Quantcast

നാരദ കേസിൽ തൃണമൂൽ നേതാക്കളുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി അർധരാത്രി റദ്ദാക്കി

രണ്ട് മന്ത്രിമാരടക്കം നാല് പേരെയാണ് സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    18 May 2021 4:17 AM GMT

നാരദ കേസിൽ തൃണമൂൽ നേതാക്കളുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി അർധരാത്രി റദ്ദാക്കി
X

നാരദ കൈക്കൂലി കേസിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎമാർക്കും ഇടക്കാല ജാമ്യം അനുവദിച്ച സി ബി ഐ പ്രത്യേക കോടതി ഉത്തരവ് കൊൽക്കത്ത ഹൈ കോടതി സ്റ്റേ ചെയ്തു. ഇതോടെ മന്ത്രിമാരടക്കമുള്ള തൃണമൂൽ നേതാക്കൾ സിബിഐ കസ്റ്റഡിയിൽ തുടരും. കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

രണ്ട് മന്ത്രിമാരടക്കം നാല് പേരെയാണ് സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവരെ വിട്ടു കിട്ടാൻ സമ്മർദ്ദം ചെലുത്തിയ നടപടി നിയമവാഴ്ചയിലുള്ള പൊതുജനത്തിന്‍റെ വിശ്വാസം തകർക്കുന്നതായിരുന്നുവെന്ന് നിരീക്ഷിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷയനായ ബഞ്ചിന്‍റെ നടപടി. വിചാരണ നടപടികൾ മറ്റൊരിടത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹരജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.

നാരദ ന്യൂസ് മാധ്യമ പ്രവർത്തകൻ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നത് ക്യാമറയിൽ പതിഞ്ഞെന്നാണ് കേസ്. മന്ത്രിമാരും എംഎൽഎമാരും അടങ്ങുന്ന കുറ്റാരോപിതർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഗവർണർ പ്രോസിക്യൂഷൻ അനുമതിയും നൽകിയിരുന്നു.

ഇന്നലെ രാവിലെ മന്ത്രിമാരായ ഫിർഹാദ് ഹകീം, സുബ്രദോ മൂഖർജി എംഎൽഎമാരായ മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ മുഖ്യമന്ത്രി മമത ബാനർജി സിബിഐ ഓഫീസിലെത്തി പ്രതിഷേധിച്ചു. വൈകീട്ട് പ്രതികളെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കിയ അന്വേഷണ സംഘം ജുഡിഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ടു. കുറ്റപത്രവും സമർപ്പിച്ചു.

എന്നാൽ പ്രത്യേക കോടതി ജഡ്ജി അനുപം മുഖർജി ഇടക്കാല ജാമ്യം വേണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചു. ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡി തേടാതിരുന്നതിനാലും കോവിഡ് പശ്ചാത്തലത്തിൽ ജയിലുകൾ നിറയരുതെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയുമായിരുന്നു ജാമ്യം അനുവദിച്ചത്.

എന്നാൽ ഇത് ചോദ്യം ചെയ്തും വിചാരണ മറ്റൊരിടത്തേക്ക് മാറ്റണമെന്നും ചൂണ്ടിക്കാട്ടി സിബിഐ സമർപ്പിച്ച ഹരജി അതിവേഗം പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസ് അരിജിത് ബാനർജി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. അറസ്റ്റിലായവരെ വിട്ടു കിട്ടാൻ സമ്മർദ്ദം ചെലുത്തിയ നടപടി നിയമവാഴ്ചയിലുള്ള പൊതുജനത്തിന്‍റെ വിശ്വാസം തകർക്കുന്നതായിരുന്നു. ഈ സാഹചര്യത്തിൽ ഉത്തരവ് സ്റ്റേ ചെയ്യുന്നതാണ് അഭികാമ്യം. അതുവരെ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമെന്നും കോടതി വ്യക്തമാക്കി. കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

TAGS :

Next Story