Quantcast

പഞ്ചാബിലും നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു; രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക്, ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ക്രമീകരണം

എല്ലാ നിയന്ത്രണങ്ങളും ഏപ്രില്‍ 30വരെ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. 

MediaOne Logo

Web Desk

  • Published:

    7 April 2021 10:48 AM GMT

പഞ്ചാബിലും നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു; രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക്, ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ക്രമീകരണം
X

കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ പഞ്ചാബില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പഞ്ചാബിലും നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യൂ. ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനിടയാക്കുന്ന രാഷട്രീയ യോഗങ്ങള്‍ വിലക്കുകയും വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുകയും ചെയ്തു. ഇന്‍ഡോര്‍ പരിപാടികളില്‍ 50ല്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ പാടില്ല. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ നൂറു പേര്‍ക്കുവരെ പങ്കെടുക്കാം.

കൂടാതെ, സംസ്ഥാനത്ത് മാസ്ക് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന മുഴുവന്‍ ജീവനക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. നേരത്തെ, പഞ്ചാബിലെ 12 ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. സ്കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തെ അടച്ചിരുന്നു.

അടുത്തിടെ പഞ്ചാബില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധയാലുണ്ടായതാണെന്നാണ് വിലയിരുത്തല്‍. ആശങ്ക വര്‍ധിപ്പിക്കുന്ന ഈ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ അവലംബിക്കുന്നത്.

TAGS :

Next Story