രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉറപ്പ്; ഒരുങ്ങിയിരിക്കണമെന്ന് കേന്ദ്ര സർക്കാർ
കേരളത്തിൽ സ്ഥിതി ഗുരുതരം, കോഴിക്കോട്ടെയും എറണാകുളത്തെയും അതിതീവ്ര രോഗവ്യാപനത്തില്‍ കേന്ദ്രം ആശങ്കയറിയിച്ചു

രാജ്യത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മൂന്നാം ഘട്ടത്തിൽ എപ്പോഴാണ് രോഗ വ്യാപനം തീവ്രമാവുകയെന്ന് പ്രവചിക്കാനാവില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ രോഗ വ്യാപനം അതിതീവ്രമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, എന്നിവയാണ് അതീവ ഗുരുതര സ്ഥിതി നിലനിൽക്കുന്ന മറ്റു സംസ്ഥാനങ്ങൾ. ഇവിടങ്ങളിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് ഒന്നരലക്ഷത്തിലധികം ആളുകളാണ്. 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണം. എറണാകുളവും കോഴിക്കോടുമുൾപ്പെടെ രാജ്യത്തെ വിവിധ ജില്ലകളിൽ അതിതീവ്ര വ്യാപനമാണ് സംഭവിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വക്താവ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
മെട്രോ നഗരങ്ങളിൽ ബംഗളൂരുവിലും ചെന്നൈയിലും സ്ഥിതി രൂക്ഷമാണ്. ഒരാഴ്ചക്കിടെ ബംഗളൂരു നഗരത്തിൽ മാത്രം ഒന്നരലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ 38000 പേർക്കാണ് രോഗബാധയുണ്ടായത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 2.4 ശതമാനം വർധനവാണ് ഉണ്ടാകുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസുകളുടെ വ്യാപന രീതി ആദ്യത്തേതിന് സമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള വാക്‌സിനുകൾ കോവിഡ് വകഭേദങ്ങളെ തടയുന്നതിൽ ഫലപ്രദമാണെന്ന് കേന്ദ്രസർക്കാരിന്‍റെ ശാസ്ത്ര ഉപദേശകൻ കെ. വിജയരാഘവൻ പറഞ്ഞു.
Adjust Story Font
16

