കോവിഡ് മുക്തി നിരക്കില്‍ വര്‍ധന; പ്രതിദിന കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്ന് കേന്ദ്രം
377 ജില്ലകളില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. രോഗമുക്തി നിരക്കില്‍ സ്ഥിരതയാര്‍ന്ന വര്‍ധനയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈറസ് വ്യാപനത്തെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നുവെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിലവിലെ രോഗമുക്തി നിരക്ക് 93.1 ശതമാനമാണ്. 377 ജില്ലകളില്‍ നിലവില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്കുള്ളത്. പ്രതിദിനം നൂറിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവില്‍ 257 ജില്ലകളിലാണ് പ്രതിദിനം നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് ഏഴിനെ അപേക്ഷിച്ച് പ്രതിദിന കേവിഡ് രോഗികളില്‍ 68 ശതമാനത്തിന്‍റെ കുറവാണുണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കി.
മുതിര്‍ന്ന പൗരന്മാരില്‍ അറുപത് ശതമാനത്തിലധികം പേരും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ 17.2 കോടി വരുമെന്നും വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയെ ഇന്ത്യ മറികടന്നുവെന്നും നിതി ആയോഗ് അംഗം വി.കെ. പോള്‍ വ്യക്തമാക്കി.
Adjust Story Font
16

