Quantcast

ഐഷ സുല്‍ത്താനക്കെതിരായ കേസ്; ലക്ഷദ്വീപ് ബി.ജെ.പിയിൽ കൂട്ടരാജി

ബിജെപി ലക്ഷദ്വീപ് സെക്രട്ടറി ഉൾപ്പെടെ 12 പേരാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്

MediaOne Logo

Web Desk

  • Updated:

    2021-06-11 16:55:38.0

Published:

11 Jun 2021 4:38 PM GMT

ഐഷ സുല്‍ത്താനക്കെതിരായ കേസ്; ലക്ഷദ്വീപ് ബി.ജെ.പിയിൽ കൂട്ടരാജി
X

ലക്ഷദ്വീപ് ബി.ജെ.പിയില്‍ വീണ്ടും കൂട്ടരാജി. ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസിലും അഡ്മിനിസ്ട്രേറ്ററുടെ ഏകധിപത്യ നടപടികളിലും പ്രതിഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും രാജിവെച്ചത്. ഐഷ സുല്‍ത്താനയുടെ ജന്മനാടായ ചെത്ത്ലാത്ത് ദ്വീപില്‍ നിന്ന് മാത്രം 12 പേരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബി.ജെ.പി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുൽ ഹമീദ്, സൈഫുള്ള, ജാബിർ സാലിഹത്ത് തുടങ്ങിവരാണ് പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും രാജിവെച്ചത്.

ഐഷക്കെതിരെ പരാതി നല്‍കിയ സംസ്ഥാന പ്രസിഡന്‍റിന്‍റെ ഏകപക്ഷീയമായ നീക്കത്തില്‍ പ്രതിഷേധിച്ചുകൂടിയാണ് കൂട്ടരാജി. ആന്ത്രോത്ത് അഗത്തി ദ്വീപുകളില്‍ നിന്നുള്ള പ്രമുഖരും പാര്‍ട്ടി വിട്ടു. ബിത്ര ദ്വീപ് പ്രസിഡന്‍റ് ഇസ്ഹാഖ് ഹമീദ് പാര്‍ട്ടിയോടുള്ള വിയോജിപ്പ് പരസ്യമാക്കി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിനാണ് ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തത്. അഡ്മിനിസ്ട്രേറ്ററുടെ ഏകധിപത്യ നടപടികളിൽ പ്രതിഷേധിച്ച് നേരത്തെയും ലക്ഷദ്വീപ് ബിജെപിയിൽ നിന്ന് നേതാക്കളും പ്രവർത്തകരും രാജിവെച്ചിരുന്നു. യുവമോർച്ച ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് രാജിവെച്ചത്.

അതേസമയം ഐഷ സുല്‍ത്താനയെ കേസില്‍ കുടുക്കാനായി ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നു. ഗൂഢാലോചനയുടെ ഭാഗമായി ദ്വീപിലെ ബി.ജെ.പി നേതാക്കളും എ.പി അബ്ദുല്ലക്കുട്ടിയും സംസാരിക്കുന്നതിന്‍റെ ഓഡിയോ സന്ദേശങ്ങളാണ് പുറത്തുവന്നത്. ഐഷ സുല്‍ത്താനക്കെതിരായ ഏറ്റവും നല്ല അവസരമാണ് വന്നിരിക്കുന്നതെന്ന് ലക്ഷദ്വീപ് ബി.ജെ.പി വൈസ് പ്രസിഡന്‍റ് കെ.പി മുത്തുക്കോയ അബ്ദുല്ലക്കുട്ടിയോട് പറയുന്നതും വ്യക്തമാണ്. സംഭവത്തിന് നല്ല വാര്‍ത്താ പ്രാധാന്യം ഉണ്ടെന്ന് അബ്ലുല്ലക്കുട്ടിയും ഓഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

''എന്നെ സംബന്ധിച്ചെടുത്തോളം തോന്നുന്നത് അല്ലാഹു നമുക്ക് തന്ന ഒരു അവസരമാണ് എന്നാണ്. ലക്ഷദ്വീപിന്‍റെ സംസ്കാരമെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ കുതിര കയറുന്നത്. എന്താണ് ഈ സംസ്കാരമെന്നും ആരാണ് ഐഷ സുല്‍ത്താനയെന്നും തെളിയിക്കാനുള്ള ഒരു അവസരമാണ് വീണുകിട്ടിയിരിക്കുന്നത്.'' കെപി മുത്തുക്കോയ പറഞ്ഞു.

''നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും കേട്ടോ. അതും കൂടി പരിഗണിക്കണം. ഒരു രണ്ടോ മൂന്നോ വീഡിയോ ഇങ്ങോട്ട് അയച്ചാല്‍ മതി, നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും.'' എപി അബ്ദുല്ലക്കുട്ടി മറുപടി പറഞ്ഞു.

TAGS :

Next Story