പി.പി.ഇ കിറ്റിനുള്ളിലെ മണിക്കൂറുകള്‍; ദുരവസ്ഥ വിവരിച്ച് ഡോക്ടറുടെ കുറിപ്പ്
വൈറൽ പോസ്റ്റ് ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളുമാണ് നേടിയത്.

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വലയുകയാണ് ഇന്ത്യ. പ്രതിദിനം മൂന്നുലക്ഷത്തില്‍പരം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിറഞ്ഞു കവിയുന്ന ആശുപത്രികളും അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തതയും ഈ പ്രതിസന്ധിഘട്ടത്തില്‍ ഇരട്ടപ്രഹരമായി നിലകൊള്ളുന്നു. ആരോഗ്യ പ്രവർത്തകർ തുടർച്ചയായ ജോലിത്തിരക്കുകാരണം ആശുപത്രികളിൽ വീർപ്പുമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ പി.പി.ഇ കിറ്റ് ധരിച്ച് പണിയെടുക്കുന്നതിന്‍റെ ദുരവസ്ഥ വിവരിക്കുകയാണ് ഒരു ഡോക്ടര്‍.
ഡോക്ടര്‍ സോഹില്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റാണ് ഈ മാഹാമാരിക്കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന യാതനകള്‍ വീണ്ടും ചര്‍ച്ചയാക്കിയത്. രണ്ട് ചിത്രങ്ങളാണ് ഡോക്ടര്‍ സോഹില്‍ പങ്കുവെച്ചത്. ആദ്യത്തേതിൽ പി.പി.ഇ കിറ്റ് ധരിച്ച സോഹിലിനെ കാണാം. രണ്ടാമത്തേതിൽ വിയർപ്പിൽ കുളിച്ചുനിൽക്കുന്ന സോഹിലിന്‍റെ തന്നെ ചിത്രമാണുള്ളത്. 'രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു'എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ട്വീറ്റിൽ അറ്റാച്ചുചെയ്ത മറ്റൊരു ത്രെഡിൽ ആളുകൾ നിലവിൽ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമാണെന്നും ഡോക്ടർ പറയുന്നുണ്ട്. എല്ലാവരും കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്നും ഇതാണ് ഏക പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
വൈറൽ പോസ്റ്റ് ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളുമാണ് നേടിയത്. വിവരങ്ങൾ പങ്കിട്ടതിന് നിരവധിപേർ ഡോക്ടറെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ആളുകളെ സുഖപ്പെടുത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമായി തുടർച്ചയായി പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും നഴ്‌സുമാർക്കും അനുബന്ധ സ്റ്റാഫുകൾക്കുമുള്ള നന്ദിയറിയിച്ചുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.
Adjust Story Font
16

