Quantcast

തേജസ്വി സൂര്യയുടെ വിദ്വേഷ പരാമര്‍ശത്തിന് തിരിച്ചടി: 16 മുസ്‍ലിം ജീവനക്കാരെയും തിരിച്ചെടുത്തു

മാനസികമായി തളര്‍ന്നെന്നും തിരികെ ജോലിയില്‍ പ്രവേശിക്കാനില്ലെന്നും അഞ്ച് പേര്‍

MediaOne Logo

Web Desk

  • Published:

    11 May 2021 9:29 AM GMT

തേജസ്വി സൂര്യയുടെ വിദ്വേഷ പരാമര്‍ശത്തിന് തിരിച്ചടി: 16 മുസ്‍ലിം ജീവനക്കാരെയും തിരിച്ചെടുത്തു
X

ഈ കോ​വി​ഡ്​ പ്രതിസന്ധിക്കിടയിലും വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി എംപി തേജസ്വി സൂര്യയ്ക്ക് തിരിച്ചടി. കോവിഡ് കിടക്ക വിതരണം ചെയ്യുന്നതില്‍ തേജസ്വി സൂര്യ അഴിമതി ആരോപിച്ചതോടെയാണ് 16 മുസ്‍ലിം ജീവനക്കാരെ ബംഗളൂരു കോര്‍പറേഷന്‍റെ കോവിഡ് വാര്‍ റൂമില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. ഒരു തെളിവുമില്ലാതെ തേജസ്വി സൂര്യ നടത്തിയ ആരോപണത്തിന് പിന്നാലെ ഈ ജീവനക്കാരെ പൊലീസ് ചോദ്യംചെയ്യുകയുണ്ടായി. തുടര്‍ന്നും തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാരെ കോര്‍പറേഷന്‍ തിരിച്ചെടുത്തത്.

അതേസമയം വിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്നെന്നും തിരികെ ജോലിയില്‍ പ്രവേശിക്കാനില്ലെന്നും അഞ്ച് പേര്‍ അറിയിച്ചതായി ബി.​ബി.​എം.​പി സൗ​ത്ത്​ സോ​ൺ ചീ​ഫ്​ തു​ള​സി മ​ദിനേ​നി പ​റ​ഞ്ഞു. തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് പുറത്താക്കലിലേക്ക് നയിച്ച സംഭവമുണ്ടായത്.

കോവിഡ് രോഗികള്‍ക്കുള്ള ബെഡ് ബുക്കിങില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് വാര്‍ റൂമിലെത്തി ജീവനക്കാരുടെ വിശദാംശങ്ങള്‍ തേജസ്വി സൂര്യ പരിശോധിച്ചത്. ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മിന്നല്‍ സന്ദര്‍ശനം. ഇതിനിടെയായിരുന്നു തേജസ്വി സൂര്യയുടെ വര്‍ഗീയ പരാമര്‍ശം. 'ഏത് ഏജന്‍സിയാണ് ഇവരെയൊക്കെ ജോലിക്കെടുത്തത്? ഇപ്പോള്‍ തന്നെ അവരെ വിളിക്കണം. എനിക്ക് അവരോട് ചോദിക്കണം', എന്ന് തേജസ്വി സൂര്യ മുസ്‍ലിം ജീവനക്കാരുടെ പേര് വായിച്ചുകൊണ്ട് ദേഷ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് ഹജ്ജ് കമ്മിറ്റിയോ മദ്രസാ കമ്മിറ്റിയോ അതോ കോര്‍പറേഷനോ എന്ന് തേജസ്വി സൂര്യ ചോദിച്ചെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തുകയുണ്ടായി. പിന്നാലെ കോവിഡ് വാര്‍ റൂമിലെ തീവ്രവാദികള്‍ ഹിന്ദുക്കള്‍ക്ക് കിടക്ക നിഷേധിക്കുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച്, ജീവനക്കാരുടെ പേരുകള്‍ ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ പൊലീസ് അന്വേഷണമുണ്ടായി. തേജസ്വി സൂര്യ വായിച്ച ലിസ്റ്റിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് എന്തുകൊണ്ട് പൊലീസ് സ്റ്റേഷന്‍ കയറേണ്ടിവന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആശുപത്രി കിടക്കകള്‍ വിതരണം ചെയ്തതിലെ അഴിമതി സംബന്ധിച്ച വിഷയത്തില്‍ നിന്ന് തന്‍റെ ശ്രദ്ധ മാറ്റാന്‍ ഉദ്ദേശിക്കുന്നിലെന്നായിരുന്നു മറുപടി. താന്‍ എന്തിന് മാപ്പ് പറയണം എന്നാണ് തേജസ്വി സൂര്യയുടെ മറുചോദ്യം.

"ഞാൻ പോയി കോവിഡ് വാര്‍ റൂമിലെ ആളുകളോട് സംസാരിച്ചു എന്നത് സത്യമാണ്. ഒരു വര്‍ഗീയ പരാമർശവും ഞാൻ നടത്തിയിട്ടില്ല. പിന്നെ എന്തിന് ക്ഷമ ചോദിക്കണം? ഞാൻ ആരോടും ക്ഷമ ചോദിച്ചിട്ടില്ല. എന്തുകൊണ്ട്, എങ്ങനെ ഈ ആളുകളെ നിയമിച്ചുവെന്നാണ് ഞാന്‍ കോവിഡ് വാര്‍ റൂമിലെത്തി ചോദിച്ചത്". പരാമര്‍ശങ്ങളില്‍ തേജസ്വി സൂര്യ ക്ഷമ ചോദിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഓഫീസ് നിഷേധിച്ചു. വാര്‍ത്ത ഇല്ലാത്തപ്പോള്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നു എന്നാണ് എംപിയുടെ ഓഫീസ് ട്വീറ്റ് ചെയ്തത്.

'ചെയ്യാത്ത കുറ്റത്തിന് നിരപരാധിത്വം തെളിയിക്കേണ്ടിവന്നു'

പുറത്താക്കപ്പെട്ട സമീര്‍ അഹമ്മദ് പറയുന്നത് പൊലീസ് വീട്ടിലെത്തിയാണ് തന്നെ ചോദ്യംചെയ്യാനായി വിളിച്ചുകൊണ്ടുപോയതെന്നാണ്. ഫോണ്‍വാങ്ങി ആരെയെല്ലാം വിളിച്ചിട്ടുണ്ടെന്ന് പരിശോധിച്ചു. പേര് നോക്കി തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ പറഞ്ഞു- "ഞങ്ങള്‍ തീവ്രവാദികളല്ല. ജോലി ചെയ്യുക മാത്രമായിരുന്നു. ചെയ്യാത്ത കുറ്റത്തിന് നിരപരാധിത്വം തെളിയിക്കേണ്ടിവന്നു. ഞങ്ങള്‍ സത്യസന്ധമായി ജോലി ചെയ്യുക മാത്രമാണ് ചെയ്തത്".

TAGS :

Next Story