക്രമം അനുസരിച്ച് മാത്രമേ ജൂലൈ വരെ വാക്സിൻ നൽകാനാകൂ എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിദിനം കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമത് എത്തിയതായി കേന്ദ്രം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ നടക്കും.

TAGS :

Next Story