Quantcast

ഓക്സിജന്‍ കിട്ടാതെ ഡല്‍ഹിയില്‍ വീണ്ടും മരണം; നഷ്ടമായത് സ്വന്തം ഡോക്ടറെയെന്ന് ആശുപത്രി

ഓക്സിജന്‍ കിട്ടാതെ മരിച്ചവരില്‍ ഡോക്ടറുമുണ്ടെന്ന് ബത്ര ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    1 May 2021 9:30 AM GMT

ഓക്സിജന്‍ കിട്ടാതെ ഡല്‍ഹിയില്‍ വീണ്ടും മരണം; നഷ്ടമായത് സ്വന്തം ഡോക്ടറെയെന്ന് ആശുപത്രി
X

ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം തുടരുകയാണ്. ഓക്സിജന്‍ കിട്ടാതെ മരിച്ചവരില്‍ ഡോക്ടറുമുണ്ടെന്ന് ബത്ര ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു.

ഇന്ന് ഒന്നര മണിക്കൂറോളം ഓക്സിജനില്ലാതെ വലഞ്ഞെന്നാണ് ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചത്. ആരുടെയും ജീവന്‍ നഷ്ടമായിട്ടില്ലെന്ന് കരുതുന്നുവെന്ന് കോടതി പറഞ്ഞപ്പോള്‍, 'ഞങ്ങള്‍ക്ക് ഞങ്ങളുടെ ഒരു ഡോക്ടറെ ഉള്‍പ്പെടെ നഷ്ടപ്പെട്ടെ'ന്നാണ് ആശുപത്രി അധികൃതര്‍ മറുപടി നല്‍കിയത്. ഇതില്‍ നിന്നെല്ലാം പാഠം പഠിച്ച് ഓക്സിജന്‍ പ്ലാന്‍റ് നിര്‍മിക്കൂ എന്നാണ് കോടതി പറഞ്ഞത്.

ഇപ്പോഴും ഓക്സിജന്‍ ക്ഷാമം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 307 രോഗികളാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ഇവരില്‍ 230 പേര്‍ക്കും മെഡിക്കല്‍ ഓക്സിജന്‍ ആവശ്യമുണ്ട്. രാവിലെ ആറ് മുതല്‍ ഓക്സിജന്‍ എത്തിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

നാല് ലക്ഷം കടന്ന് ഇന്ത്യയില്‍ കോവിഡ്

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി നാല് ലക്ഷം കടന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ലോകത്ത് സ്ഥിരീകരിച്ച പുതിയ കേസുകളിൽ പകുതിയും ഇന്ത്യയിലാണ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം കടുപ്പിക്കുകയാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ. സമ്പർക്ക കേസുകൾ ഒഴിവാക്കാൻ അടിയന്തരമായി ഇന്ത്യ ഒരാഴ്ചത്തേക്ക് അടച്ചിടണമെന്ന് അമേരിക്ക നിർദേശിച്ചു .

അതിനിടെ മൂന്നാം ഘട്ട വാക്സിനേഷന് രാജ്യത്ത് തുടക്കമായി. ആവശ്യമായ ഡോസുകൾ ലഭിക്കാത്തത് കാരണം ഭൂരിഭാഗം സംസ്ഥാനങ്ങളിലും കുത്തിവെപ്പ് ആരംഭിക്കാനായിട്ടില്ല. റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സിന്റെ രണ്ട് ലക്ഷം ഡോസ് ഇന്ന് ഇന്ത്യയിലെത്തും. 50 ലക്ഷം ഡോസ് ജൂണിനകം എത്തിക്കാനാകുമെന്ന് റഷ്യ അറിയിച്ചു. വില ഉൾപ്പെടെയുളള വിഷയങ്ങളിൽ തീരുമാനമായാൽ ഈ മാസം 15 മുതൽ കുത്തിവെപ്പ് ആരംഭിക്കാനാകും.

അതിനിടെ കോവിഷീൽഡും കോവാക്സിനും വിദേശ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കാനുള്ള സാധ്യത കമ്പനികൾ തേടുന്നുണ്ട്. വാക്സിൻ ഉത്പാദിപ്പിക്കാൻ താത്പര്യമുള്ള രാജ്യങ്ങളുമായി സിറം ഇൻസ്റ്റിട്യൂട്ടും ഭാരത് ബയോടെകും ആശയവിനിമയം നടത്തും. കോവിഡ് രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ളവർക്ക് അമേരിക്കയും ആസ്ത്രേലിയയും വിലക്ക് ഏർപ്പെടുത്തി.

TAGS :

Next Story